സത്യം മറന്ന വിചാരണകള്‍

ഡോ. സി. തെരേസ് SABS
ഡോ. സി. തെരേസ് SABS

നിറം കെട്ട അന്തിചര്‍ച്ചകളും വിചാരണ നാടകങ്ങളും കൊണ്ട് കൊലവിളി നടത്തുന്ന ചാനല്‍ രാജാക്കന്മാരും അവര്‍ക്കു മുന്നില്‍ സ്വന്തം വിഴുപ്പുഭാണ്ഡങ്ങള്‍ തുറന്നുവച്ച് അതില്‍ അഭിരമിക്കുന്ന മാനസീക വൈകൃതമുള്ളവരും മലയാളനാടിന്റെ സ്വസ്ഥത കെടുത്തുന്നു.

‘Evil Angels’ എന്ന ഓസ്‌ട്രേലിയന്‍ സാഹിത്യകൃതിയിലെ ഒരു സംഭവം കുറിക്കട്ടെ. അപ്പനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം. അവര്‍, ഗ്രാമത്തിലെ അവരുടെ വീട്ടുമുറ്റത്ത് ഇരിക്കുമ്പോള്‍ വീടിനുള്ളില്‍ എന്തോ ഒരു അനക്കം. ഓടി അകത്തെത്തിയപ്പോള്‍ തൊട്ടിലില്‍ കിടന്നിരുന്ന അവരുടെ കുഞ്ഞിനെ കാണാനില്ല. വിവരം അറിഞ്ഞ് ഗ്രാമം മുഴുവന്‍ കുഞ്ഞിനുവേണ്ടി അന്വേഷണം തുടങ്ങി. കണ്ടെത്തിയില്ല. ഏതെങ്കിലും കാട്ടുമൃഗം കൊണ്ടുപോയതാകും എന്ന് അവര്‍ വിചാരിച്ചു. എന്നാല്‍, മൃഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ഒരാള്‍ അവിടെയെത്തി പറഞ്ഞു: ‘ഇത്രയും ഭാരമുള്ള കുഞ്ഞിനെ എടുത്തുകൊണ്ടു പോകാന്‍ പറ്റിയ മൃഗങ്ങള്‍ ഈ പരിസരത്തില്ല.’ മാധ്യമങ്ങള്‍ ചോദിച്ചു: ‘പിന്നെ എന്തു സംഭവിച്ചു?’ അയാള്‍ പറഞ്ഞു: ‘എനിക്കറിയില്ല. നിങ്ങള്‍ ഊഹിച്ചു കൊള്ളുക.’

‘മാനസീക സംഘര്‍ഷം അനുഭവിക്കുന്ന അമ്മ കൊന്നതാണ്’ – ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ‘ഏതോ കള്ളക്കടത്ത് സംഘവുമായി അപ്പന് ബന്ധമുണ്ട്. അയാള്‍ അവര്‍ക്ക് കുഞ്ഞിനെ വിറ്റതാണ്’ – മറ്റൊരു റിപ്പോര്‍ട്ട്. ‘എന്നും ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കായിരുന്നു. വഴക്കടിച്ച് അവരിലൊരാള്‍ കൊന്നതാണ്’ – വേറൊരു റിപ്പോര്‍ട്ട്.

കേസ് കോടതിയിലെത്തി. അവിടെ വച്ച് സമനില തെറ്റിയ അമ്മയുടെ വാക്കുകളില്‍ പിടിച്ച് കോടതി അവരെ ജയിലിലടയ്ക്കാന്‍ ഉത്തരവായി. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുനാള്‍ താഴ്‌വാരത്തു വച്ച് ഒരു വേട്ടസംഘത്തിന് ഒരു കുട്ടിയുടെ ഉടുപ്പ് കിട്ടി. ഏതോ മൃഗം വലിച്ചുകീറി കൊന്നതിന്റെ സകല അടയാളങ്ങളും അവശേഷിപ്പിച്ച ആ ഉടുപ്പ് അവര്‍ കോടതിയില്‍ എത്തിച്ചു. സത്യം മനസിലാക്കിയ കോടതി അമ്മയെ വെറുതെ വിട്ടു. അവര്‍ അനുഭവിച്ച കഠിന നൊമ്പരങ്ങള്‍ക്കും അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ആര് പരിഹാരം ചെയ്യും.

ഇന്ന് ഇത്തരം ഊഹാപോഹങ്ങള്‍ കൊണ്ട് എത്രയോ സമര്‍പ്പിത ജീവിതങ്ങളെയാണ് മാധ്യമലോകം വിചാരണ ചെയ്ത് നൊമ്പരപ്പെടുത്തുന്നത്. സത്യത്തെ വലിച്ചുകീറി വഴിയിലിട്ട് ചവിട്ടിമെതിച്ചു കൊണ്ട് സ്വന്തം തെറ്റുകള്‍ മറവു ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരോട് ഒരു വാക്ക്. ഇത്രയും നാള്‍ മിണ്ടാതിരുന്നത് സ്വരമില്ലാഞ്ഞിട്ടല്ല. ക്ഷമയുടെ പാഠം അഭ്യസിച്ചിട്ടുള്ളതു കൊണ്ടാണ്. എന്നാല്‍, അനേകം ജീവിതങ്ങള്‍ക്ക് ഉതപ്പു നല്‍കിക്കൊണ്ട് സഭയെയും സഭാസംവിധാനങ്ങളെയും ആക്ഷേപിക്കുമ്പോള്‍ നൊമ്പരപ്പെടുന്ന അനേകര്‍ക്കു വേണ്ടിയാണ് വൈകിയെങ്കിലും പ്രതികരിക്കുന്നത്.

ജീവിതത്തിന്റെ സകല സൗഭാഗ്യങ്ങളും നേട്ടങ്ങളും വേണ്ടെന്നുവച്ച് സ്വയം തിരഞ്ഞെടുത്തതാണ് ഈ സന്യാസജീവിതം. ത്യാഗപൂര്‍ണ്ണമായ ഈ ജീവിതം നഷ്ടമല്ലെന്ന് പൂര്‍ണ്ണബോധ്യവുമുണ്ട് ഈ സമര്‍പ്പിതജീവിതങ്ങള്‍ക്ക്. അവര്‍ രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്നു, തങ്ങളുടെ ആരുമല്ലാത്ത അനേകര്‍ക്കു വേണ്ടി.

വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് എയ്ഡ്‌സ് രോഗികളെയും, പതിനായിരക്കണക്കിന് മാനസീക രോഗികളെയും ബുദ്ധിവൈകല്യമുള്ളവരെയും, ലക്ഷക്കണക്കിന് അനാഥരെയും വൃദ്ധമാതാപിതാക്കളെയും ശുശ്രൂഷിച്ച് തങ്ങളുടെ ജീവിതത്തിന്റെ സുഗന്ധം നഷ്ടപ്പെടുത്താതെ ക്രിസ്തുവിന്റെ പരിമളങ്ങളായി ലോകഭൂപടത്തിന് അലങ്കാരമായിരിക്കുമ്പോള്‍ അതിനിടയില്‍ പുഴുക്കുത്ത് വീണ ഏതാനും കുബുദ്ധികളെ കൊണ്ട് സത്യത്തിനു മീതെ നിഴല്‍ വിരിച്ചുകൊണ്ട് റേറ്റിംഗ് കൂട്ടുന്നതു കൊണ്ട് ആത്മാക്കള്‍ രക്ഷപെടുമോ?

‘കുത്തുക’ എന്നത് തേളിന്റെ സ്വഭാവമാണ്. രക്ഷിക്കുക എന്നത് സന്യാസിയുടെ സ്വഭാവവും. കഥ ഓര്‍മ്മിക്കുന്നുണ്ടല്ലോ. മൂല്യം മരിച്ചവരുടെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ ചാനലുകള്‍ക്ക് കൊയ്ത്തുപാട്ടാണ്. സ്വന്തം നഗ്നതയും കാപട്യങ്ങളും വിറ്റ് വയര്‍ നിറയ്ക്കുന്ന ഇക്കൂട്ടര്‍ക്ക് ഇനിയെന്നാണ് സുബോധം ലഭിക്കുക? തങ്ങള്‍ക്കു മുമ്പേ കടന്നുപോയ വിശുദ്ധാത്മാക്കളുടെ സഹനവഴികളെ പുണര്‍ന്ന് ജീവിതം ഭാവാത്മകമാക്കേണ്ടതിനു പകരം, വേണ്ടെന്നു വച്ചതിലേയ്ക്ക് തിരിച്ചുനടക്കാനുള്ള പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ടവര്‍ തങ്ങളെത്തന്നെ വഴിയരികില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് തീര്‍ത്തും ഖേദകരം.

എല്ലാ ജീവിതത്തിലുമുണ്ട് കഷ്ടപ്പാടുകളും സഹനങ്ങളും. കുടുംബത്തിലെ കഷ്ടപ്പാടുകള്‍ക്കു മുന്നില്‍ ജീവിതം രാജി വച്ചിറങ്ങി, ചാനലുകള്‍ക്ക് സ്വന്തം ജീവിതത്തെയും കുടുംബത്തെയും ആരും വിട്ടുകൊടുക്കുന്നില്ല എന്ന സത്യവും നാം മറക്കരുത്. വ്യാജ അജണ്ടകള്‍ക്ക് ആയുസ്സില്ല. സത്യം പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഡോ. സി. തെരേസ് ആലഞ്ചേരി SABS