ടക്‌സണ്‍ രൂപതാ മെത്രാന്റെ വസതി ഇനി ഭിന്നശേഷിക്കാരുടെ അഭയഭവനം

അമേരിക്കയിലെ അരിസോണയിലെ ടക്‌സണ്‍ കത്തോലിക്കാ രൂപതാ മെത്രാന്റെ വസതി ഭിന്നശേഷിക്കാരുടെ അഭയഭവനമാക്കി മാറ്റുന്നു. “തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടത്തിന്റെ ആവശ്യമില്ലെന്നും ഒരാള്‍ സംഭാവനയായി നല്‍കിയ ചെറിയ വീട്ടിലേയ്ക്ക് താന്‍ മാറുകയാണെന്നും” ഇമെയില്‍ വഴി രൂപതാധ്യക്ഷനായ എഡ്വാര്‍ഡ് വെയിസന്‍ബര്‍ഗര്‍ ഇടവക ജനങ്ങളെ അറിയച്ചതിനെ തുടര്‍ന്നാണ്, കെട്ടിടം ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ അഭയകേന്ദ്രമായി മാറുന്നത്.

സെന്റ് ജോസഫ് ഹെല്‍ത്ത്‌ കെയര്‍ ഫൗണ്ടേഷന്റെ 1 ലക്ഷത്തോളം വരുന്ന ഗ്രാന്റിനു പുറമേ, സ്വകാര്യവ്യക്തികളുടെ സംഭാവനകളും ഉപയോഗിച്ചാണ് അരമന നവീകരിച്ച് ഭിന്നശേഷിക്കാരെ അധിവസിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നവീകരണം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രൂപതയുടെ അനുബന്ധ സംഘടനയായ സതേണ്‍ അരിസോണയിലെ കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസിനായിരിക്കും അഭയഭവന്റെ നടത്തിപ്പു ചുമതല. അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കിനടത്തുവാന്‍ 24 മണിക്കൂറും സുസജ്ജരായ സ്റ്റാഫ് ലഭ്യമായിരിക്കുമെന്നും കത്തോലിക്കാ കമ്മ്യൂണിറ്റി സര്‍വീസസ് അറിയിച്ചിട്ടുണ്ട്.