പ്രാര്‍ത്ഥനാദിനത്തോട് അനുബന്ധിച്ചു പുതിയ വിശ്വാസ പരിശീലന പദ്ധതിയുമായി ട്രംപ്

ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തോടനുബന്ധിച്ച്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ വിശ്വാസ കാര്യാലയത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ‘ദി വൈറ്റ്ഹൗസ് ഫെയിത്ത് ഓപ്പര്‍ച്ച്യുണിറ്റി ഇനീഷേറ്റീവ്’ എന്ന പേരില്‍ ആരംഭം കുറിച്ച പുതിയ വിഭാഗത്തിനു അനുമതി നല്‍കികൊണ്ട് വ്യാഴാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്.

മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും മത-സാമുദായിക സംഘടനകളുമായി ക്രിയാത്മകമായ സഹകരണം ഉറപ്പുവരുത്തുകയുമാണ് വിശ്വാസ കാര്യാലയത്തിന്റെ സ്ഥാപനത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ലക്ഷ്യം വയ്ക്കുന്നതെന്ന് ഉടമ്പടിയില്‍ വ്യക്തമാക്കുന്നു. റോസ് ഗാര്‍ഡനില്‍ വച്ചു നടന്ന ചടങ്ങില്‍ വാഷിംഗ്ടണ്‍ അതിരൂപതയിലെ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുയേലിനോടും മറ്റു ക്രൈസ്തവ നേതാക്കളോടും വിശ്വാസ കാര്യാലയത്തിന്റെ ലക്ഷ്യങ്ങള്‍, ട്രംപ് പങ്കുവെച്ചു.

മതപരമായ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുകയാണ് ഈ വിശ്വാസ കാര്യാലയത്തിന്റെ ലക്ഷ്യം. ഒപ്പം തന്നെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യം നേടാന്‍ മതപരമായ സന്നദ്ധ സംഘടനകളുമായി, ‘ദി വൈറ്റ്ഹൗസ് ഫെയിത്ത് ഓപ്പര്‍ച്ച്യുണിറ്റി ഇനീഷ്യെറ്റീവ്’, സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

‘നമ്മുടേത് പ്രാര്‍ത്ഥനയാല്‍ പടുത്തുയര്‍ക്കപ്പെട്ട രാജ്യമാണ്. നമ്മുടെ സമൂഹം നിലനില്‍ക്കുന്നത് പ്രാര്‍ത്ഥനയാലാണ്. രാജ്യം നവീകരിക്കപ്പെട്ടത് കഠിനാധ്വാനത്താലും പ്രാര്‍ത്ഥനയാലും ബുദ്ധിവൈഭവത്താലുമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.