കുട്ടികളെ വിനയവും അടക്കവും പഠിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

മക്കള്‍ എല്ലാക്കാര്യത്തിലും ഒന്നാമതാവണമെന്നും എല്ലാറ്റിലും മുന്നിട്ടു നില്‍ക്കണമെന്നും സാമര്‍ത്ഥ്യം കാണിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. അതില്‍ യാതൊരു തെറ്റുമില്ല. വിജയിക്കണമെന്ന ചിന്തയും ആഗ്രഹവും അവരില്‍ നിക്ഷേപിക്കുക എന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, ഇത്തരം ചിന്തകളോടും ആഗ്രഹങ്ങളോടുമൊപ്പം, സമാന്തരമായി അവരില്‍ നിറയ്‌ക്കേണ്ട ചില മൂല്യങ്ങള്‍ കൂടിയുണ്ട് – വിനയം, അടക്കം പോലുള്ള ചിലത്.

കഴിവുകള്‍ വളര്‍ത്താന്‍ പരിശീലിപ്പിക്കുന്നതോടൊപ്പം അവരെ എങ്ങനെയാണ് വിനയം പഠിപ്പിക്കേണ്ടത്..? ജീവിതത്തിലെ നേട്ടങ്ങളെ കൈകാര്യം ചെയ്യാന്‍ എങ്ങനെയാണ് അവര്‍ക്ക് പരിശീലനം കൊടുക്കേണ്ടത്? വിനയം എന്നതിന് നല്‍കപ്പെട്ടിരിക്കുന്ന ഒരു നിര്‍വ്വചനത്തിലൂടെ ഇത് മനസിലാക്കാം.. ‘സ്വയം കുറച്ചു കാണുന്നതല്ല, സ്വന്തം കാര്യങ്ങളെക്കുറിച്ച് കുറച്ച് മാത്രം ചിന്തിക്കുന്നതാണ് എളിമ അല്ലെങ്കില്‍ വിനയം’ – കുട്ടികളെ ഈ മൂല്യം പരിശീലിപ്പിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം…

നന്ദി പറയാന്‍ ശീലിപ്പിക്കാം

വിനയമെന്ന മൂല്യം പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം കുഞ്ഞുങ്ങളെ നന്ദി പറയാന്‍ പരിശീലിപ്പിക്കുക എന്നതാണ്. ഒന്നാമതായി ദൈവത്തിനും പിന്നീട് മാതാപിതാക്കളോടും അധ്യാപകരോടും അഭ്യുദയകാംക്ഷികളോടും എല്ലാം. അതുപോലെ തന്നെ നമുക്കായി മറ്റുള്ളവര്‍ ചെയ്തുതരുന്ന ഓരോ കാര്യങ്ങള്‍ക്കും നന്ദിയുടെ മനോഭാവം ഉള്ളവരായിരിക്കാന്‍ അവരെ പരിശീലിപ്പിക്കാം.

സ്വയം അറിയാന്‍ പഠിപ്പിക്കുക

സ്വന്തം മികവുകളെക്കുറിച്ച് മാത്രം കുട്ടിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കാതെ അവന്റെ/ അവളുടെ കുറവുകളെയും ന്യൂനതകളെയും മനസിലാക്കി കൊടുക്കണം. അതാകട്ടെ, അവരുടെ ആത്മവിശ്വാസം കെടാത്ത രീതിയിലാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

സംസ്‌കാരങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക

സമൂഹത്തിലെ ട്രെന്‍ഡുകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്നാല്‍ നാടോടുമ്പോള്‍ നടുവെ ഓടണമെന്ന ബോധ്യം കുഞ്ഞില്‍ നിന്ന് എടുത്തുമാറ്റാന്‍ ശ്രമിക്കണം. അമിതാനുകരണം അഹങ്കാരത്തിലേയ്ക്ക് കുട്ടികളെ നയിക്കും.

തിരസ്‌കരണങ്ങളെ നേരിടാന്‍ പ്രാപ്തരാക്കുക

തന്നെ എപ്പോഴും എല്ലാവരും പരിഗണിക്കണമെന്നും താന്‍ പറയുന്ന കാര്യങ്ങള്‍ക്ക് വില നല്‍കണമെന്നുമുള്ള മനോഭാവം കുട്ടിയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാവരാലും ഒറ്റപ്പെടേണ്ട അവസ്ഥ വന്നാലും പിടിച്ചുനില്‍ക്കാനുള്ള കരുത്ത് അവനില്‍ രൂപപ്പെടുത്താം.

മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതാന്‍ ശീലിപ്പിക്കാം

ഈശോ ആവര്‍ത്തിച്ച് പഠിപ്പിച്ചിട്ടുള്ള കാര്യമാണിത്. എളിമയുടെ മനോഭാവം സ്വന്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്, മറ്റുള്ളവരെ നമ്മേക്കാള്‍ ശ്രേഷ്ഠരായി കരുതുക എന്നത്.

പ്രാര്‍ത്ഥിക്കുക

വിശുദ്ധരുടെ ജീവിതങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാവും. എളിമയ്ക്കു വേണ്ടി തീവ്രമായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നവരാണവര്‍. അതുകൊണ്ട് സൗമ്യത, ആത്മസംയമനം, എളിമ, വിനയം പോലുള്ള കൃപകളാല്‍ നിറയ്ക്കണമേയെന്ന് മക്കള്‍ക്കു വേണ്ടി മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുകയും ഇതുപോലെ പ്രാര്‍ത്ഥിക്കാന്‍ അവരെ ശീലിപ്പിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.