സിറിയയ്ക്ക് കുടിവെള്ളം നിഷേധിച്ച് തുർക്കി: യുഎൻ ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ പാത്രിയർക്കീസ്

സിറിയയിലെ ഹാസാക്കയിൽ (Hasakah) നിലനിൽക്കുന്ന ജലപ്രതിസന്ധിയിൽ ഇടപെടാൻ യുഎന്‍ -നോട് ആവശ്യപ്പെട്ട് സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കീസ് മോർ അഫ്രെം രണ്ടാമൻ. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലാണ് പാത്രിയർക്കീസ് യു എൻ ഇടപെടൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

“ജലത്തെ ആയുധമായി ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. ഇത് നിഷ്ഠൂരമായ പ്രവൃത്തിയും അടിസ്ഥാന മനുഷ്യാവകാശ ലംഘനവുമാണ്. എന്നിട്ടും ഈ ക്രൂരതയെക്കുറിച്ച് രാജ്യാന്തരസമൂഹത്തിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഈ ജല-ഉപരോധം തുടരുകയാണെങ്കിൽ ഇതിനെ മനുഷ്യത്വത്തിനെതിരായുള്ള കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് ഉചിതമായിരിക്കും” – ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ മോർ അഫ്രെം രണ്ടാമൻ വ്യക്തമാക്കി.

വടക്കുകിഴക്കൻ സിറിയയിലെ ഹസാക്കയിലെ ജനങ്ങളുടെ കുടിവെള്ളം തടയുന്നതിനുള്ള ക്രൂരമായ ഒരു പദ്ധതി ഓഗസ്റ്റ് പത്തു മുതൽ തുർക്കി ആരംഭിച്ചിരുന്നു. ഹാസാക്ക ഭാഗത്തേയ്ക്കുള്ള പ്രധാന ജലസ്രോതസ് തുർക്കി തടസപ്പെടുത്തി. നിലവിൽ തുർക്കിയുടെയും തുർക്കി പിന്തുണയുള്ള സിറിയൻ ദേശീയസൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള അലൂക്ക് വാട്ടർ സ്റ്റേഷൻ വഴിയാണ് ഇവിടേയ്ക്ക് കുടിവെള്ള വിതരണം നടക്കുന്നത്.

ഒരു മില്യണോളം പൗരന്മാർക്ക് കുടിവെള്ളം നൽകുന്നത് അലൂക്ക് വാട്ടർ സ്റ്റേഷൻ വഴിയാണ്. ഈ വാട്ടർ സ്റ്റേഷനിൽ നിന്ന് സിറിയൻ ഭാഗത്തേയ്ക്കുള്ള വെള്ളം നിർത്തലാക്കുവാൻ തുർക്കി സൈന്യം പതിവായി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതേ തുടർന്ന് കുടിവെള്ളം ഈ ഭാഗത്തേയ്ക്ക് ഒഴുകുന്നത് തടയുകയും ചെയ്തു. പത്തുലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഹാസാക്കയിൽ കുടിവെള്ളത്തിന്റെ ലഭ്യത തടഞ്ഞതുമൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കൂടാതെ, ആയിരക്കണക്കിന് ആളുകൾ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം ഹാസാക്കയിലെ പ്രശ്നങ്ങൾ വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗോസാർട്ടോ എക്സിക്യൂട്ടീവ് കൗൺസിലിന്റെ കോ-ചെയർ പറഞ്ഞു.

അലൂക്ക് വാട്ടർ സ്റ്റേഷൻ അടച്ചിട്ടതിനുശേഷവും തുർക്കി അതിക്രമങ്ങൾ അവസാനിപ്പിച്ചില്ല. ഈ പ്രദേശത്തിന്റെ ഇതര ജലസ്രോതസ്സായ യൂഫ്രട്ടീസ് നദിയുടെ ഒഴുക്ക് തടസപ്പെടുത്തുവാനും തുർക്കി ശ്രമിക്കുന്നു. അതിനായി നദിയിൽ ഡാമുകൾ തുറന്നുവിടാതിരിക്കുക, അടച്ചിടുക തുടങ്ങിയവ ചെയ്യുകയും അതിലൂടെ സിറിയൻ പ്രദേശങ്ങളെ കടുത്ത വരൾച്ചയിലേയ്ക്ക് എത്തിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യത്വരഹിതമായ ഇത്തരം അതിക്രമങ്ങളിൽ ഇടപെടണമെന്നാണ് സിറിയൻ പാത്രിയർക്കീസ് യുഎന്‍ -നോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.