പാരമ്പര്യം ഭാവിയുടെ ഉറപ്പ്: ഫ്രാൻസിസ് പാപ്പാ

പാരമ്പര്യത്തോടുള്ള വിശ്വസ്തത ഫലപ്രദമായ ഭാവി ഉറപ്പാക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. അഗസ്തീനിയൻ സന്യാസികളുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ, പാരമ്പര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ആധുനിക ലോകത്ത് ജീവിക്കാൻ പാരമ്പര്യങ്ങളിൽ നിന്ന് പിന്തിരിയേണ്ടത് അത്യാവശ്യമാണെന്ന് ചിലർ വിശ്വസിക്കുന്നു. ഇതാണ് അവരുടെ നാശത്തിനു കാരണം. പാരമ്പര്യം നമ്മുടെ ഭാവിയെ സുരക്ഷിതവും ശക്തവും ഫലപ്രദവുമാക്കി മാറ്റുകയാണ് ചെയ്യുന്നത്. യഥാർത്ഥ പാരമ്പര്യം ഒരു വൃക്ഷത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും മണ്ണിൽ നിന്ന് വലിച്ചെടുക്കാൻ പാകത്തിൽ ആഴത്തിലേയ്ക്ക് ഇറങ്ങുന്ന വേരിനു തുല്യമാണ് – പാപ്പാ ഓർമ്മിപ്പിച്ചു. ആധുനികമാകാൻ നിങ്ങളുടെ വേരുകളിൽ നിന്ന് ഒരിക്കലും പിന്മാറരുത്. അങ്ങനെ ചെയ്‌താൽ അത് ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണ് – പാപ്പാ ചൂണ്ടിക്കാട്ടി.

വി. അഗസ്റ്റിൻ ആരംഭിച്ച, നിങ്ങളുടെ കാലങ്ങൾ പഴക്കമുള്ള സന്യാസജീവിത പാരമ്പര്യത്തിൽ നിങ്ങളുടെ വേരുകൾ ഒളിച്ചിരിപ്പുണ്ട്. ആ പാരമ്പര്യങ്ങളെ സ്നേഹിക്കുവാനും കൂടുതൽ ആഴത്തിൽ മനസിലാക്കുവാനും നിങ്ങൾക്കു കഴിയണം. ദൈവത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവിടുന്നിലേയ്ക്ക് നമ്മെ ആകർഷിക്കുകയും അവിടുത്തെ വചനത്തിലൂടെ ദൈവത്തോടു വിശ്വാസികളെ ചേർത്തുനിർത്തുകയും ചെയ്ത വിശുദ്ധനാണ് അഗസ്റ്റിൻ. ആ വിശുദ്ധന്റെ ഓർമ്മകൾ നിങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കണം – പാപ്പാ സന്യാസികളോട് ആവശ്യപ്പെട്ടു.