ഉത്കണ്ഠയും ഭയവും ജീവിതത്തില്‍ തടസ്സമാകുന്നവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

ചിലര്‍ക്കൊക്കെ എപ്പോഴും വളരെ ഉത്കണ്ഠയും പേടിയുമാണ്. നല്ല ഒരു ചിന്തയും മനസ്സില്‍ വരില്ല. സദാ മനസ്സിന് ആകെ ഒരു അസ്വസ്ഥത. ഈ അവസ്ഥയില്‍ നിന്നും മോചനം വേണമെന്ന് സ്വയം തോന്നിത്തുടങ്ങിയിട്ടുണ്ടോ. എങ്കില്‍ പരിഹാരമുണ്ട്.

ഭയം, ഉത്കണ്ഠ, നിരാശ, വെറുപ്പ് ഇവയെല്ലാം പൈശാചിക പീഡകളാണ്. അതിനാല്‍ ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ ഉപയോഗിച്ചാല്‍ മാത്രമേ അത് നമ്മില്‍ നിന്ന് വിട്ടുപോവുകയുള്ളൂ. യേശു പറഞ്ഞിട്ടുണ്ട്: “എന്റെ പരിപാലനയില്‍ വിശ്വസിക്കുക, ആശ്രയിക്കുക. എന്റെ ഹൃദയത്തില്‍ വയ്ക്കപ്പെട്ട ഒരു ആത്മാവും നശിച്ചുപോവുകയില്ല” എന്ന്.

ഈശോ കൂട്ടിച്ചേര്‍ക്കുന്നു: “ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്; സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41:10). ഈ വചനം വലിയ കരുത്ത് പകരും കാരണം, “ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല” (റോമാ 9:6).

“അവരാകട്ടെ കുഞ്ഞാടിന്റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും അവന്റെ മേല്‍ വിജയം നേടി. ജീവന്‍ നല്‍കാനും അവര്‍ തയ്യാറായി” (വെളി. 12:11). നമുക്ക് രോഗം, വെറുപ്പ് എന്നിങ്ങനെയുള്ള പീഡകള്‍ ഉണ്ടെങ്കില്‍ ദൈവവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക “അവിടുന്ന് തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍ നിന്നു വിടുവിച്ചു” (സങ്കീ. 107:20).

അതിനാല്‍ ബൈബിള്‍ വായിക്കാന്‍ മടികാണിക്കരുത്. ഞാന്‍ ഒരു നല്ല മകളല്ല/  മകനല്ല എന്നു തോന്നുമ്പോള്‍ പ്രഭാഷകന്‍ 3 – മാതാപിതാക്കളോടുള്ള കടമ, മറ്റുള്ളവര്‍ക്കു മുമ്പില്‍ വിധേയപ്പെടാന്‍ മടി തോന്നുമ്പോള്‍ – 1 പത്രോസ് 2:18-24, വെറുപ്പ് അല്ലെങ്കില്‍ ക്ഷമിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുമ്പോള്‍ – പ്രഭാഷകന്‍ 28: 1 -6 തുടങ്ങിയ വചനഭാഗങ്ങള്‍ വായിക്കുക. ബൈബിള്‍ വചനം നമ്മെ ഹൃദയസമാധാനത്തിലും സന്തോഷത്തിലും ഐക്യത്തിലും ജീവിക്കുവാന്‍ സഹായിക്കുന്നു. കാരണം, “ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രാ. 4:12).