അറിവിന്റെ നിറവിലേയ്ക്ക്

ജിന്‍സി സന്തോഷ്‌

വായന ഒരു മഴ പോലെയാണ്. വാക്കുകൾ നേർത്ത മഴത്തുള്ളികളായ് നാവിൽ വീണുടയുമ്പോൾ അത് ചാറ്റൽമഴ പോലെ സുന്ദരമാകും. ഓരോ താളുകൾ മറിക്കുന്തോറും കഥയും കഥാപാത്രങ്ങളും നിറങ്ങളും നിറഞ്ഞ് ഒരു കുളിർമഴയായ് നമ്മുടെ കൈക്കുമ്പിളിൽ എന്നും നല്ല പുസ്തകങ്ങൾ. നല്ല പുസ്തകങ്ങളുടെ വായന സ്വർഗ്ഗത്തിലേയ്ക്കുള്ള തീർത്ഥാടനമാണ്.

വായന നമ്മുടെ ചിന്തകളെയും കാഴ്ച്ചപ്പാടുകളെയും വിശാലമാക്കുന്നു. അറിവുള്ളവർക്ക് ആത്മധൈര്യം കൂടും. നല്ല സൗഹൃദങ്ങൾ ഉണ്ടാകും. വായന നമ്മെ അറിവുള്ളവരാക്കുന്നതിലുപരി ഈ ലോകത്തിലെ നിസ്സാരതകളിൽ നിന്നും തിന്മകളിൽ നിന്നും അകന്നുനിൽക്കാൻ സഹായിക്കും. നല്ല പുസ്തകങ്ങൾ പോലെ നമ്മെ തിരുത്തുന്ന ചങ്ങാതി വേറെയില്ല.

പുതുവർഷത്തിൽ പുതിയ ഉൾക്കാഴ്ച്ചകളോടെ പ്രകാശത്തിന്റെ കവചം ധരിച്ച വേദപുസ്തക വചനങ്ങളുടെ സമൃദ്ധമായ മഴയിൽ നനയാം. ആ നനവിൽ നിന്നാണ് നമ്മുടെ സഹനാനുഭവങ്ങൾ നിറഞ്ഞ ജീവിതം സ്നാനപ്പെടുന്നത്. വചന മഴത്തുള്ളികൾ പതിയുമ്പോൾ വെറും ചെളിയായ നമ്മുടെ ജീവിതം തങ്കം പോലെ അതിന്റെ തനിമയെ വീണ്ടെടുക്കും. “അങ്ങയുടെ വചനങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ പ്രകാശം പരക്കുന്നു. എളിയവർക്ക് അത് അറിവ് പകരുന്നു” (സങ്കീ. 119:130).

ക്രിസ്തുവിനോട് ചേർന്ന്, സഭയോട് ചേർന്നു ചിന്തിക്കാൻ, ഈ പുതുവർഷത്തെ അനുഗ്രഹവർഷമാക്കാൻ വായനാശീലം നിങ്ങളെ തീർച്ചയായും സഹായിക്കും. കാരണം “യേശുവിന്റെ ഭാഷ അനുഗ്രഹത്തിന്റെ ഭാഷയാണ്.”

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.