രണ്ട് സന്ധ്യകൾ!

ഫാ. ബോവസ് മാത്യു

ഫാ. ബോവസ് മാത്യു
ഫാ. ബോവസ് മാത്യു

രണ്ട് സന്ധ്യകളെക്കുറിച്ച് മനസ്സിലോർക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി. സ്ഥലം, റോമിലെ വത്തിക്കാൻ സെൻറ് പീറ്റേഴ്സ് സ്ക്വയർ. രണ്ട് സന്ധ്യയിലും ഒരാൾ തന്നെയാണ് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രം. ലോകമെമ്പാടുമുള്ള 125 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയാചാര്യനും വി. പത്രോസിന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പ! രണ്ട് സന്ധ്യകളുടെയും സമാനതകൾ ഇതു മാത്രമല്ല. മാർച്ചുമാസം റോമിൽ കഠിനമായ തണുപ്പ് മാറിവരുന്ന സമയമാണ്. എങ്കിലും ഏകദേശം 10 ഡിഗ്രിയാണ് തണുപ്പ്. തണുപ്പകറ്റാൻ അത്യാവശ്യം കമ്പിളിവസ്ത്രങ്ങൾ ധരിക്കാതെ സെൻറ് പീറ്റേഴ്സ് സ്ക്വയർ പോലെ വിശാലവും തുറന്നതുമായ ഒരു സ്ഥലത്ത് നിൽക്കുവാൻ സാധിക്കില്ല. രണ്ടു സന്ധ്യകളിലും നേരിയ മഴയുമുണ്ടായിരുന്നു.

2013 മാർച്ച് 13, സന്ധ്യ !

അതായിരുന്നു ആദ്യ സന്ധ്യ! ഓർമ്മ പുതുക്കുവാൻ വീണ്ടും യൂട്യൂബിൽ ഒരിക്കൽക്കൂടി ആ രംഗം കണ്ടു. പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കുവാൻ ലോകമെമ്പാടും വോട്ടവകശമുള്ള 115 കർദ്ദിനാൾമാർ സിസ്റ്റൈൻ ചാപ്പലിൽ സമ്മേളിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്ന് അഭിവന്ദ്യ കർദ്ദിനാൾ ക്ലീമിസ് ബാവാ തിരുമേനിയും കോൺക്ലേവിൽ സംബന്ധിക്കുന്നു. പിതാവിൻ്റെ ആദ്യ കോൺക്ലേവ്; മലങ്കര സഭയുടെയും. കോൺക്ലേവിൽ സംബന്ധിക്കുന്ന 115 പേരിൽ ഏറ്റവും ഇളയ കർദ്ദിനാൾ എന്ന പ്രത്യേകതയും പിതാവിനുണ്ട്.

റോമിലേയ്ക്കു പോകുവാൻ പിതാവ് യാത്രാക്രമീകരണങ്ങൾ ആലോചിച്ചപ്പോൾ കൂടെ ചെല്ലുവാൻ പറഞ്ഞു. അങ്ങനെ ഞാനും വിൽസൻ തട്ടാരുതുണ്ടിലച്ചനും പിതാവിനൊപ്പം റോമിലേയ്ക്കു പോയി. അതുകൊണ്ടാണ് ആദ്യ സന്ധ്യ ജീവനുള്ള ഓർമ്മകളായി മനസ്സിൽ മായാതെ കിടക്കുന്നത്. ആദ്യ ദിവസങ്ങൾ കർദ്ദിനാൾമാർക്ക് പരസ്പരം അറിയുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള പ്രീ കോൺക്ലേവിന്റെ ദിവസങ്ങളായിരുന്നു. ഈ സമയം ഞങ്ങൾ രണ്ടുപേരും അസീസി, വെനീസ്, പാദുവ, ജർമ്മനിയിലെ ചില സ്ഥലങ്ങൾ, ലൂർദ്ദ് എന്നിവിടങ്ങളിൽ പോയി.

മാർച്ച് 12-ന് രാവിലെ കോൺക്ലേവ് ആരംഭിച്ചു. സിസ്റ്റൈൻ ചാപ്പലിന്റെ കവാടങ്ങൾ അടഞ്ഞു. ഇനി അവിടെ നടക്കുന്നതൊന്നും മറ്റാരും അറിയില്ല. കർദ്ദിനാൾമാർ കത്തോലിക്കാ സഭയെ ആരു നയിക്കണമെന്നു തീരുമാനിക്കുന്ന തങ്ങളുടെ വോട്ടവകാശം പ്രാർത്ഥനാപൂർവ്വം നിർവ്വഹിച്ചുതുടങ്ങി. ചാപ്പലിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന പുകക്കുഴലിൽ നിന്നും പുക വരുന്നതു നോക്കി ആളുകൾ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തിരിക്കും. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മാധ്യമങ്ങൾ അവിടെയുണ്ട്. 12-ന് രണ്ടു പ്രാവശ്യം പുകക്കുഴലിൽ നിന്നും പുക വന്നു. കറുത്ത പുക! കാര്യം നടന്നില്ല. എല്ലാവരുടേയും മുഖത്ത് മ്ലാനത. ഓരോ രാജ്യത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് അവർ ശബ്ദമുണ്ടാക്കിയും മുഖത്തിന്റെ ഭാവം മാറ്റിയും അക്ഷമ പ്രകടിപ്പിക്കും.

ഒന്നാം ദിവസം സന്ധ്യക്ക് എല്ലാവരും പിരിഞ്ഞുപോയി. പിറ്റേദിവസവും ഞങ്ങൾ എത്തി. ചാക്കു കൊണ്ട് കുപ്പായം തുന്നി അത് ധരിച്ച് താടിയും മുടിയും നീട്ടിവളർത്തിയ ഒരു മനുഷ്യൻ, ഫ്രാൻസിസ്ക്കൻ സന്യാസികളെ ഓർമ്മിപ്പിക്കുന്ന രൂപം. ചെരുപ്പ് ധരിച്ചിട്ടില്ല. മഴയും തണുപ്പും അവഗണിച്ച് ഒരു വടിയൂന്നി ചത്വരത്തിന്റെ വലതുവശത്ത് മുന്നിലായി മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. അദ്ദേഹം ആരേയും ശ്രദ്ധിക്കുന്നില്ല.

ധാരാളം ആളുകൾ രാവിലെ തന്നെ ചത്വരത്തിൽ എത്തിയിട്ടുണ്ട്. രാവിലത്തെ വോട്ടിംഗ് സെഷനുകൾ കഴിഞ്ഞ് ചിമ്മിനിയിലേയ്ക്ക് കണ്ണുംനട്ട് എല്ലാവരും ഇരിക്കുകയാണ്. നാട്ടിൽ നിന്നും ഒന്നുരണ്ട് ചാനലുകളും മനോരമ പത്രവും നിരന്തരം കാര്യങ്ങൾ തിരക്കുന്നുണ്ട്. ഉച്ചക്കു മുമ്പും കറുത്ത പുക തന്നെയാണ് വന്നത്. നടന്നെത്താവുന്ന ദൂരത്തു തന്നെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. മോൺ. ജോൺസൺ കൈമലയച്ചന്റെ അപ്പാർട്ട്മെന്റിൽ. അവിടെ പോയതിനുശേഷം ഞങ്ങൾ വീണ്ടും സ്ക്വയറിലെത്തി. ഞാനും വിൽസണച്ചനും തൃശൂർ അതിരൂപതക്കു വേണ്ടി പഠിക്കുന്ന പ്രതീഷും, സനലും (ഇപ്പോൾ വൈദികർ) റോമിൽ എന്നും എന്തിനും സഹായമായിട്ടുള്ള ടോമിച്ചേട്ടനും കൂടെയുണ്ട്. രണ്ടുവർഷം അവിടെ ഉണ്ടായിരുന്നതുകൊണ്ട് വഴികളും കടകളുമെല്ലാം എനിക്കു നല്ല നിശ്ചയമായിരുന്നു.

ഒന്നു കറങ്ങി കാപ്പി കുടിച്ചിട്ട് വീണ്ടും സ്ക്വയറിൽ. വെളുത്ത പുക കണ്ടേ അടങ്ങൂ. ആറു മണിക്കു മുമ്പേ നേരം ഇരുട്ടിത്തുടങ്ങി. ചെറിയ മഴ ആരംഭിച്ചു. ചെറിയ ഗ്രൂപ്പുകളായി വന്നവർ ജപമാല ചൊല്ലാൻ തുടങ്ങി. എല്ലാവരും പ്രാർത്ഥിക്കുന്നത് അവരവരുടെ ഭാഷകളിൽ. പക്ഷേ നിയോഗം ഒന്നുതന്നെ. നല്ല പാപ്പായെ കിട്ടണം. ആറരയോടു കൂടി ലൂയിസ് അച്ചൻ മാവേലിക്കര രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിനെയും കൂട്ടിയെത്തി. റോമിൽ പഠിക്കുന്ന മറ്റു വൈദികരുമെത്തി. ഇതിനിടയിൽ ചിമ്മിനിക്കു ചുറ്റും എന്തോ ഒരു പക്ഷി വട്ടമിട്ടു പറക്കുന്നു. അത് പ്രാവാണ്, പരിശുദ്ധാത്മാവാണ് തുടങ്ങി ഭാവനയനുസരിച്ച് അഭിപ്രായം തുടങ്ങി.

കൃത്യം 7 മണി 6 മിനിറ്റ്. സിസ്റ്റൈൻ’ചാപ്പലിന്റെ മുകളിലെ ചിമ്മിനിയിൽ നിന്നും പുക വരാൻ തുടങ്ങി. ആദ്യം ഒരു സംശയം, കറുപ്പോ വെളുപ്പോ, വെളുപ്പ് തന്നെ. ഉറപ്പിച്ചു. കാതടപ്പിക്കുന്ന കരഘോഷം. സ്ക്വയർ ശബ്ദമുഖരിതമായി. എവിടെയും സന്തോഷം, ആഹ്ളാദം അങ്ങേയറ്റം. ഇതിനിടയിൽ ബസിലിക്കായുടെ മുകളിലെ വലിയ മണികൾ മുഴങ്ങാൻ തുടങ്ങി. ജപമാല ചൊല്ലുന്നവർ നിർത്താതെ ചൊല്ലിക്കൊണ്ടിരുന്നു. “ആവേ ഓ മരിയ…!” അല്പസമയത്തിനുള്ളിൽ സ്ക്വയർ ജനസഹസ്രങ്ങളെക്കൊണ്ടു നിറഞ്ഞു. ഒരു ലക്ഷത്തോളം ആളുകൾ. മിക്ക ഗ്രൂപ്പുകളും കൈയ്യിൽ അവരുടെ പതാകകൾ കരുതിയിട്ടുണ്ട്. പുതിയ പാപ്പായെ അഭിവാദ്യമർപ്പിക്കുവാൻ.

“ഹബേമൂസ് പാപ്പാ!” നമുക്കൊരു പാപ്പായെ കിട്ടിയിരിക്കുന്നു. ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനത്തിനായി എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് കാത്തുനിൽക്കുന്ന നിമിഷങ്ങൾ. ഒരുപക്ഷേ, ജീവിതത്തിൽ ലഭിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ നിമിഷം. എല്ലാവരുടെയും കണ്ണുകൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെ തിരശീലയിലേയ്ക്കാണ്. അതൊന്നനങ്ങി. ഇഷ്ടപ്പെട്ട ടീം ഗോളടിക്കുമ്പോൾ സ്റ്റേഡിയമൊന്നാകെ ഇളകി ആവേശഭരിതരാകുന്നതുപോലെ ഒരനുഭവം. കർദ്ദിനാൾ സംഘത്തിലെ മുതിർന്ന അംഗം ജീൻ ലൂയിസ് ത്വരാൻ ബാൽക്കണിയിൽ പ്രത്യക്ഷനായി. കത്തോലിക്കാ സഭയുടെ 266-മത് മാർപാപ്പായുടെ പേര് ലോകത്തോട് പ്രഖ്യാപിക്കുവാനുള്ള ചരിത്രനിയോഗം ഫ്രഞ്ചുകാരനായ ഈ കർദ്ദിനാളിനായിരുന്നു. പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “ഹബേമൂസ് പാപ്പാ!” നീണ്ട കരഘോഷം. അത് തീരുന്നതുവരേയും അദ്ദേഹം പുതിയ പാപ്പായുടെ പേര് പ്രഖ്യാപിക്കുന്നതിനായി കാത്തുനിന്നു. ആകാംഷയുടെ നിമിഷങ്ങൾ.

“എമിനെൻറിസിമും…” പറഞ്ഞതിൽ പകുതി ഞങ്ങൾക്ക് മനസ്സിലായില്ല. ആരവത്തിനിടയിൽ ഗോർഹേ മാരിയോ ബെർഗോളിയോ എന്ന പേര് കൃത്യമായി മനസ്സിലായില്ല. മനസ്സിലായിട്ടും വലിയ കാര്യമൊന്നുമില്ല. കാരണം, ഈ പേര് മുമ്പെങ്ങും കേട്ടിട്ടില്ല. അർജന്റീനയുടെ പതാകയുമായി ഫുട്ബോൾ കളിക്കാരുടെ ആവേശവുമായി കുറച്ചു സിസ്റ്റേഴ്സ്…! പ്രദീഷ് അവരോട് ചോദിച്ചു മനസ്സിലാക്കി. പുതിയ പാപ്പാ അർജന്റീനയിൽ നിന്ന്. ബ്യൂണസ് ഐറിസ് പട്ടണത്തിലെ ആർച്ചുബിഷപ് കർദ്ദിനാൾ ബെർഗോളിയോ. ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കും. ഉടൻ പ്രതീഷ് കൈയ്യിൽ കരുതിയിരുന്ന ലാപ്പ്ടോപ്പിൽ നിന്നും എല്ലാ വിവരങ്ങളും ശേഖരിച്ചു. പുതിയ പാപ്പാ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടാൻ അൽപസമയം ബാക്കി. ആളുകളിൽ ഒരമ്പരപ്പ് വ്യക്തമാണ്. പ്രതീക്ഷിച്ച ആദ്യത്തെ പത്തുപേരിലോ ഇരുപത് പേരിലോ ഇല്ലാത്തയാൾ. ഇറ്റലിക്കാരുടെ മുഖത്ത് വെളുത്ത പുക കണ്ടപ്പോൾ ഉണ്ടായ ആവേശം കുറഞ്ഞുപോയോ എന്നു സംശയം. നാട്ടിലേയ്ക്ക്‌ കൊടുക്കേണ്ട വിവരം പത്രങ്ങൾക്കും ചാനലുകൾക്കും നൽകി. ബാൽക്കണിയുടെ കർട്ടൻ പിന്നെയും ചലിച്ചു. ജനാവലി പിന്നെയും ആവേശത്തിലായി.

പുതിയ മാർപാപ്പ ബാൽക്കണിയിൽ എത്തി. നിലയ്ക്കാത്ത കരഘോഷം., കാതടപ്പിക്കുന്ന ശബ്ദത്തിൽ ആഹ്ളാദാരവം. അല്പനേരം ക്രിസ്തുവിന്റെ വികാരി, വി. പത്രോസിന്റെ 266-മത്തെ പിൻഗാമി, പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിശബ്ദനായി ജനത്തെ നോക്കി പുഞ്ചിരിച്ചു നിന്നു. അതിനുശേഷം പതിഞ്ഞ സ്വരത്തിൽ ആരംഭിച്ചു. സഹോദരീ-സഹോദരന്മാരെ, “ബോനസേരാ” (നല്ല സായാഹ്നം) പിന്നെ ചുരുങ്ങിയ വാക്കുകളിൽ ചെറുപ്രസംഗം. ഒടുവിൽ ജനത്തെ ആശിർവദിക്കുന്നതിനു മുൻപായി അവരുടെ പ്രാർത്ഥനക്കായി പാപ്പാ തലകുനിച്ചു. പരിപൂർണ്ണ നിശബ്ദതയിൽ ജനം തങ്ങളുടെ മഹായിടനായി പ്രാർത്ഥിച്ചു. പാപ്പാ കൈകൾ വീശി ബാൽക്കണിയിൽ നിന്നും പിൻവാങ്ങി. ജനം സ്ക്വയറിന്റെ നാലുദിക്കിലൂടെയും പുറത്തിറങ്ങി. ഞങ്ങളും തിരക്കൊഴിഞ്ഞ റസ്റ്റോറന്റ് തിരക്കി പുറത്തേയ്ക്കുപോയി. എന്തോ മനസ്സിലൊരു സന്തോഷം തോന്നിയില്ല. പുതിയ പാപ്പായെ അത്ര തൃപ്തിയായില്ലെന്നു തോന്നുന്നു. പക്ഷേ, ആ ആശങ്കകളെ അതിവേഗം മാറ്റിമറിക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പായുടെ വാക്കുകളും പ്രവർത്തിയും. വലിയ അഭിമാനം തോന്നും വലിയ ഇടയനെക്കു റിച്ച്.

ഇനി രണ്ടാമത്തെ സന്ധ്യ!

2020 മാർച്ച് 27, വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി. ഇൻഡ്യൻ സമയം രാത്രി 10.30. സെന്റ് പീറ്റേഴ്സ് സ്ക്വയർ ആളും ആരവവും ഇല്ലാതെ ശൂന്യമാണ്. ചെറിയതോതിൽ ഇരുട്ട്, മഴയുമുണ്ട്. തണുപ്പും. സ്ഥിരമായി പാപ്പാ ജനത്തെ അഭിസംബോധന ചെയ്യുന്നിടത്ത് കസേര തയ്യാറാക്കിയിട്ടുണ്ട്. അങ്ങിങ്ങായി കത്തിനിൽക്കുന്ന വിളക്കുകൾ സ്വർഗ്ഗീയപ്രഭയാണ് പകർന്നത്. കൃത്യം 6-ന് പാപ്പാ തന്റെ താമസസ്ഥലത്തു നിന്നും നടന്നുവരുന്നു. ക്ഷീണിതനാണ്. മുഖത്ത്, ഉള്ളിൽ നിറയുന്ന ഹൃദയഭാരം വ്യക്തമാണ്. സഹായത്തിന് പാപ്പായുടെ മാസ്റ്റർ ഓഫ് സെറിമണീസ് മോൺസിഞ്ഞോർ മരീനി ഒപ്പമുണ്ട്. കടലിനെ ശാന്തമാക്കുന്ന കർത്താവിന്റെ വാക്കുകൾ. അതായിരുന്നു സുവിശേഷവായന. പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു. സായാഹ്നത്തെ സ്പർശിച്ചുകൊണ്ടാണ് ആരംഭിച്ചത്. ഭയം തളംകെട്ടി നിൽക്കുന്ന ലോകത്തിന് പ്രത്യാശ പകരുന്നതായിരുന്നു ആ വാക്കുകൾ. എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ? ശിഷ്യന്മാർക്ക് വിശ്വാസമുണ്ട്. പക്ഷേ, അവരുടെ ചോദ്യത്തിൽ നിരാശയുണ്ട്. ഞങ്ങൾ നശിക്കുന്നത് നീ കാണുന്നില്ലേ. നമ്മെക്കാൾ കൂടുതൽ ദൈവം ഈ ലോകത്തെ സ്നേഹിക്കുന്നു. ഇന്ന് നമ്മെ ബാധിച്ചിരിക്കുന്ന ഈ അന്ധകാരം നമ്മുടെ രാജ്യങ്ങളെ, നഗരങ്ങളെ എല്ലാം ബാധിച്ചിരിക്കുന്നു. അസ്വസ്ഥമാക്കുന്ന ഒരു ശൂന്യത. ഇവിടെ ദൈവം ഉറങ്ങുകയല്ല. പൂർണ്ണഹൃദയത്തോടെ നാം ദൈവത്തിങ്കലേയ്ക്കു തിരിയണം.

ലക്ഷകണക്കിന് മനുഷ്യരാണ്, വിശ്വാസികൾ മാത്രമല്ല, വീടുകളിലിരുത്ത് ആ ആത്മീയപിതാവിന്റെ വാക്കുകൾ ശ്രവിച്ചത്. പ്രസംഗം അവസാനിപ്പിച്ച് പാപ്പാ ബസിലിക്കായുടെ പോർച്ചിലേയ്ക്ക് നീങ്ങി. അവിടെ സ്ഥാപിച്ചിരുന്ന അത്ഭുത ക്രൂശിതരൂപത്തിൽ ചുംബിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം വണങ്ങി. തുടർന്ന് ബസിലിക്കയുടെ അകത്ത് കവാടത്തിനരികെ വി. കുർബാനയുടെ മുൻപിൽ നിശബ്ദനായി പ്രാർത്ഥിച്ചു. ഔപചാരിക പ്രാർത്ഥനകൾക്കുശേഷം പരിശുദ്ധ പിതാവ് ദിവ്യകാരുണും ഉയർത്തിപ്പിടിച്ച് പുറത്തേയ്ക്കു നീങ്ങി. റോമാ നഗരത്തെയും ലോകം മുഴുവനേയും ആശിർവദിച്ചു. സ്വർഗ്ഗം ഭൂമിയുടെ മേൽ തുറക്കുന്നു. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്. കൈകൾ നീട്ടി ലോകത്തെ ആശിർവദിക്കുന്നു. “ഭയപ്പെടേണ്ട, ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല”. പ്രത്യാശയുടെ സന്ധ്യ. ഇരുട്ടിന്റെ കനം കുറഞ്ഞിരിക്കുന്നു. ഉള്ളിൽ മഞ്ഞുകണങ്ങൾ അരിച്ചു കയറുന്നതുപോലെ പ്രത്യാശ കയറിവരുന്നു. മനസ്സൊന്നു തണുത്തു. അനേകായിരങ്ങൾ സമാധാനത്തിൽ ഉറങ്ങി!

(കഴിഞ്ഞ ദിവസം ദീപിക പത്രത്തിൻ്റെ ഞായറാഴ്ച്ച പതിപ്പിൽ ടി. ദേവ പ്രസാദ് സാർ എഴുതിയ കുറിപ്പാണ് ഇതെഴുതുവാൻ എനിക്ക് പ്രചോദനമായത്).

ഫാ. ബോവസ് മാത്യു