കുടുംബം എന്ന കൂട്ടായ്മയെ ബലപ്പെടുത്താനുള്ള സുപ്രധാന മാര്‍ഗ്ഗം

തിരക്കിന്റെ ഈ ലോകത്ത് ആര്‍ക്കും പ്രതീക്ഷിക്കുന്നതു പോലുള്ളൊരു പരിഗണനയോ സ്നേഹമോ കുടുംബത്തില്‍ നിന്ന് പോലും ലഭിക്കണമെന്നില്ല. അതുകൊണ്ടാണ് കുട്ടികള്‍ സൈബര്‍ തലത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ചാറ്റിംഗിലൂടെയും മറ്റും ആരംഭിക്കുന്ന സൗഹൃദങ്ങള്‍ ഒടുവില്‍ ദുരുപയോഗിക്കപ്പെടുന്നു. ഇതിനൊരു പരിഹാരം, കുടുംബം എന്ന കൂട്ടായ്മ വളര്‍ത്തിക്കൊണ്ടു വരിക എന്നതു മാത്രമാണ്. എന്തും മാതാപിതാക്കള്‍ക്ക് കുട്ടികളോട് പറയുവാനും കുട്ടികള്‍ക്ക് മാതാപിതാക്കളോടു പറയുവാനും സ്വാതന്ത്ര്യം ഉള്ളിടത്താണ് നല്ല കുടുംബങ്ങള്‍ രൂപപ്പെടുന്നത്. ഇങ്ങനെയുള്ള കുടുംബം വളര്‍ത്തിയെടുക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഏതാനും കാര്യങ്ങള്‍ ചെയ്താല്‍ മതി.

അതില്‍ പ്രധാനപ്പെട്ടതാണ് കുടുംബത്തോടൊത്തായിരിക്കുക എന്നത്. ഇന്ന് നമ്മുടെയൊക്കെ സുപ്രധാന സമയങ്ങള്‍ ടെലിവിഷനോ മൊബൈല്‍ ഫോണോ തട്ടിയെടുക്കുകയാണ്. ആ സമയം തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയണം. കുട്ടികള്‍ക്ക് മാതാപിതാക്കളോട് സംസാരിക്കാനും മാതാപിതാക്കള്‍ക്ക് മക്കളെ കേള്‍ക്കാനും ആ സമയം കഴിയണം. ഒരുമിച്ചിരുന്ന് സംസാരിച്ച് ഒന്നിച്ച് ഭക്ഷണം കഴിക്കുക. അങ്ങനെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചെടുത്താല്‍ 99 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

നമ്മുടെ കുട്ടികളെ ചേര്‍ത്തുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ അവര്‍ നമ്മുടെ കയ്യില്‍ നിന്നും വഴുതിപ്പോകുമെന്ന് തീര്‍ച്ചയാണ്. ഇവിടെ നാം ഓര്‍ക്കേണ്ട പ്രധാന കാര്യം, സ്നേഹമാണ് ഏറ്റവും വലിയ മാജിക് എന്നതാണ്. സ്നേഹം കുടുംബത്തില്‍ നിന്നും ലഭിച്ചാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇല്ലാതാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.