സാത്താനെതിരെ പോരാടാനുള്ള നാല് മാര്‍ഗ്ഗങ്ങള്‍

ആത്മാക്കളുടെ രക്ഷ നിര്‍വീര്യമാക്കാന്‍ ഓരോ നിമിഷവും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു നടക്കുന്ന സാത്താന്റെ അടിമത്വത്തിന് കീഴ്-വഴങ്ങുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. പിശാചിനെ അകറ്റിനിര്‍ത്താനും അവന്റെ തിരിച്ചുവരവിനെ തടയുവാനും പര്യാപ്തമായ 4 മാര്‍ഗ്ഗങ്ങളാണ് നാം പരിശോധിക്കുന്നത്. ഇവ പിശാചിനെ അകറ്റിനിര്‍ത്തുമെന്നു മാത്രമല്ല നമ്മുടെ ആത്മാവിനെ സമാധാനത്തിലാക്കുകയും ദൈവകരങ്ങളില്‍ നമ്മെ സുരക്ഷിതരാക്കുകയും ചെയ്യുന്നു. ആ ലളിതമായ നാല് മാര്‍ഗ്ഗങ്ങള്‍ ഇവയാണ്…

1. തുടര്‍ച്ചയായ കുമ്പസാരവും ദിവ്യകാരുണ്യ സ്വീകരണവും

ചെറിയ ചെറിയ പാപങ്ങള്‍ വഴിയാണ് പിശാച് സാധാരണയായി ഒരു വ്യക്തിയിലേക്ക് പ്രവേശിക്കുന്നത്. ദൈവത്തിന്റെ പ്രതിപുരുഷനായ വൈദികനോട് നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുന്നത് പാപകരമായ നമ്മുടെ ജീവിതാവസ്ഥക്ക് ഒരു അവസാനം നല്‍കുകയും അതു പുതിയൊരു ജീവിതം തുടങ്ങാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അനുരഞ്ജനകൂദാശക്ക് സമാനമായി വിശുദ്ധ കുര്‍ബാനക്കും പിശാചിനെ തുരത്തുവാനുള്ള അപാരമായ ശക്തിയുണ്ട്. പൂര്‍ണ്ണമനസ്താപത്തോടെ നടത്തിയ കുമ്പസാരത്തിനു ശേഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് പിശാചിന്റെ സ്വാധീനത്തില്‍ പെടാതിരിക്കുവാനുള്ള വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്. യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമുള്ളിടത്ത് നില്‍ക്കുവാന്‍ പിശാചിന് കഴിയുകയില്ല.

2. അനുദിനം പ്രാര്‍ത്ഥിക്കുക

തുടര്‍ച്ചയായി കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരാള്‍ ദിവസവും പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായ പ്രാര്‍ത്ഥന നടത്തുന്നുവന്‍ ദൈവത്തിനു പ്രിയങ്കരനായി മാറുന്നു. ദൈവവുമായി നിരന്തരം സംവദിക്കുന്ന ഒരുവന്‍ പിശാചിനെ ഭയപ്പെടുകയില്ല. നിരന്തരം ബൈബിള്‍ വായിക്കുക, ജപമാലയും ഇതര പ്രാര്‍ത്ഥനകളും ചൊല്ലുക. തുടര്‍ച്ചയായ പ്രാര്‍ത്ഥന പിശാചിനെ അകറ്റുവാന്‍ ഏറ്റവും ഫലവത്തായ മാര്‍ഗ്ഗമാണ്.

3. ഉപവാസം

ഉപവാസത്തിന്റെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയും ഉപവാസവും കൂടാതെ ചില പൈശാചികശക്തികളെ പുറത്താക്കുവാന്‍ സാധ്യമല്ലന്ന് യേശു തന്റെ ശിഷ്യന്മാരോടു പറയുന്നു. ഏതു തരത്തിലുള്ള ഉപവാസമാണ് നമുക്ക് വേണ്ടത് എന്ന് നാം തന്നെ തിരിച്ചറിയണം. പ്രാര്‍ത്ഥനയോടെ, ത്യാഗത്തോടെ നാം ഉപവാസമനുഷ്ടിക്കുമ്പോള്‍ നമ്മുടെ ജീവിതത്തെ തകര്‍ക്കാന്‍ അന്ധകാരത്തിന്റെ ശക്തികള്‍ക്കു സാധിക്കില്ല.

4. വിശുദ്ധ വസ്തുക്കളുടെ ഉപയോഗം

ദൈനംദിന ജീവിതത്തില്‍ സാത്താനുമായി പൊരുതുവാനും അവന്റെ തിരിച്ചുവരവിനെ തടയുവാനും ഏറ്റവും നല്ലൊരു ആയുധമാണ് വിശുദ്ധ വസ്തുക്കള്‍. വെഞ്ചരിച്ച ജപമാല, വെള്ളം, ഉപ്പ് എന്നിവ വീട്ടില്‍ സൂക്ഷിക്കുക. മാത്രമല്ല, യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ടുപോകുന്നതും വളരെ നല്ലതാണ്. വെന്തിങ്ങം പോലെയുള്ള വിശുദ്ധ വസ്തുക്കള്‍ക്ക് വളരെ വലിയ ശക്തിയുണ്ടെന്നും നാം തിരിച്ചറിയണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.