ഈശോ കൂടെയുണ്ടോ എങ്കിൽ നിങ്ങൾ അപരാജിതരാകാൻ കാരണമിത്

ഈശോയുടെ തിരുശരീര-രക്തങ്ങളുടെ ഓർമ്മ ആചരിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ വിശുദ്ധ കുര്‍ബാനയിലും നമുക്കുവേണ്ടി മുറിയപ്പെടുന്ന ഈശോ പറയുന്ന ഒരു കാര്യമുണ്ട്. അവിടുന്ന് കൂടെയുണ്ടെങ്കിൽ നാം ശക്തരും അനുഗ്രഹീതരും ആയിരിക്കും എന്ന്. വിശുദ്ധ ഗ്രന്ഥത്തിൽ നിന്നു തന്നെ അതിനുള്ള തെളിവുകൾ നമുക്ക് ലഭിക്കുന്നുമുണ്ട്.

തന്നെക്കൂടാതെ ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും എന്നാൽ തന്റെ സാന്നിധ്യം കൂടെയുണ്ടെങ്കിൽ എന്തും ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമെന്നും ഈശോ ശിഷ്യന്മാരെ പഠിപ്പിച്ചു. അപ്പം വർദ്ധിപ്പിച്ച അവസരത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദൈവവചനം ശ്രവിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് ശിഷ്യന്മാർ ശ്രമിച്ചത്. എന്നാൽ യേശു അവിടെ ഇടപെട്ട് ആയിരക്കണക്കിന് ആളുകൾക്ക് ആവശ്യമായ അപ്പം കൊടുത്തു. ചുരുക്കിപ്പറഞ്ഞാൽ ശിഷ്യന്മാർ തനിയെ ആയിരുന്നുവെങ്കിൽ അവക്കു പോലും കഴിക്കാൻ ഒന്നുമുണ്ടാവുമായിരുന്നില്ല. എന്നാൽ ഈശോയെ സമീപിച്ചു കഴിഞ്ഞപ്പോൾ ആയിരങ്ങളെ തീറ്റിപ്പോറ്റാൻ അവർക്ക് കഴിഞ്ഞു.

ഈശോയുടെ തിരുശരീര-രക്തങ്ങളായി മാറുന്ന ഗോതമ്പപ്പത്തിന്റെയും വീഞ്ഞിന്റെയും കാര്യവും സമാനമാണ്. അനേകമാളുകൾ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ഗോതമ്പപ്പവും വീഞ്ഞും തയ്യാറാവുന്നത് തന്നെ. അതായത് ഈശോയ്ക്കും ആവശ്യം ഒരുമയുള്ള ഒരു സമൂഹത്തെയാണ് – സഭയെയാണ്.

അതുപോലെ തന്നെ ഒന്നിച്ച് പ്രവര്‍ത്തിക്കുക മാത്രം ചെയ്താൽ പോരാ, ദൈവത്തോട് ചേര്‍ന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തന്റെ ശരീരവും രക്തവും തന്നെ നമുക്ക് ഭക്ഷണപാനീയങ്ങളായി നൽകിക്കൊണ്ട് ഈശോ ആവശ്യപ്പെട്ടതും അതു തന്നെയാണ്. അത്രമേൽ അവിടുത്തോട് നാം ചേര്‍ന്ന് നിലകൊള്ളണം എന്ന്. അങ്ങനെയായാൽ കീഴടക്കാനാവാത്ത ശക്തിയായി നാം മാറുകയും ചെയ്യും.