ദൈവത്തിൽ ശരണപ്പെടുക അവനു നമ്മളെ നല്ലതുപോലെ അറിയാം 

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ (25-01-2017) നടന്ന ജനറൽ ഓഡിയൻസിൽ ക്രിസ്തീയ പ്രതീക്ഷയെക്കുറിച്ചുള്ള മതബോധന പരമ്പരയിൽ  ഫ്രാൻസീസ് പാപ്പ സംസാരിക്കുക ആയിരുന്നു.

“ദൈവം എന്തു ചെയ്യണം, നമുക്കു എന്ത് ആവശ്യമുണ്ട് എന്ന് ദൈവത്തെ പഠിപ്പിക്കേണ്ടവരല്ല നമ്മൾ. നമ്മളെക്കാൾ നമ്മൾ എന്തു ചെയ്യണമെന്നു ദൈവത്തിനറിയാം. നമ്മൾ ദൈവത്തിലാശ്രയിക്കണം കാരണം അവന്റെ വഴികളും ചിന്തകളും നമ്മളിൽ നിന്നു വിഭിന്നമാണ്.

പഴയ നിയമത്തിലെ വിശ്വാസ നായികയായ യൂദിത്തിന്റെ ജീവിതമാണ് ഫ്രാൻസീസ് പാപ്പ ഇതിനു ഉദാഹരണമായി ചൂണ്ടി കാണിച്ചത്. ബത്തൂലിയാപ്പട്ടണത്തിലെ ജനങ്ങളെ അസ്സീറിയൻ സൈന്യാധിപൻ ഹോളോഫർണസിന്റെ മുമ്പിൽ കീഴടങ്ങുന്നതിൽ നിന്നു  യൂദിത്ത് പിന്തിരിപ്പിക്കുന്നു. പ്രതീക്ഷിക്കാൻ യാതൊന്നും ഇല്ലാതിരിക്കുമ്പോഴും ബത്തൂലിയാപ്പട്ടണത്തിലെ നേതാക്കൾ അഞ്ചു ദിവസം ദൈവം ഞങ്ങളുടെ സഹായത്തിനു വരും എന്ന പ്രതീക്ഷയിൽ  നിലകൊള്ളുന്നു.   ഈ സന്ദർഭത്തിലാണ് ദുർബലരായ ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാനും  ശത്രുവിനെ കീഴടക്കുന്നതിനുമായി പദ്ധതിയുമായി യൂദിത്തു പ്രത്യക്ഷപ്പെടുന്നത്. ഒരു പ്രവാചകന്റെ ധീരതയോടെ ദൈവമായ കർത്താവിൽ ശരണം പ്രാപിക്കാൻ യൂദിത്ത് ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

“വിവേകമതിയും ധീരയുമായ ഈ സ്ത്രീയുടെ ഉദാഹരണം ദൈവത്തിന്റെ സംരക്ഷണയുടെ തണലിൽ അഭയം പ്രാപിക്കാൻ നമ്മളെ പഠിപ്പിക്കുന്നു. പ്രാർത്ഥനയിലൂടെയും അനുസരണത്തിലൂടെയും ദൈവത്തിന്റെ ഹിതം തിരിച്ചറിയുന്നതിനും അതുവഴി നമ്മുടെ വഴിയിൽ വരുന്ന വെല്ലുവിളികളോടു പ്രതികരിക്കാനും യൂദിത്തിന്റെ മാതൃക നമുക്കു ധൈര്യം നൽകുന്നു.”

“ദൈവത്തിൽ ആശ്രയിക്കുക എന്നാൽ അവന്റെ പദ്ധതികളിൽ യാതൊരു അവകാശബോധമില്ലാതെ പ്രവേശിക്കുക എന്നതാണ്,” പാപ്പാ കൂട്ടിച്ചേർത്തു.

“ഇതു പ്രതീക്ഷയുടെ ഭാഷയാണ് ദൈവത്തിന്റെ വാതിലിൽ മുട്ടുക, നമ്മളെ രക്ഷിക്കാൻ കഴിയുന്ന പിതാവിന്റെ ഹൃദയ വാതിലിൽ “.

“ഈ സ്ത്രീ, ഒരു വിധവ, ആദ്യം മറ്റുള്ളവരുടെ മുമ്പിൽ ഒരു വിപരീത ചിന്ത ഉണർത്തുന്നു, എങ്കിലും അവൾ ധൈര്യവതിയാണ്! അവൾ മുന്നോട്ടു തന്നെ നീങ്ങുന്നു. ഇതാണ് എന്റെ അഭിപ്രായം: സ്ത്രീകൾ പുരുഷൻമാരെക്കാൾ ധൈര്യവതീകളാണ്.” നിറഞ്ഞ കരഘോഷത്തോടെയാണ് ജനങ്ങൾ പാപ്പയുടെ ഈ അഭിപ്രായത്തെ ഏറ്റുവാങ്ങിയത്.

ദൈവം നമ്മുടെ കാര്യത്തിൽ സംശയമില്ലാതെ ഇടപെടും എന്ന ഓർമ്മപ്പെടുത്തലാണ് യൂദിത്ത് ഇസ്രായേൽ ജനത്തിനു നൽകുന്നത് .വിശ്വസിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ ദൈവം അവസാനം രക്ഷിക്കാൻ എത്തുമെന്നു അവൾക്കറിയാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.