ഹെയ്തിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട രണ്ട് മിഷനറിമാർ മോചിതരായി

ഹെയ്തിയിൽ കൊള്ളസംഘം തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ 17 അംഗ യുഎസ് മിഷനറി സംഘത്തിലെ രണ്ടു പേരെ മോചിപ്പിച്ചു. ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷനറി സഭയുടെ വെബ്‌സൈറ്റിലെ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 16 -നാണ് പതിനാറ് യുഎസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉൾപ്പെടുന്ന സംഘത്തെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടു പോയത്. അനാഥാലയത്തിൽ നിന്നും താമസസ്ഥലത്തേക്ക് മടങ്ങും വഴിയായിരുന്നു ഇത്. മോചിതരായവരുടെ പേര്, മോചനത്തിന്റെ കാരണം, അവർ ഇപ്പോൾ എവിടെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്തനാവില്ല. രണ്ടു പേരുടെ മോചനത്തിൽ ആഹ്ളാദിക്കുമ്പോഴും പതിനഞ്ചു പേർ കൊള്ളസംഘത്തിന്റെ പിടിയിൽ തന്നെയാണെന്ന് ഓർക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടു പോകുന്നത് ഹെയ്തിയിൽ പതിവായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.