ഫ്രാൻസിസ് മാർപാപ്പയുടെ എൺപത്തിനാലാം പിറന്നാൾ ഇന്ന്

ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയ്ക്കു ഇന്ന് എൺപ്പത്തിനാലാം പിറന്നാൾ. 1936 ഡിസംബർ മാസം 17-ാം തീയതി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോർജ് മരിയോ ബെർഗോളിയോ ജനിച്ചത്.

അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയിൽവേയിൽ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയിൽ നിന്നും അർജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ മാതാപിതാക്കൾ. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിൻറേത്. 1969 ഡിസംബർ 13-ാം തീയതി ആർച്ച്ബിഷപ്പ് റമോൻ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളിൽ നിന്നുമാണ് ജോർജ് മരിയോ ബെർഗോളിയോ തിരുപ്പട്ടം സ്വീകരിച്ചത്.

1992 മേയ് 20-ാം തീയതി ‘ഫാ. ജോർജ് ബെർഗോളി’യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാൻ, ഔക്ക രൂപതയുടെ മെത്രാൻ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂൺ മൂന്നാം തീയതി ജോർജ് ബെർഗോളി സഹായ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടു. 2013 മാർച്ചിൽ നടന്ന കോൺക്ലേവിൽ സഭാ ചരിത്രത്തിലെ 266-ാമത്തെ മാർപാപ്പയായി അർജന്റീനക്കാരനായ കർദ്ദിനാൾ ജോർജ് മരിയോ ബെർഗോളിയോയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.