ഫിലിപ്പീന്‍സിന്റെ സൃഷ്ടിയുടെ കാലം ആഘോഷം ഇങ്ങനെ

സൃഷ്ടിയുടെകാലം (season of creation) ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫിലിപ്പീന്‍സിലെ തഗ്ബിലാരന്‍ രൂപത 60,000 വൃക്ഷത്തൈകള്‍ ഒരു ദിവസംകൊണ്ടു നട്ടു.

സെപ്റ്റംബര്‍ 6 ഞായറാഴ്ചയാണ് ഫിലിപ്പീന്‍സിലെ തഗ്ബിലാരന്‍ രൂപതയിലെ വൈദികരും സന്ന്യസ്തരും അല്‍മായരും യുവജനങ്ങളും കുട്ടികളും ചേര്‍ന്ന് പൊതുഭവനമായ നമ്മുടെ ഭൂമി ഹരിതാഭമാക്കുവാനുള്ള പാപ്പാ ഫ്രാന്‍സിസിന്റെ ആഹ്വാനത്തോട് ആവേശത്തോടെ പ്രതികരിച്ചത്.

പരിസ്ഥിതിയുടെ പച്ചപ്പ് വര്‍ദ്ധിപ്പിക്കുവാന്‍ 60,000 ഫലവൃക്ഷങ്ങളുടെയും വന്‍മരങ്ങളുടെയും തൈകളാണ് അവര്‍ ഒരു ദിവസംകൊണ്ട് നട്ടത്. രൂപത മെത്രാന്‍ ആല്‍ബര്‍ട്ട് ഊയി സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നൂറില്‍ കുറയാതെ പ്രവര്‍ത്തകര്‍ ഓരോ ഇടവയില്‍നിന്നും മുന്നോട്ടു വരികയും, ഓരോരുത്തരും കുറഞ്ഞത് 10 തൈകള്‍ വീതം നടുവാന്‍ സന്നദ്ധരായതിനാലാണ് പദ്ധതി വിജയിച്ചതെന്നു ബിഷപ്പ് ഊയി വ്യക്തമാക്കി.

പരിസ്ഥിതിയെ പരിപാലിക്കുവാനും സൃഷ്ടിയെ സ്‌നേഹിക്കുവാനും ജനങ്ങളെ, പ്രത്യേകിച്ചു യുവജനങ്ങളെ ശീലിപ്പിക്കുവാനാണ് ഈ വമ്പിച്ച വൃക്ഷത്തൈ നടല്‍ പദ്ധതി, സെപ്റ്റംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ നീളുന്ന സൃഷ്ടിയുടെ കാലത്ത് പ്രാവര്‍ത്തികമാക്കിയതെന്ന് രൂപതാ മെത്രാന്‍ ആല്‍ബര്‍ട് ഊയി വെളിപ്പെടുത്തി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കുവാനുള്ള ലോകത്തെ എല്ലാ സഭാകൂട്ടായ്മകളുടെയും സംയുക്ത ആഹ്വാനത്തോടുള്ള ക്രിയാത്മകമായ പ്രതികരണംകൂടിയാണ് ഈ വൃക്ഷത്തൈ നടല്‍.

ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയെ പരിപാലിക്കാന്‍ ഓരോ ക്രൈസ്തവനും പ്രത്യേക കടമയുണ്ടെന്നും, വൃക്ഷങ്ങള്‍ പരിസരത്തിന് ഭംഗിനല്കുക മാത്രമല്ല, വിവിധരീതിയില്‍ അത് ജനങ്ങള്‍ക്കും പ്രകൃതിക്ക് ആകമാനവും ഉപകാരപ്രദമാകുമെന്നും അദ്ദേഹം പങ്കുവച്ചു. വരും തലമുറയില്‍ പ്രകൃതിസനേഹം വളര്‍ത്തുക, അവര്‍ക്ക് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രത്യേക ലക്ഷ്യങ്ങളെന്നും ബിഷപ്പ് ഊയി വിശദമാക്കി.

ഇങ്ങനെ പൊതുമേഖലയിലും വിനോദസഞ്ചാരത്തിന്റെ പ്രവിശ്യകളിലും വന്നുകൂടിയ പ്രകൃതിയുടെ വിനാശവും സമൂഹത്തിന് ഹാനികരമായ കാര്‍ബണ്‍ ഡൈയോക്‌സൈഡ് വാതകത്തിന്റെ അമിത വര്‍ദ്ധനവും ക്രമീകരിക്കാന്‍ തങ്ങളുടെ രൂപതയുടെ ഊദ്യമം താങ്ങാകുമെന്ന പ്രത്യാശയിലാണ് ഈ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ചതെന്നും ബിഷപ്പ് ആല്‍ബര്‍ട്ട് ഊയി മാധ്യമങ്ങളോടു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.