ഫിനിഷിങ്ങ് പോയിന്റിലേക്ക്…

”പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്” – ഈ കിടിലന്‍ ഡയലോഗിന്റെ കാലികപ്രസക്തിയെക്കുറിച്ച് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാവും. ലക്ഷ്യമുള്ളിടത്ത് ലക്ഷണവുമുണ്ടെന്നത് വിശദീകരണം ആവശ്യമില്ലാത്ത സത്യമാണ്. കനപ്പെട്ടതിലേയ്ക്കു‌ള്ള വഴി ദുര്‍ഘടം പിടിച്ചതാണെന്ന് ഏവര്‍ക്കുമറിയാം. യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞതാണ് ‘ഇടുങ്ങിയ വാതില്‍” എന്ന പ്രയോഗമെങ്കിലും ആ ആശയം സാര്‍വ്വജനീനമാണ്.

കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും, ഏകാന്തതയിലേയ്ക്കും‌ നിശ്ശബ്ദതയിലേയ്ക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും, വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേയ്ക്കു‌ കയറി വാതിലടയ്ക്കുന്ന ശാസ്ത്രജ്ഞരും, വ്രതമെടുത്തു മലയ്ക്കു പോകുന്ന അയ്യപ്പന്മാരും, ക്ലേശങ്ങളേറ്റെടുത്ത് ഹജ്ജിനു പോകുന്ന ഹാജിമാരും ‘ഇടുങ്ങിയ വാതിലി’ന്റെ സുവിശേഷം തിരിച്ചറിഞ്ഞവര്‍ തന്നെ. ഒരു പിറവിയ്ക്കാ‌യി മാസങ്ങള്‍ നീളുന്ന ത്യാഗങ്ങളനുഷ്ഠിക്കുന്ന അമ്മയുടെ സുവിശേഷവും ഇടുങ്ങിയ വാതിലിന്റേതു തന്നെ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ ‘ഇടുങ്ങിയ വാതിലി’ന്റെ സുവിശേഷമാണ് സനാതന സത്യമായി നിലകൊള്ളുന്നത്. ക്രിസ്തുവിന്റെ ‘ഇടുങ്ങിയ വാതില്‍’ പ്രബോധനത്തിന്റെ തികച്ചും പ്രായോഗികമായ ആചരണമാണ് നോമ്പുകാലം എന്നു കുറിച്ചാല്‍ അത് അതിശയോക്തിയാവില്ല.

നോമ്പുകാലത്തിന് ഒരു മാര്‍ച്ചുപാസ്റ്റിന്റെ സ്വഭാവം കൂടിയുണ്ടെന്നു ഞാന്‍ കരുതുന്നു. ഒരു സൈനികന്റെ സേവനസന്നദ്ധതയുടെ പ്രകടനമാണ് മാര്‍ച്ചുപാസ്റ്റ്. ഏറെ ഉണര്‍വ്വോടും ശ്രദ്ധയോടും കൃത്യതയോടും കൂടി നടത്തേണ്ട ഒന്നാണത്. ഉത്ഥാന സന്തോഷത്തിന്റെ ഹല്ലേലുയാ വിളികള്‍ അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളുംവരെ ക്രൈസ്തവനും ഒരു മാര്‍ച്ച്പാസ്റ്റിലാണ്. ആഗ്രഹങ്ങളെയും പ്രവര്‍ത്തന ത്വരയെയും സ്വാര്‍ത്ഥതയെയും ആത്മാവിന്റെ വരുതിക്കു നിര്‍ത്തിക്കൊണ്ടുള്ള ഒരു വിജയമുന്നേറ്റമാണ് വിഭൂതി ബുധനാഴ്ച ആരംഭിച്ച വലിയനോമ്പ്.

ദ ലാസ്റ്റ് ലാപ്

ഇടുങ്ങിയ വാതിലനുഭവത്തിന്റെ പാരമ്യവും മാർച്ചുപാസ്റ്റിന്റെ ലാസ്റ്റു ലാപുമാണ് വിശുദ്ധവാരം. പെസഹാരഹസ്യങ്ങളുടെ തീവ്രാനുഭവ വാരമാണത്. വിശ്വാസിയുടെ വിശുദ്ധമായ മാര്‍ച്ച്പാസ്റ്റ് ജറുസലേമില്‍ എത്തുന്ന വാരം! ഈ ലാസ്റ്റ് ലാപിലെ ഫിനിഷിങ്ങ് പോയിന്റാണ് ത്രിദൂവും എന്നു വിളിക്കപ്പെടുന്ന ‘മൂന്നു ദിനങ്ങള്‍’.

പെസഹാ വ്യാഴം

അക്ഷരാര്‍ത്ഥത്തില്‍, മാര്‍ച്ചുപാസ്റ്റിന്റെ ദിനമാണ് പെസഹാവ്യാഴം. ‘കടന്നുപോകല്‍’ എന്ന് അര്‍ത്ഥമുള്ള പെസഹാ, ഇസ്രായേല്‍ക്കാര്‍ ആദ്യമായി ആചരിച്ചത് ഈജിപ്തിലാണ്. സംഹാരദൂതന്റെ കടന്നുപോകല്‍ കുഞ്ഞാടിന്റെ രക്തത്താലുള്ള അഭിഷേകവുമായി ബന്ധപ്പെട്ടിരുന്നു. കട്ടിളപ്പടികളില്‍ രക്തം തളിക്കപ്പെട്ടിട്ടില്ലാതിരുന്ന വീടുകളിലേയ്ക്ക്‌ സംഹാരദൂതന്‍ കടന്നുചെന്നു! എന്നാല്‍ ഇസ്രായേല്‍ക്കാരാകട്ടെ, ആ രാത്രി അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയിലേന്തി തിടുക്കത്തില്‍ കുഞ്ഞാടിന്റെ ചുട്ടെടുത്ത മാംസം പുളിപ്പില്ലാത്ത അപ്പവും കയ്പ്പുള്ള ഇലകളും കൂട്ടി ഭക്ഷിച്ചു. അവര്‍ക്കും കടന്നുപോകേണ്ടിയിരുന്നു  – അടിമത്വത്തില്‍ നിന്ന് സ്വതന്ത്ര്യത്തിലേയ്ക്ക്‌.

തന്റെ അന്ത്യത്താഴം ആചരിക്കാനായി യഹൂദരുടെ പെസഹാദിനം കര്‍ത്താവ് തിരഞ്ഞെടുത്തു. യേശുവിന്റെ മഹാകടന്നുപോകലിന്റെ അനുസ്മരണമാണ് അന്ത്യത്താഴം! ‘ഇത് എന്റെ ശരീരമാണ്; ഇത് എന്റെ രക്തമാണ്’ എന്നു തെളിച്ചു പറഞ്ഞുകൊണ്ട് അവ വാങ്ങി ഭക്ഷിക്കാനും കുടിക്കാനും ശിഷ്യസമൂഹത്തെ അവിടുന്ന് ക്ഷണിച്ചു. ‘ഇതു നിങ്ങള്‍ എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്നു കല്പിക്കാന്‍ അവിടന്നു പ്രത്യേകം ശ്രദ്ധിച്ചു. തന്റെ കടന്നുപോകലിന്റെ നിത്യസ്മരണയായും സ്വാര്‍ത്ഥതയില്‍ നിന്ന് പരാര്‍ത്ഥതയിലേയ്ക്കു കടന്നുപോകാന്‍ ശിഷ്യര്‍ക്കുള്ള നിത്യപ്രബോധനമായും അങ്ങനെ പരിശുദ്ധ കുര്‍ബാന മാറി. പരിശുദ്ധ കുര്‍ബാനയുടെയും ഒപ്പം പൗരോഹിത്യത്തിന്റെയും സംസ്ഥാപനദിനമായി പെസഹാവ്യാഴം തീര്‍ന്നു. പാദക്ഷാളന വിവരണത്തിലൂടെ പരിശുദ്ധ കുര്‍ബാനയുടെ ആന്തരികാര്‍ത്ഥം വ്യക്തമാക്കാന്‍ ശ്രമിച്ച വി. യോഹന്നാന്റെ സുവിശേഷത്തിന്റെ ചുവടുപിടിച്ച് ഈ ദിനം തന്നെയാണ് ആരാധനക്രമത്തില്‍ പാദക്ഷാളനകര്‍മ്മം നമ്മള്‍ ആചരിക്കുന്നത്.

തന്നെത്തന്നെ സ്‌നേഹത്തിന്റെ മാനദണ്ഡമാക്കിക്കൊണ്ട് ‘നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍’ എന്നു കല്പിച്ച ക്രിസ്തുവിനെ ഇന്നു നാം തീക്ഷ്ണതയോടെ ധ്യാനിക്കുന്നു. ”ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ” എന്നതിലെ ‘പോലെ’ എന്ന പ്രയോഗത്തിന്റെ ആഴം അചിന്തനീയമാണ്. സ്‌നേഹത്തിന്റെ കൂദാശയ്ക്കു മുന്നില്‍ ആരാധനയോടെ നാം നിലകൊള്ളുമ്പോള്‍ മനസ്സിലേക്ക് ഇരച്ചുകയറി വരുന്നതും ആ ‘പോലെ’ തന്നെയത്രേ! പെസഹാവ്യാഴത്തിന്റെ മുഖ്യചോദ്യവും ആ ‘പോലെ’ എന്നിലും നിന്നിലും എന്നു പൂർത്തിയാകും എന്നതാണ്!

ഫാ. ജോഷി മയ്യാറ്റിൽ (POC, പാലാരിവട്ടം)