പാക്കിസ്ഥാനിൽ രണ്ട് ക്രിസ്ത്യൻ ശുചീകരണ തൊഴിലാളികൾ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ രണ്ട് ക്രിസ്ത്യൻ ശുചീകരണ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരു അഴുക്കുചാലിലെ വിഷപ്പുകയിൽ നിന്ന് മറ്റൊരു ക്രിസ്ത്യാനിയെ രക്ഷിക്കുന്നതിനിടെയാണ് ഇവർ മരണമടഞ്ഞത്. ഒക്ടോബർ മൂന്നിനു നടന്ന സംഭവം ‘ദി അലബാമ ബാപ്റ്റിസ്റ്റ്’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൈക്കൽ മസിഹിൻ എന്നയാൾ അഴുക്കുചാലിൽ അകപ്പെട്ടപ്പോൾ, ആ ആളെ രക്ഷിക്കാനായി ഫൈസൽ മസിഹിൻ, നദീം മസിഹിൻ എന്നിവരോട് അവരുടെ മുസ്ലീം സൂപ്പർവൈസർ മുഹമ്മദ് ഫാറൂഖ് ഉത്തരവിട്ടു. ബർണബാസ് ഫണ്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, രക്ഷിക്കാൻ ഇറങ്ങിയവർക്ക് സംരക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങളൊന്നും നൽകിയിരുന്നില്ല. അഴുക്കുചാലിൽ നിന്ന് മൈക്കിൾ മസിഹിനെ രക്ഷിച്ചതിനു ശേഷം ശക്തമായ ഒഴുക്കിൽ ഫൈസൽ മസിഹിനും നദീം മസിഹിനും ഒഴുകിപ്പോയി. ഇവരെ രക്ഷിക്കാൻ ഒരു എമർജൻസി ടീമിനെ വിളിച്ചിരുന്നു. എന്നാൽ ഒരു ക്രിസ്ത്യാനിയെ സ്പർശിക്കുന്നത് ആചാരപരമായി അശുദ്ധരാകുമെന്ന് എമർജൻസി ടീം വിശ്വസിച്ചതിനാൽ അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട്, മൃതദേഹങ്ങൾ വീണ്ടെടുക്കാൻ നാലാമത് മറ്റൊരു ക്രിസ്ത്യാനിയെ അഴുക്കുചാലിലേക്ക് അയയ്ക്കുകയാണുണ്ടായത്.

മൈക്കൽ മസിഹിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിഷപ്പുകയുമായി സമ്പർക്കം പുലർത്തിയതിനാൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ  അഭിമുഖീകരിക്കാൻ സാധ്യതയുണ്ട്.

പാക്കിസ്ഥാനിൽ, രാജ്യത്തെ തെരുവ് തൂപ്പുകാർ, ശുചീകരണ തൊഴിലാളികൾ, മലിനജല തൊഴിലാളികൾ എന്നിവരുൾപ്പെടെ 80 % മുതൽ 90 % വരെ ശുചീകരണതൊഴിലാളികൾ ക്രിസ്ത്യാനികളാണ്. പാക്കിസ്ഥാനി ക്രിസ്ത്യാനികൾ രാജ്യത്തെ മൊത്തത്തിലുള്ള ജനസംഖ്യയുടെ 2 % -ത്തിൽ താഴെ മാത്രമേയുള്ളൂ.

ക്രിസ്ത്യൻ ശുചീകരണ തൊഴിലാളികളോടുള്ള വിവേചനം പാക്കിസ്ഥാനിൽ വ്യാപകമാണ്. സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ അവർ പലപ്പോഴും നിർബന്ധിതരാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.