പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ രണ്ട് ക്രിസ്ത്യാനികളെ ജാമ്യത്തിൽ വിട്ടയച്ചു

പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ രണ്ട് ക്രിസ്ത്യൻ നേഴ്‌സുമാരെ ജാമ്യത്തിൽ വിട്ടയച്ചു. സെപ്റ്റംബറിൽ ഇവർ ജയിൽമോചിതരായി. തെഹ്‌രീക്-ഇ-ലബ്ബൈക് പാക്കിസ്ഥാൻ രാഷ്ട്രീയ പാർട്ടി ഉൾപ്പെടെയുള്ള ഇസ്ലാമിസ്റ്റുകളിൽ നിന്നുള്ള തിരിച്ചടി ഒഴിവാക്കാനായി, തീരുമാനം രണ്ട് മാസത്തോളം രഹസ്യമാക്കി വച്ചിരുന്നു. മോണിംഗ് സ്റ്റാർ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സെപ്തംബർ 23 -നാണ് മറിയം ലാലിനും, നവീഷ് അരൂജിനും ഫൈസലാബാദിലെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പാക്കിസ്ഥാനിൽ മതനിന്ദ കുറ്റം ആരോപിക്കപ്പെട്ടവർ സാധാരണയായി വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരാറുണ്ട്. “മതനിന്ദ കേസിൽ സെഷൻസ് കോടതിയുടെ അപൂർവ്വമായ തീരുമാനമാണിത്” – അഭിഭാഷകൻ അതിഫ് ജമിൽ പഗ്ഗൻ വെളിപ്പെടുത്തി. തീവ്രവാദികളുടെ പ്രതികാര നടപടികളെക്കുറിച്ചുള്ള ആശങ്കകൾ കാരണം ജാമ്യ തീരുമാനം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നെന്ന് പഗ്ഗൻ കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒൻപതിന് ഫൈസലാബാദിലെ സിവിൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ക്രിസ്ത്യൻ നഴ്സുമാരായ ലാലും, അരൂജും മതനിന്ദ നടത്തിയെന്ന് ഇസ്ലാമിസ്റ്റുകൾ ആരോപിക്കുകയായിരുന്നു.

ആശുപത്രിയിലെ സീനിയർ നഴ്‌സായ റുഖ്‌സാനയാണ് ഭിത്തിയിലെ പഴയ സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ ലാലിനോട് നിർദ്ദേശിച്ചത്. റുഖ്‌സാനയുടെ നിർദ്ദേശപ്രകാരം ലാൽ ചുമരിൽ തൂക്കിയ സ്റ്റിക്കറുകൾ നീക്കം ചെയ്തു. ലാലിനോട് പക പുലർത്തിയിരുന്ന റുഖ്‌സാന, ലാൽ ചുമരിലെ ഖുറാൻ വാക്യങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ നീക്കി അപമാനിച്ചുവെന്ന് അവകാശപ്പെട്ട് സിവിൽ ആശുപത്രിയിലെ മറ്റ് മുസ്ലീം ജീവനക്കാരെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്ന്, ആശുപത്രിയിലെ മെഡിക്കൽ വാർഡിൽ ഒരു രോഗിയെ പരിചരിക്കുന്നതിനിടെ, ആശുപത്രിയിലെ ഫാർമസിയിലെ ഒരു മുസ്ലീം ജീവനക്കാരൻ വഖാസ്, ലാലിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ലാലിന്റെ കൈക്ക് പരിക്കേറ്റെങ്കിലും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

ലാലിനെതിരായ തെറ്റായ മതനിന്ദ ആരോപണത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹത്തിൽ വ്യാപിക്കുകയും പ്രകോപിതരായ തീവ്ര ഇസ്ലാം വിശ്വാസികൾ സിവിൽ ആശുപത്രിക്ക് പുറത്ത് പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. മതനിന്ദ നടത്തിയതിന് ലാലിനെ അറസ്റ്റ് ചെയ്ത് തൂക്കിക്കൊല്ലണമെന്ന് ജനക്കൂട്ടം ആവശ്യപ്പെട്ടു.

പാക്കിസ്ഥാനിൽ, മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളെ കേസിൽ കുടുക്കുന്നത് വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.