പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട വിശുദ്ധൻ

വിസിഗോത്തിക്ക് വംശജനായ ഒരു രാജകുമാരനായിരുന്നു ഹെർമെനെഹിൽഡോ. പിതാവായ ദൈവവും പുത്രനായ യേശുക്രിസ്തുവും ഒന്നല്ല രണ്ടാണ് എന്ന് പഠിപ്പിക്കുന്ന ആരിയനിസം എന്ന വിശ്വാസ രീതിയായിരുന്നു അദ്ദേഹമുൾപ്പെടുന്ന രാജകുടുംബം പിന്തുടർന്ന് പോന്നിരുന്നത്. എന്നാൽ ഹെർമെനെഹിൽഡോ വളര്‍ന്നപ്പോള്‍ ആരിയനിസത്തിലെ പാളിച്ചകൾ മനസിലാക്കി. പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അദ്ദേഹം, തീവ്ര ആരിയനിസ്റ്റ് വിശ്വാസിയായിരുന്ന തന്റെ രണ്ടാനമ്മയുടെ കൊടിയ പീഡനങ്ങളാണ് സഹിച്ചത്.

അദ്ദേഹത്തിന്റെ പിതാവായ ലിയോവിഗിൾടോ രാജാവ് ഹിസ്പാനിയയിലെ കത്തോലിക്കരെ പീഡിപ്പിക്കുകയും ചെയ്തു. ഇത് സഹിക്കവയ്യാതെ തന്റെ ക്രൈസ്തവ സഹോദരങ്ങളെ സംരക്ഷിക്കുവാനായി വാളെടുത്ത് യുദ്ധം ചെയ്ത് അധികാരം പിടിച്ചെടുക്കുവാൻ ശ്രമിച്ചു. ഇതിനായി ഹെർമെനെഹിൽഡോ ബൈസന്റൈൻസുമായി സഖ്യം ചേർന്നു. അങ്ങനെ നീണ്ട അഞ്ചു വർഷത്തെ യുദ്ധത്തിന് ശേഷം തന്റെ പിതാവിനാൽ തോൽപ്പിക്കപ്പെട്ട ഹെർമെനെഹിൽഡോ ടറഗോണയിലേക്ക് നാട് കടത്തപ്പെട്ടു. അവിടെ വെച്ച് മതഭ്രാന്തനായ ഒരു ആരിയനിസ്റ്റ് ബിഷപ്പിന്റെ പക്കൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കുവാൻ അദ്ദേഹം വിസമ്മതിച്ചു. പരിശുദ്ധ ത്രിത്വത്തെ വളച്ചൊടിച്ചുകൊണ്ടുള്ള വിശ്വാസ സംഹിതയ്ക്ക് ഹെർമെനെഹിൽഡോ കൂട്ടു നിന്നിരുന്നില്ല. അതിനാൽ തന്നെ കത്തോലിക്കാ വിശ്വാസം ഏറ്റു പറഞ്ഞതിനാൽ അദ്ദേഹത്തെ തലക്കടിച്ച് കൊന്നു കളയുകയാണ് ചെയ്തത്.

പിന്നീട് 586 -ൽ ഹെർമെനെഹിൽഡോയുടെ പിതാവ് ലിയോവിഗിൾഡോ മരണപ്പെടുകയും ഹെർമെനെഹിൽഡോയുടെ സഹോദരനായ റിക്കാർഡോ രാജാവാകുകയും ചെയ്തു. തന്റെ സഹോദരനെപ്പോലെ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട പുതിയ ഭരണാധികാരി സ്‌പെയിനിലെ ജനങ്ങളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു. സ്‌പെയിനിന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള ഒരു വലിയ കാൽവെപ്പായിരുന്നു വിശുദ്ധന്റെയും സഹോദരന്റെയും കത്തോലിക്കാ വിശ്വാസവും രക്ത സാക്ഷിത്വവും.

1585 -ൽ സ്‌പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവ്, സിക്സ്റ്റസ് അഞ്ചാമൻ പാപ്പായോട് ഹെർമെനെഹിൽഡോയുടെ രക്തസാക്ഷിത്വത്തെ ക്രൈസ്തവ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ചേർത്തു വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഹെർമെനെഹിൽഡോയെ 1639 -ൽ വിശുദ്ധനായി പ്രഖ്യാപിച്ചു. ഏപ്രിൽ 13 -നാണ് അദ്ദേഹത്തിന്റെ മരണത്തിരുനാൾ. എന്നാൽ ഒരു നൂറ്റാണ്ടിനു ശേഷം ‘മത പരിവർത്തനത്തിന്റെ രക്തസാക്ഷി’ എന്ന് ഈ വിശുദ്ധൻ അറിയപ്പെടുവാൻ തുടങ്ങി.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.