പ്രതിസന്ധികളിൽ ദൈവത്തിലേക്ക് തിരിയാനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ

നമ്മുടെ പ്രശ്നങ്ങളിലേയ്ക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കാതെ ജീവിതത്തിലെ കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലും നാം ദൈവത്തിന്റെ സാന്നിധ്യം തേടണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. കർത്താവിന്റെ അടുക്കലേക്ക് പോയി നമ്മുടെ ആശങ്കകൾ അവന്റെ പക്കൽ കൊടുക്കുന്നതിനു പകരം നമ്മുടെ പ്രശ്നങ്ങളോടു കൂടെ തന്നെയാണോ ജീവിക്കുന്നത്? സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിച്ചേർന്ന വിശ്വാസികളോട് സംസാരിക്കാവേയാണ് പാപ്പാ ഇപ്രകാരം ചോദിച്ചത്. കടലിനെ ഈശോ ശാന്തമാക്കുന്ന വചനഭാഗം വിശദീകരിച്ചു കൊണ്ടാണ് പാപ്പാ സംസാരിച്ചത്.

അവിടുത്തെ ഹൃദയത്തിന്റെ വാതിലിൽ മുട്ടുന്നതിനായി ഒരിക്കലും തളരാതിരിക്കാനുള്ള കൃപയ്ക്കായിട്ടാണ് നാം പ്രാർത്ഥിക്കേണ്ടതെന്ന് പാപ്പാ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ജീവിതത്തിലെ അപ്രതീക്ഷിത തിരമാലകളിൽ ഭയം കൂടാതെ ജീവിക്കുവാൻ നാം കർത്താവിൽ അഭയം പ്രാപിക്കണം. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന കാറ്റുകൾ ഏതൊക്കെയാണ്, നമ്മുടെ ആത്മീയജീവിതത്തെയും മാനസികാരോഗ്യത്തെയും അപകടപ്പെടുത്തുന്ന തരംഗങ്ങൾ എന്തൊക്കെയാണ്, ഇവയെല്ലാം നമുക്ക് യേശുവിനോട് പറയാം – പാപ്പാ പറഞ്ഞു.

നാവികർക്ക് അവരുടെ ദിശ മനസ്സിലാക്കാൻ നക്ഷത്രങ്ങളെ ആവശ്യമുള്ളതുപോലെ നമുക്ക് യേശുവിനെ ആവശ്യമുണ്ട്. നമുക്ക് വേണ്ടത്ര വിശ്വാസമില്ലെന്ന് വിശ്വസിക്കുന്നതിൽ നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്. നമ്മുടെ പ്രതിസന്ധികളിൽ കർത്താവിനോട് നിലവിളിക്കുമ്പോൾ അവനു നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്നും പാപ്പാ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.