നേപ്പാളിൽ രണ്ട് മിഷനറിമാരെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു

ചാരിറ്റിസ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോൾ കോൺഗ്രിഗേഷനിൽ നിന്നുള്ള രണ്ട് കൊറിയൻ മിഷനറിമാരെ നേപ്പാളിൽ അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു. സെപ്റ്റംബർ 14 -ന് രാത്രി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പൊഖാറയിൽ ജോലി ചെയ്തിരുന്ന സി. ജെമ്മ ലൂസിയ കിം, സി. മാർത്ത പാർക്ക് എന്നിവരെയാണ് മതപരിവർത്തന പ്രവർത്തനങ്ങൾ ആരോപിച്ച് ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബർ 27 വരെ ഈ സന്യാസിനിമാർക്ക് ജാമ്യം നിഷേധിച്ചിരുന്നു. അതിനെ തുടർന്ന് അവർ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. “രാജ്യത്തെ കത്തോലിക്കാ സമൂഹം വിധി കേട്ട് ഞെട്ടിയിരിക്കുകയാണ്. ഈ സന്യാസിനിമാർക്ക് ജാമ്യം ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതിയുടെ തീരുമാനം അവർക്ക് എതിരായിരുന്നു,” -നേപ്പാളിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പോൾ സിമി പറഞ്ഞു.

പൊഖാറ ചേരി പ്രദേശത്ത് കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഏറ്റവും ദുർബലരായ ആളുകൾക്ക് ഭക്ഷണം നല്കാനും സഹായം എത്തിക്കാനും ഈ സന്യാസിനിമാർ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. ഭക്ഷണത്തിന് പകരമായി പാവപ്പെട്ടവരെ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരെ ആരോപിക്കുന്ന കുറ്റം.

“മതപരിവർത്തനം സംബന്ധിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും അന്യായവുമാണ്. ഈ ആരോപണം ഈ സന്യാസിനിമാരെ കുറ്റപ്പെടുത്തുന്നവരുടെ അസഹിഷ്ണുത മാത്രമല്ല, പാവപ്പെട്ടവരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും വെളിപ്പെടുത്തുന്നു. കത്തോലിക്കർ എന്ന നിലയിൽ ഞങ്ങൾ നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നില്ല. ഇത്രയും വർഷമായി ഈ സന്യാസിനിമാർ പൂർണ്ണമായും ദരിദ്രർക്കായി സേവനം ചെയ്തുകൊണ്ടാണ് ഇവിടെ സേവനം അനുഷ്ഠിച്ചത്. ഈ സംഭവത്തെ ക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.” -ബിഷപ്പ് പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന് തടവിലായിരുന്ന കുറ്റാരോപിതരായ ഈ സന്യാസിനിമാർ ഒരു പ്രത്യേക പരിഗണനയും ലഭിക്കാതെ മറ്റ് തടവുകാരെപ്പോലെയാണ് ഇപ്പോൾ ജീവിക്കുന്നത്. പ്രായമായ ഈ സന്യാസിനിമാരുടെ ആരോഗ്യത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അവരുടെ അടുത്ത ജാമ്യാപേക്ഷ ഒക്ടോബർ 28 -ന് പരിഗണിക്കും.

കത്തോലിക്കാ സമൂഹം ഈ സംഭവത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണമായാണ് കാണുന്നത്. സാമൂഹ്യസേവനങ്ങൾ, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ മതപരിവർത്തനം ആരോപിച്ചുകൊണ്ട് കുറ്റകരമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.