ക്രിസ്ത്യൻ കൂട്ടുകാർക്കൊപ്പം ഈസ്റ്റർ കുർബാനയിൽ പങ്കെടുത്ത മുസ്ലിം കുട്ടികളും കൊല്ലപ്പെട്ടു

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യാനികളായ കൂട്ടുകാർക്കൊപ്പം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയ രണ്ട് മുസ്ലിം കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെഗോമ്പോ സെന്റ്‌ സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടന്ന സ്ഫോടനത്തിലാണ് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും കൊല്ലപ്പെട്ടത്.

പെണ്‍കുട്ടി, തന്റെ സുഹൃത്തിന്റെ കൂടെയും ആണ്‍കുട്ടി കത്തോലിക്കാ വിശ്വാസിയായ തന്റെ അമ്മയുടെ കൂടെയുമാണ് പള്ളിയില്‍ എത്തിയത്. കുട്ടികളുടെ മൃതസംസ്കാരം കഴിഞ്ഞു. ഈ കുട്ടികള്‍ ശ്രീലങ്കയില്‍ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകമാണെന്നും ഇരുസമൂഹങ്ങളും സൗഹാര്‍ദ്ദപരമായ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണെന്നും ശ്രീലങ്കയിലെ ആളുകള്‍ ചൂണ്ടിക്കാട്ടി.

സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇന്ന് ഭീതിയിലാണ്. എങ്ങും വേര്‍പാടിന്റെ ദുഃഖം മാത്രം. അവരെയൊക്കെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വലയുകയാണ് ശ്രീലങ്കയിലെ ജനങ്ങളെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ വെളിപ്പെടുത്തി.