കൊറോണ ബാധിതരെ ശുശ്രൂഷിച്ചു മരണമടഞ്ഞ ഡോക്ടർമാരെ അനുസ്മരിച്ച് കെനിയൻ ബിഷപ്പുമാർ

കൊറോണ പകർച്ചവ്യാധി മൂലം കെനിയയിൽ ധാരാളം ഡോക്ടർമാരും നഴ്‌സുമാരും ആണ് മരണമടഞ്ഞത്. സേവനത്തിന്റെ മഹത്തായ മാതൃക നൽകിക്കൊണ്ട് ജീവൻ വെടിഞ്ഞ ഈ ഡോക്ടർമാർക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും അവരെ അനുസ്മരിക്കുകയും ചെയ്യുകയാണ് കെനിയയിലെ ബിഷപ്പുമാർ. മാർച്ച് മാസം മുതൽ 25 ഡോക്ടർമാർ ആണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്.

നവംബർ മാസം പകുതിയോടെ നാല് ഡോക്ടർമാർ മരണമടഞ്ഞു. അതും 24 മണിക്കൂറിനുള്ളിൽ. 2200 -ഓളം ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചു. കെനിയയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏതാണ്ട് 75,000 -ത്തിന് മുകളിൽ ആണ്. “നിരവധി ജീവനുകൾ ഈ ദിവസങ്ങളിൽ പൊലിയുന്നതിനു നാം സാക്ഷികളായി. അവർക്കായി നമുക്ക് പ്രാർത്ഥിക്കാം.  ലഭ്യമായ വിഭവങ്ങൾക്ക് മുൻ‌ഗണന നൽകാനും ആരോഗ്യസംരക്ഷണ സംവിധാനത്തിന് ആവശ്യമായ സൗകര്യങ്ങൾ എല്ലാം ഒരുക്കുവാനും വേണ്ട നടപടികൾ വേഗത്തിലാക്കുവാൻ ഈ അവസരത്തിൽ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു” – കെനിയൻ മെത്രാൻ സമിതി അറിയിച്ചു.

ആരോഗ്യപ്രവർത്തകര്‍ തീർത്തും ദുസ്സഹമായ സാഹചര്യത്തിൽ ജോലി ചെയ്യുവാൻ നിർബന്ധിതരാകുന്നു. പലപ്പോഴും അവരുടെ ജീവൻ പോലും അപകടത്തിലാണ്. സുരക്ഷാ ഉപകരണങ്ങളോ വസ്ത്രങ്ങളോ  അവർക്കു ലഭിക്കുന്നില്ല. ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ കൂടുതൽ നടപടികൾ ആവശ്യമായ സമയമാണ് ഇതെന്ന് സമിതി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.