വിശ്വസ്തത ജീവിതത്തില്‍ പാലിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ആര്‍ക്കും ഏത് വിഷയത്തിലും വിശ്വസിക്കാന്‍ പറ്റുന്ന വ്യക്തിത്വത്തിനുടമായി നാം മാറണം. വിശാല മനസ്ഥിതിയോടെയുള്ള തുറന്ന സമീപനമെന്നത് വിശ്വസ്തതയുടെ അടയാളമാണ്. അര്‍ത്ഥവും ആശയവും എന്ത് തന്നെയായാലും ഈ സ്വഭാവ ഗുണമുണ്ടാവേണ്ടത് മററുള്ളവരുടെ സ്‌നേഹവും സൗഹൃദവും അനുകമ്പയും പിടിച്ചു പറ്റാന്‍ അനിവാര്യമാണ്. വിശ്വസിക്കാന്‍ കൊള്ളാത്ത ഒരാളുടെ സാമീപ്യം ഒരു വിഷയത്തിലും ആരും ആഗ്രഹിക്കുകയില്ലല്ലോ. വിശ്വസ്തതയെന്ന സ്വഭാവ രീതി നമ്മിലുണര്‍ന്ന് നില്‍ക്കാനുള്ള ചില മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു. അത് കൃത്യമായ രീതിയില്‍ പരിശീലിച്ചാല്‍ വിജയിക്കാന്‍ കഴിയുന്നതാണ്.

1. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുകയും അവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും അതിന് മനസ്സ് തുറന്ന് സ്വാഗതമരുളുകയും ചെയ്യുക.

2. ജീവിതത്തിന്റെ സകല രംഗങ്ങളിലും സന്തോഷസന്താപ ഭേദമന്യേ മറ്റുള്ളവരുമായി പങ്ക് ചേരുക.സുഖങ്ങളിലും ദു:ഖങ്ങളിലും ഒപ്പം നില്‍ക്കുന്നവരെയാണ് എല്ലാവരും ഇഷ്ടപ്പെടുക.ഔദ്യോഗികമെന്നോ അനൗദ്യോഗികമെന്നോ വ്യത്യാസമില്ലാതെയും അറിവ്, പ്രായം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവേചനങ്ങളില്ലാതെയും ഈ സ്വഭാവ ശൈലി പിന്തുടരേണ്ടതുണ്ട്.

3. മറ്റുള്ളവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അതിന് പരിഹാരമാര്‍ഗങ്ങള്‍ കാണാന്‍ തന്നെക്കൊണ്ട് കഴിയും പ്രകാരം ശ്രമം നടത്തുകയും ചെയ്യുക.അവരുടെ വീഴ്ചകളും വൈകല്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യേണ്ടതുമുണ്ട്.

4. നമ്മുടെ നല്ല കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരുടെ അനുമോദനങ്ങളും അഭിനന്ദനങ്ങളും നാം സ്വീകരിക്കുന്ന അതേ രീതിയില്‍ നമ്മുടെ വൈകല്ല്യങ്ങളെയും കുറവുകളെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും തയ്യാറാവുക.

5. മറ്റുള്ളവരെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ സന്തോഷത്തോടെയാകാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.അവരുടെ പ്രവര്‍ത്തനങ്ങളെയും പരിശ്രമങ്ങളെയും മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

6. ഏത് സന്ദര്‍ഭത്തിലും സത്യാംശങ്ങളുയര്‍ത്തിപ്പിടിച്ച് മറ്റുള്ളവരോടൊപ്പം ജീവിക്കുക. സഹായ ഹസ്തങ്ങള്‍ ആവശ്യമാവുന്ന അത്തരം നേരങ്ങളില്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്താന്‍ മുതിരുക.

7. നിലപാടുരൂപീകരണവും ചിന്തകളും ആലോചനകളുമടക്കമുള്ള എല്ലാ തലങ്ങളെയുമറിഞ്ഞ് ജീവിക്കാന്‍ തയ്യാറാവുക.

8. ഓരോരുത്തരോടും ഇടയാളന്മാരില്ലാതെ നേരെ ചൊവ്വെ സമീപിക്കുകയാണ് വേണ്ടത്. ഒരു പ്രശ്‌നം വരുമ്പോള്‍ വിഷയത്തിലേക്ക് നോക്കിയാണ് വിധി പറയേണ്ടത്.വ്യക്തികളെ നോക്കിയാവരുത് നമ്മുടെ നിലപാട് രൂപീകരണങ്ങള്‍.

9. എല്ലാ കാര്യത്തിലും മറ്റുള്ളവരോട് പങ്ക്‌ചേര്‍ന്ന് കൊണ്ട് കാര്യങ്ങള്‍ വഴി നടത്തുക.ഒറ്റപ്പെട്ടുള്ള ജീവിതം ഫലവത്താവുകയില്ല.

10. സ്വന്തം സ്വഭാവം നന്നാക്കിയതിന് ശേഷം മാത്രം മററുള്ളവരെ ഉപദേശിക്കാനും വിമര്‍ശിക്കാനും ഒരുങ്ങുക.