ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഇന്ന് 103 വർഷം 

നവംബർ 11, 1918- 2021

1918 നവംബർ മാസം 11-ാം തീയതി ലോക ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച ആദ്യ മഹാദുരന്തം അവസാനിച്ച ദിവസം. കൃത്യമായി പറഞ്ഞാൽ 1918 നവംബർ മാസം 11-ാം തിയതി 11 മണിക്കാണ് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്. 1918 നവംബർ 11 -ന് ഒന്നാം ലോക മഹായുദ്ധത്തിലെ സഖ്യകക്ഷികളും അവരുടെ എതിരാളിയായ ജർമ്മനിയുമായി ചേർന്നു യുദ്ധവിരാമത്തിനായി ഉടമ്പടി ഒപ്പുവച്ചതോടെയാണു ഒന്നാം ലോകമഹായുദ്ധത്തിനു തിരശീല വീണത്.

ഈ ഉടമ്പടി Armistice of 11 November 1918 എന്നാണ് അറിയപ്പെടുന്നത്. കരാർ ഒപ്പിട്ട സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ Armistice of Compiege (കംബൈൻഗിനിലെ യുദ്ധവിരാമ ഉടമ്പടി) എന്നും ഇതു അറിയപ്പെടുന്നു. 1918 നവംബർ മാസം പതിനൊന്നാം തീയതി പാരീസ് സമയം പതിനൊന്നു മണിക്കാണ് ഈ ഉടമ്പടി പ്രാബല്യത്തിലാകുന്നത്. സംഖ്യ കക്ഷികളുടെ വിജയത്തിന്റെയും ജർമനിയുടെ പൂർണ്ണമായ തോൽവിയുടെയും ബാക്കിപത്രമാണ് ഈ ഉടമ്പടി. എങ്കിലും ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ കീഴടങ്ങലിന്റെ രേഖയല്ലിത്. 1919 ജൂണ്‍ 28 -ന് വെഴ്‌സായ് ഉടമ്പടി പ്രാബല്യത്തില്‍ വന്നതോടെയാണ് യുദ്ധത്തിന് ഔദ്യോഗികമായി വിരാമമായത്. സഖ്യകക്ഷികളുടെ സുപ്രീം കമാൻഡർ, മാർഷൽ ഫെർഡിനാൻഡ് ഫോക്കാണ് ഇതിലെ വ്യവസ്ഥകൾ പ്രധാനമായും എഴുതി ഉണ്ടാക്കിയത്.

ചരിത്രം

ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി പടവെട്ടിയ യുദ്ധമാണ് ഒന്നാം ലോക മഹായുദ്ധം. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും (Allied Powers) ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു (Central Powers) ഇരു ചേരികളിൽ നിലനിന്നത്. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. റഷ്യ സെർബിയയെ പിന്തുണച്ചപ്പോൾ, ജർമ്മനി നേതാവ് കൈസർ വിൽഹെം II (Kaiser Wilhelm II) ഓസ്ട്രിയൻ-ഹങ്കേറിയൻ സംഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു.

1914 ജൂലൈ 29 -ന്, സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡു, ഓസ്ട്രിയ-ഹംഗേറിയൻ സൈന്യം ആക്രമിച്ചു. റഷ്യയും സെർബിയും തിരിച്ചടിച്ചു. ആഗസ്റ്റു മാസം ഒന്നിന് ഫ്രാൻസ്, റഷ്യൻ സഖ്യകക്ഷിയായി. ഫ്രാൻസും ജർമനിയും ആഗസ്റ്റ് മൂന്നിന് യുദ്ധം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3-4 നു ജർമ്മനി ബെൽജിയത്തെ ആക്രമിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൺ ബെൽജിയത്തിന്റെ സഹായത്തിനെത്തി. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു.

ഫ്രാൻസിലെ ദേശീയ അവധി ദിവസമാണ് ഈ ആർമ്മീസ്റ്റിക് ദിനം (Armistice Day). പിന്നീട് പല സഖ്യകക്ഷി രാജ്യങ്ങളിലും ദേശീയ അവധി പ്രഖ്യാപിച്ചു. ജർമ്മനിയിൽ ആർമ്മീസ്റ്റിക് ദിനം ആഘോഷിക്കുന്നില്ല. എന്നാൽ ജർമ്മനിയിലെ ദേശീയ ദു:ഖ ദിനമായ വോൾക്സ്ട്രവർടാഗ് ‘Volkstrauertag’ 1952 മുതൽ ആഗമന കാലം (Advent) ആരംഭിക്കുന്നതിനു രണ്ടാഴ്ച മുമ്പുള്ള ഞായറാഴ്ചയാണ് ആചരിക്കുന്നത്. ഈ വർഷം നവംബർ 14 നാണ് വോൾക്സ്ട്രവർടാഗ്

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.