ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ വേദനകളിലേയ്ക്ക് കണ്ണുതുറപ്പിച്ച അനുഭവവുമായി ഒരു വൈദികന്‍ 

“ഞങ്ങൾ പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചപ്പോൾ അവർ തിരികെ ചോദിച്ചതും പ്രാർത്ഥനാസഹായം തന്നെയായിരുന്നു; അവർക്ക് നല്ല ‘ബിസിനസ്’ ഉണ്ടാകുവാൻ. പക്ഷേ, ഒരിക്കൽപ്പോലും ഞങ്ങൾക്ക് അവർ പറഞ്ഞ ആവശ്യത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ സാധിക്കില്ലെന്നുള്ള പരമമായ സത്യം ഞങ്ങൾ ഓർമ്മിച്ചു” – അപ്രതീക്ഷിതമായി ട്രാൻസ്ജെൻഡർ സമൂഹത്തിൽ എത്തിയ പ്രോജക്റ്റ് വിഷൻ ഡയറക്ടർ ഫാ. ജോര്‍ജ് കണ്ണന്താനത്തിന്റെ വാക്കുകളാണ് ഇത്. ദൈവത്തിന്റെ നിയോഗം പോലെ തന്റെ ജീവിതത്തിൽ കടന്നുവന്ന ആ വ്യത്യസ്ത കരോൾ സമൂഹത്തിൽ, തീർത്തും അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന്നു വെളിച്ചം പകരുവാനുള്ള നിയോഗമായി മാറിയതിന്റെ അനുഭവങ്ങളെക്കുറിച്ച് ഫാ. ജോര്‍ജ് കണ്ണന്താനം പങ്കുവയ്ക്കുന്നു…

ക്രിസ്തുമസിന് ഒരുക്കമായുള്ള ദിവസങ്ങൾ കടന്നുപോവുകയാണ്. ക്രിസ്തുമസ് കരോളുകൾ പല ഭാഗത്തായി നടക്കുന്നു. അന്നേ ദിവസം, ആ ശനിയാഴ്ച അഞ്ചു മണിയോടു കൂടിയാണ് ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് ഇറങ്ങിയത്. ഒരുപാട് പ്രത്യേകതകളുള്ള കുറച്ചാളുകളുടെ കൂടെയായിരുന്നു ആഘോഷം. ബാംഗ്ലൂർ അതിരൂപതാ മന്ദിരത്തിൽ വച്ച് ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷപരിപാടിയായിരുന്നു അത്. പിന്നീട് ഫോണിൽ നോക്കിയപ്പോഴാണ് വിനോദിന്റെ ഏഴു മിസ്സ്ഡ് കോളുകൾ കാണുന്നത്. ഒരു ക്രിസ്തുമസ് കരോളിൽ സംബന്ധിക്കുവാനുള്ള വളരെ ശക്തമായ ഓർമ്മപ്പെടുത്തലായിരുന്നു ഈ മിസ്സ്ഡ് കോളുകളുടെ എണ്ണം.

എന്റെ മറ്റു തിരക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പലവട്ടം അതിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ഞാൻ ശ്രമിച്ചെങ്കിലും വിനോദിന്റെ സ്നേഹപൂർവ്വകമായ നിർബന്ധത്തെ എനിക്ക് എഴുതിത്തള്ളാനായില്ല എന്നതായിരുന്നു സത്യം. 2001-ലായിരുന്നു ഞാൻ അവസാനമായി ഒരു ക്രിസ്തുമസ് കരോളിൽ പങ്കെടുത്തത്; അതും ഒരു ഇടവകയുടെ വികാരി ആയിരുന്നപ്പോൾ. എന്നാൽ ഈ കരോൾ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒന്നാണെന്നായിരുന്നു വിനോദിന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചത്. എന്തോ ചില നിഗൂഢരഹസ്യങ്ങൾ വിനോദിന്റെ ഒരോ വാക്കുകളിലും മറഞ്ഞുകിടക്കുന്നതായിട്ട് എനിക്ക് തോന്നിയെങ്കിലും ഞാൻ കൂടുതലൊന്നും അതിനെക്കുറിച്ച് ചിന്തിക്കുവാൻ മുതിർന്നില്ല.

രാത്രി ഏഴു മണിയോടെ അങ്ങനെ ഞാൻ ബാംഗ്ലൂരിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ യശ്വന്ത്പൂരിൽ എത്തിച്ചേർന്നു. ഒരു ഇരുണ്ട മുറിയിലേയ്ക്ക് വിനോദ് എന്നെ കൂട്ടിക്കൊണ്ടു പോയി. വെളിച്ചം നന്നേ കുറവായിരുന്നെങ്കിലും ചുറ്റിനും ഒരുപാട് സ്ത്രീകൾ ഇരിക്കുന്നതാണ് ഞാൻ കണ്ടത്. പല നിറത്തിലും രൂപത്തിലുമുള്ള സ്ത്രീകൾ! അവരെല്ലാം ട്രാൻസ്‍ജെൻഡറുകളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പെട്ടന്നാണ് അതൊരു വേശ്യാലയമാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായത്. പുറത്ത് തണുപ്പായിരുന്നെങ്കിലും പെട്ടന്നുതന്നെ മനസ്സിൽ ഒരു തീച്ചൂള ആളിക്കത്തി. 40 വർഷമായി ബാംഗ്ലൂരിൽ ഉണ്ടായിരുന്നിട്ടും ഒരിക്കൽപ്പോലും ഞാന്‍ ഒരു ട്രാൻസ്ജെൻഡറിനെ കണ്ടിട്ടില്ലായിരുന്നു. വിനോദ് എന്നെ അവർക്ക് പരിചയപ്പെടുത്തി. “ഇത് ഫാദർ ജോർജ്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് രണ്ടു തവണ ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നത് ഇദ്ദേഹം തന്ന ഭക്ഷണകിറ്റുകളാണ്‌.”

വിനോദ് പറഞ്ഞത് കേട്ടുകഴിഞ്ഞപ്പോൾ തന്നെ അവരുടെ മുഖം തിളങ്ങുന്നത് ആ ഇരുണ്ട വെളിച്ചത്തിൽ പോലും എനിക്ക് കാണുവാൻ സാധിച്ചു. അവർ എനിക്ക് നന്ദി പറയുവാൻ വേണ്ടി എന്റെ അടുക്കലേയ്ക്കു വന്നു. ചിലർ എന്റെ കാൽക്കൽ വീണു. അവരുടെ കണ്ണുകളിൽ തെളിഞ്ഞുനിന്ന കൃതജ്ഞതയുടെ പ്രകാശം എന്നിൽ കൂടുതൽ ഉത്തരവാദിത്വബോധം ഉണ്ടാക്കി. അവരിൽ ഒരാൾ എന്നോട് പറഞ്ഞു: “ആ കാലഘട്ടത്തെ എങ്ങനെ അതിജീവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. 3 മാസം ‘കസ്റ്റമേഴ്സ്’ ഇല്ലാതെ ഞങ്ങൾ വല്ലാതെ കഷ്ടപ്പെട്ടു.”

അവർ 15 പേരുണ്ടായിരുന്നു. സമീപപ്രദേശങ്ങളിലെ മൂന്നു വീടുകളിലായിട്ടാണ് താമസിച്ചിരുന്നതെങ്കിലും അവർ ക്രിസ്തുമസ് കരോളിനായി ഇവിടെ ഒത്തുകൂടുകയായിരുന്നു. ഒരോ വീടുകളിലും അഞ്ചുപേര്‍ വീതമാണ് താമസിക്കുന്നത്. അവരെ ‘ചേല’ എന്നാണ് വിളിക്കുന്നത്. ചേല എന്നാൽ ശിഷ്യൻ എന്നാണ് അർത്ഥം എന്ന് അവർ വിവരിച്ചുതന്നു. ഇവരെ നോക്കുവാനും നയിക്കുവാനും ഒരു ഗുരുവും ഉണ്ടാകും. ഗുരു അവരെ കാണുന്നത് പെണ്മക്കളായിട്ടാണ്.

ഹിജ്റ സമൂഹത്തിൽ വ്യക്തമായ ഒരു സംവിധാനമുണ്ട്. അതിനെതിരെ ആർക്കും ഒരു പരാതിയും ഇല്ലെന്നുള്ളതാണ് മറ്റൊരു കാര്യം. അവരിൽ ഭൂരിഭാഗവും ഇരുപതികളിലുള്ളവരായിരുന്നു. രാത്രിയിൽ മേക്ക് അപ്പ് ഒക്കെയിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ അവർ സുന്ദരികളായി കാണപ്പെട്ടു. അപ്പോഴും കുറച്ചുപേർ അവരിൽ ഏറ്റവും പ്രായം കുറഞ്ഞവരെ ആകർഷിക്കുന്നതിനായി വീടിന്റെ മുറ്റത്തും പരിസരപ്രദേശങ്ങളിലുമായി നിലകൊണ്ടിട്ടുണ്ട്.

അധികം വൈകാതെ തന്നെ മൂന്നു വർഷം മുൻപ് ഒരു കൂട്ടം പ്രൊഫഷണൽസ് ഒരുമിച്ചു ചേർന്ന് രൂപം കൊടുത്ത സംഘടനയായ ഗുഡ് ക്വസ്റ്റ് ഫൌണ്ടേഷൻ അംഗങ്ങളും എത്തി. എല്ലാവരും ചേർന്ന് ഗാനങ്ങൾ ആലപിക്കുകയും സന്തോഷപൂർവ്വം അതിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനിടയിൽ മക് ഡൊണാൾഡ് കമ്പനി സ്പോൺസർ ചെയ്ത ബർഗറിന്റെയും മധുരപലഹാരങ്ങളുടെയും പാക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. നിറപുഞ്ചിരിയോടെയാണ് അവർ ഓരോരുത്തരും അത് ഏറ്റുവാങ്ങിയത്.

കരോൾ കഴിഞ്ഞ് പോരുവാനായി ഇറങ്ങിയപ്പോഴാണ് അവർ ഒരു ആവശ്യം ഉന്നയിച്ചത്. ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കണം! എന്ത് ആവശ്യത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടതെന്ന് വിനോദ് അവരോടു ചോദിച്ചു. അതിലെല്ലാവരും തന്നെ ആവശ്യപ്പെട്ടത് ഒരേ കാര്യത്തിനു വേണ്ടിയായിരുന്നു. അവരുടെ വീട്ടുകാരുടെ സ്വീകാര്യതയ്ക്കായിട്ട്.

മിക്കവാറും ആളുകളും അവരുടെ കുടുംബങ്ങളിൽ നിന്നും വർഷങ്ങൾക്കു മുന്നേ പുറത്താക്കപ്പെട്ടവരാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും അവരെ തിരികെ വിളിക്കുവാനോ ഒന്ന് സംസാരിക്കുവാൻ പോലുമോ ആരും കൂട്ടാക്കുന്നില്ല. ഇത് അവരുടെ ജീവിതപുസ്തകത്തിലെ ഏറ്റവും ഇരുള്‍ നിറഞ്ഞ അദ്ധ്യായമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ എന്നെന്നേയ്ക്കുമായി കാണാതിരിക്കുന്നതിന്റെ വ്യഥ ഹൃദയത്തിന്റെ കോണിൽ ഒളിപ്പിച്ചുവച്ചു കൊണ്ട് മുഖത്ത് ചായം പൂശി ജീവിതത്തിൽ സൗന്ദര്യം കാണുന്നവർ! കുടുംബപുനഃസമാഗമത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ അവരിൽ ചിലരൊക്കെയും കണ്ണുനീർ തുടയ്ക്കുന്നത് ഞങ്ങൾ കണ്ടു.

കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും അവർ എതിർലിംഗത്തിൽപെട്ടവരാണെന്നു തിരിച്ചറിയുമ്പോൾ, അത് അവരുടെ രൂപത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും പ്രകടിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ മുതലാണ് മറ്റുള്ളവർക്ക് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഈ മാറ്റത്തെ സ്വീകരിക്കുവാൻ കഴിയാതെ വരുന്നതോടെ ഒന്നുകിൽ അവരെ വീട്ടിൽ നിന്നും ഇറക്കിവിടുകയോ സ്വയമേവ നാടു വിടാൻ നിർബന്ധിതരാവുകയോ ആണ് പലരും. കുടുംബത്തിലെ സമ്മർദ്ദങ്ങളേയും സാമൂഹിക പ്രതികരണങ്ങളെയും നേരിടാൻ കഴിയാതെ വരുമ്പോഴാണ് പലരും ഈ മാർഗ്ഗം സ്വീകരിക്കുവാൻ നിർബന്ധിതരാകുന്നത്.

നഗരങ്ങളിൽ സമാന അവസ്ഥയിലുള്ളവരെ ഇവർ കണ്ടെത്തുകയും അതിനുശേഷം ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാക്കുവാൻ അവർ മുതിരുകയും ചെയ്യുന്നു. പക്ഷേ, ഏകദേശം രണ്ടു ലക്ഷം രൂപ ചിലവു വരുന്ന ഈ ചികിത്സ ഇവരെ സംബന്ധിച്ച് വലുതാണ്. കാരണം, കണ്മുൻപിൽ കാണുമ്പോൾ ആട്ടിയോടിക്കപ്പെടുന്നവർക്ക് ആരും തൊഴിൽ നൽകുകയില്ലല്ലോ. അതുകൊണ്ടു തന്നെ ഇവർക്ക് ജീവിക്കുവാൻ രണ്ടേ രണ്ടു മാർഗ്ഗങ്ങൾ മാത്രമേ മുൻപിൽ അവശേഷിക്കുന്നുള്ളൂ; ഒന്നുകിൽ ഭിക്ഷ യാചിക്കുക അല്ലെങ്കിൽ ലൈംഗിക തൊഴിലാളി ആകുക. ഏകദേശം 80 % പേരും ലൈംഗിക തൊഴിലാളികളാകുകയാണ് പതിവ്.

ഞങ്ങൾ തിരികെ പോരാനായപ്പോൾ അവരോരുത്തരും വന്ന് ഞങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. ചിലർക്ക് അവരുടെ ക്രിസ്തീയ സ്വത്വം മറയ്ക്കുവാൻ സാധിക്കാതെ ‘പ്രയ്‌സ് ദി ലോർഡ്’ എന്നു പറഞ്ഞാണ് ഞങ്ങൾക്ക് വിട തന്നത്. അവരിൽ ചിലരാകട്ടെ, പ്രത്യേകം അനുഗ്രഹപ്രാർത്ഥനയ്ക്കായി ഞങ്ങളുടെ മുമ്പിൽ മുട്ടുകുത്തി. അവിടെ ചുമരിൽ യേശുവിന്റെ ചിത്രത്തിന്റെ കൂടെ മറ്റു ദൈവങ്ങളുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. പൊതുവെ ഹിജ്റ സമൂഹത്തിലുള്ളവർക്ക് മൂന്നു മതങ്ങളിലെയും ദൈവങ്ങൾ വളരെ പ്രിയപ്പെട്ടതാണ്. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം ദൈവങ്ങളെയെല്ലാം ആരാധിക്കുന്നതിന് അവർക്ക് യാതൊരു വിധ വിമുഖതയുമില്ല.

ഞങ്ങൾ പുറത്തേയ്ക്കിറങ്ങുമ്പോൾ കസ്റ്റമേഴ്സ് അവർക്കായി പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അത്രയും സമയം അകത്തുണ്ടായിരുന്നതിനാൽ അവരുടെ മുഖങ്ങളിൽ അല്പം അക്ഷമ കാണപ്പെട്ടിരുന്നു. പക്ഷേ, മാസ്കുകൾ അവരുടെ മുഖത്തെയും വ്യക്തിത്വത്തെയും മറച്ചിരുന്നത് നല്ലതാണെന്ന ഒരു തോന്നൽ അവരുടെ മനസ്സിൽ അല്പം ആനന്ദം ഉളവാക്കിയിരുന്നുവെന്ന് എനിക്ക് തോന്നി. പക്ഷേ, ഞങ്ങൾ ആരാണെന്ന് വ്യക്തമായി അവരെ കാണിക്കുന്നതിനായി സാന്താക്ലോസിന്റെ തൊപ്പി ധരിച്ചിരുന്നു. അതിനാൽ തന്നെ അതിൽ മറുചോദ്യങ്ങളുമില്ലായിരുന്നു.

മുംബൈ ഹൈവെ റോഡിലൂടെ ഏകദേശം 30 മിനിറ്റ് ഞങ്ങൾ സഞ്ചരിച്ച്  ദബ്ബാസ്‌പെട്ട് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. വെളുപ്പിന് ഏതാണ്ട് ഒരുമണി വരെ റോഡിന് ഇരുവശങ്ങളിലുമായി ഞങ്ങൾ പതിനൊന്നോളം വേശ്യാലയങ്ങൾ സന്ദർശിച്ചു. അതൊരു ദേശീയപാത ആയിരുന്നതിനാൽ രാത്രി അവർക്ക് പകൽസമാനമായിരുന്നു. രക്ഷിത (പേര് മാറ്റി എഴുതുവാൻ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല) എന്ന പെൺകുട്ടിയായിരുന്നു ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. ട്രാൻസ്ജെൻഡർ സമൂഹത്തിൽ അംഗമായിരുന്നവളായിരുന്നു ഈ പെൺകുട്ടി.

ട്രാൻസ്ജൻഡർ സമൂഹത്തിലെ തന്നെ അഭിമാനതാരമാണ് രക്ഷിത. ബിരുദപഠനം പൂർത്തിയാക്കിയ അവൾക്ക് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു.  ഇപ്പോൾ ആ കമ്പനിയുടെ 12 ഏഷ്യൻ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജോലിയിലാണ് രക്ഷിത. അതുകൊണ്ടു തന്നെ അവളുടെ കുടുംബാംഗങ്ങൾ അവളെ സ്വീകരിക്കുകയും ചെയ്തു. മാതാപിതാക്കളുടെ കൂടെ താമസിക്കുന്ന ഈ പെൺകുട്ടിയാണ് ഞങ്ങളുടെ ഗൈഡ്.

രക്ഷിതയ്ക്ക് അവിടുത്തെ ഓരോ സ്ഥലങ്ങളും നന്നായി അറിയാമായിരുന്നു. വഴിയോരത്തെ ചെറിയ ഷെഡ്ഡുകളിലായിരുന്നു ഇവരുടെ താമസം. ആ പാതയോരത്ത് ഒരൊറ്റ വീടു പോലും അല്പം മെച്ചപ്പെട്ട രീതിയിലുള്ളത് ഉണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതകളുമാണ് തങ്ങളെ അലട്ടുന്ന പ്രശ്നമെന്ന് അവരിൽ എല്ലാവരും തന്നെ ഞങ്ങളോട് പങ്കുവച്ചത്. ഞങ്ങൾ പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചപ്പോൾ അവർ തിരികെ ചോദിച്ചതും പ്രാർത്ഥനാസഹായം തന്നെയായിരുന്നു; അവർക്ക് നല്ല ‘ബിസിനസ്’ ഉണ്ടാകുവാൻ. പക്ഷേ, ഒരിക്കൽപ്പോലും ഞങ്ങൾക്ക് അവർ പറഞ്ഞ ആവശ്യത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ സാധിക്കില്ലെന്നുള്ള പരമമായ സത്യം ഞങ്ങൾ ഓർമ്മിച്ചു. എന്നാൽ ഒരുപറ്റം നല്ല ആളുകളുടെ പതിവ് പ്രാർത്ഥനയിൽ ഞങ്ങൾ ഉണ്ടെന്നുള്ള ആശ്വാസം ഞങ്ങൾക്ക് ഇപ്പോഴുമുണ്ട്.

ഞങ്ങളുടെ വരവിനെക്കുറിച്ച്  രക്ഷിത അവരെയെല്ലാം അറിയിച്ചിരുന്നു. എന്നാൽ ചില സ്ഥലങ്ങളിൽ കസ്റ്റമേഴ്സ് പോകുന്നതുവരെ ഞങ്ങൾക്ക് കാത്തുനിൽക്കേണ്ടതായി വന്നു. അപ്പോഴൊക്കെ രക്ഷിത അവരുടെ വീടുകളിൽ പോയി അവരോട് സംസാരിക്കുകയും, ഞങ്ങൾക്ക് വരാൻ പറ്റിയ സമയമാണോ എന്ന് അന്വേഷിക്കുകയും ഞങ്ങളുടെ സാന്നിധ്യം അവർക്ക് സന്തോഷം നല്‍കുന്നതാണോ എന്നും അന്വേഷിച്ചുകൊണ്ടേയിരുന്നു. വീടുകളിൽ നിന്ന് രക്ഷിതയുടെ സിഗ്നൽ കിട്ടിയതിനുശേഷം മാത്രമേ ഞങ്ങൾ കാറിൽ നിന്നും ഇറങ്ങിയിരുന്നുള്ളൂ. ഒരു ഭവനത്തിൽ നിന്നുപോലും ഞങ്ങൾക്ക് തിരസ്കാരത്തിന്റെ ഒരു വാക്കു കൊണ്ടുപോലും പ്രവേശനം നിഷേധിച്ചിരുന്നില്ല.

ചില സ്ഥലങ്ങളിൽ, വീടിനുള്ളിൽ കസ്റ്റമേഴ്സ് ഉള്ളതിനാൽ ‘ഗുരു’ വീടിനുള്ളിൽ അടച്ച വാതിലിനു പുറത്ത് വന്നു നിന്നു. ഓരോ കസ്റ്റമേഴ്സിന്റെ അടുക്കൽ നിന്നും 200 രൂപയാണ് വാങ്ങുന്നത്. ഒരു ദിവസം ഒരാൾ രണ്ടു മുതൽ മൂന്നു വരെ ആളുകളുമായി ഇടപാടുകൾ നടത്തുന്നു. ലഭിക്കുന്ന തുക എല്ലാ അംഗങ്ങൾക്കുമായി വിഭജിക്കുന്നു. വരുമാനത്തിന്റെ ഒരു ഭാഗം ഗുരുവിന്റെ സംരക്ഷണത്തിനായി നൽകുകയും ചെയ്യുകയാണ് പതിവ്. രക്ഷയിൽ നിന്ന് അറിയുവാൻ സാധിച്ചതാണ് ഈ വിവരങ്ങളത്രയും. മിക്ക വീടുകളിലും ആറോളം അംഗങ്ങൾ ഉണ്ടായിരുന്നു. പത്തോളം അംഗങ്ങളുള്ള രണ്ടു വീടുകൾ ഉണ്ടായിരുന്നു. അവരിൽ ചിലർ ഞങ്ങളുടെ മുൻപിൽ അവരുടെ നൃത്ത അഭിരുചികൾ പ്രകടിപ്പിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. ചിലർക്കാകട്ടെ ഞങ്ങളുടെ ഗിറ്റാറിനൊപ്പം ഫോട്ടോ എടുക്കുവാനായിരുന്നു ആഗ്രഹം. മറ്റു ചിലർ ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിൽ ആനന്ദം കണ്ടെത്തി.

ചെറുപ്പക്കാരായ ചേലമാരെക്കുറിച്ച് ഗുരുക്കൾക്ക് വളരെയധികം ആശങ്കകൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസം നേടിക്കൊടുക്കുവാൻ അവരെ സഹായിക്കാമോ എന്ന് അവർ ഞങ്ങളോട് ചോദിച്ചു. ഹയർ സെക്കന്ററി പഠനം പൂർത്തിയാക്കിയ ചിലർക്ക് ജോലി ലഭിക്കുവാൻ ആഗ്രഹമുണ്ടായിരുന്നു. വരുമാനം ലഭിക്കുന്ന മാന്യമായ തൊഴിലുകൾ ചെയ്യുന്നതിനായി ഗുഡ് ക്വസ്റ്റ് ഗ്രൂപ്പ് ഏതാനും പരിപാടികൾ ഇതിനോടകം തന്നെ തുടങ്ങിവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുവാൻ മടങ്ങിവരുമെന്നു ഞങ്ങൾ അവർക്ക് ഉറപ്പ് നൽകി.

സത്യത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ഒരു കരോൾ പ്രോഗ്രാം മാത്രമായിരുന്നില്ല. നല്ല ജീവിതത്തിലേയ്ക്കുള്ള ഒരു സദ്‌വാർത്തയുടെ തുടക്കം എന്ന രീതിയിലാണ് ഞങ്ങൾ അതിനെ കണ്ടത്. അതുകൊണ്ടു തന്നെ മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നും അതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നുമുള്ള ആശയങ്ങളും സാധ്യതകളും വിനോദ് ഞാനുമായി പങ്കുവച്ചു. ദി പ്രൊജക്റ്റ് വിഷനുമായി (കണ്ണുകൾ ദാനം ചെയ്യുന്നതിനും കാഴ്ചയില്ലാത്തവർക്ക് അവർക്കാവശ്യമുള്ള സേവനങ്ങൾ ലഭിക്കുന്നതിനുമായി ബാംഗ്ലൂരിലുള്ള ഒരു NGO ആണ് ദി പ്രൊജക്റ്റ് വിഷൻ) ചേർന്ന് സഖ്യമുണ്ടാക്കുന്നതിനായി ആവശ്യമായ കാര്യങ്ങളെക്കുറിച്ച് വിനോദ് എന്നോട് സംസാരിച്ചു.

കഴിഞ്ഞ 34 വർഷങ്ങളായി എന്റെ ജീവിതം ചിലവഴിച്ചത് എച്ച് ഐ വി ബാധിതരുടെയും മദ്യപാനികളുടെയും തടവുകാരുടെ കൂടെയും കുഷ്ഠരോഗികളുടെയും ദുരിതങ്ങൾ ബാധിച്ചവരുടെയും ഒക്കെ കൂടെയായിരുന്നു. ജീവിതത്തിന്റെ മറ്റൊരു തുറയിലേയ്ക്ക് ദൈവം എന്നെ വിളിക്കുന്നു എന്ന തോന്നൽ എന്നിൽ ശക്തമായി. അവിടുന്ന് ആഗ്രഹിച്ച ആ മിഷൻ എന്റെ ജീവിതത്തിന്റെ ദൗത്യമായി മാറപ്പെടുകയാണ് ഉണ്ടായത്.

കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഞാൻ ഇതേ റോഡിൽക്കൂടി രാവിലെയും വൈകിട്ടും സഞ്ചരിച്ചിരുന്നതാണ്. ഗൗരിബിഡാനൂറിലെ ഗ്രാമീണ വിദ്യഭ്യാസകേന്ദ്രത്തിലേയ്ക്ക് ഞാൻ ഇതിലെയായിരുന്നു സഞ്ചരിച്ചിരുന്നത്. പക്ഷേ, ഒരിക്കൽപ്പോലും ഇത്രയധികം ക്ലേശങ്ങൾ സഹിച്ച് പുതിയൊരു ജീവിതം ആഗ്രഹിച്ചു കഴിയുന്ന ഒരുകൂട്ടം പാവങ്ങൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഈ കരോൾ എന്റെ കണ്ണ് തുറപ്പിക്കുകയാണുണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞതുപോലെ “എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കരോൾ ആണിത്” എന്ന് മാത്രമേ എനിക്കും പറയുവാനുള്ളൂ. വളരെ പ്രത്യേകമായി ദൈവം എനിക്കായി സംഘടിപ്പിച്ച സദ്വാർത്തയുടെ ഒരു ക്രിസ്തുമസ് കരോൾ!

“മറ്റുള്ളവരുടെ കാര്യങ്ങൾ കേൾക്കാതെയും മനസ്സിലാക്കാതെയും പലായനം ചെയ്യുന്നതും സ്വന്തം സുഖങ്ങളിൽ ഒതുങ്ങിക്കൂടി കഴിയുന്നതുമായ ഒരാൾ പതിയെ പതിയെ ആത്മഹത്യയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.” രാത്രി രണ്ടുമണി നേരത്ത് തിരികെ ഹൗസിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പോസ്തോലിക പ്രബോധത്തിൽ പറഞ്ഞ വാക്കുകളായിരുന്നു ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നത്. ഏതാണ്ട് 12,000 ട്രാൻസ്ജെൻഡർ സഹോദരങ്ങളെ മാത്രമേ ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നുള്ളൂ. കർണാടകയിലുടനീളം ഏതാണ്ട് നാല്പത്തിനായിരത്തോളം ആളുകളാണുള്ളത്. എല്ലാ പാതയോരങ്ങളിലും നമുക്ക് കാണുവാൻ സാധിക്കും ഇവരുടെ ചെറിയ ചെറിയ വീടുകൾ.

നമ്മുടെ നഗരങ്ങളിലെ ഏറ്റവും നിന്ദ്യരായ ആളുകളായാണ് ട്രാൻസ്ജെൻഡേഴ്സിനെ കണക്കാക്കിയിരിക്കുന്നത്. ഇവർ മാത്രമല്ല, കുഷ്ഠരോഗവും എയ്ഡ്‌സ് ബാധിച്ചവരും അഭയാർത്ഥികളും താമസിക്കുന്ന ഇത്തരത്തിലുള്ള കോളനികൾ നിരവധിയുണ്ട് ഇവിടങ്ങളിൽ. സമാധാനവും പുതിയ ജീവിതവും ഉറപ്പു നൽകുന്നതുമായ കരോളുകളൊന്നും അത്തരം ഇടങ്ങളിലേയ്ക്കും ആളുകളിലേയ്ക്കും എത്തപ്പെടുന്നില്ല. ഈ ആടുകൾക്കുവേണ്ടി ഹൃദയം തുറന്നു പാടുവാൻ ഞങ്ങളുടെ ഇടവകകളും സ്ഥാപനങ്ങളും തയ്യാറാണ്. യേശുവിന്റെ നഷ്ടപ്പെട്ട ആടുകൾ ഇന്നും നഷ്ടപ്പെട്ടിരിക്കുന്നു. അതിൽ അവിടുന്ന് ഹൃദയം തകർന്നാണിരിക്കുന്നതും. അതിനാൽ ജീവിതത്തിലെ ഒരു പുതിയ മിഷനായി അവിടുന്ന് എന്നെ വിളിച്ചത് ഒരു ക്രിസ്തുമസ് കാരോളിലൂടെയാണെന്നുള്ള വലിയ ആനന്ദം ഇവിടെ പങ്കുവയ്ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.