കുഞ്ഞുങ്ങൾ മൊബൈൽ ഫോൺ സ്‌ക്രീനിൽ കുടുങ്ങാതിരിക്കുവാൻ

കുട്ടിക്കാലമാണ് ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടം. കുട്ടികൾ അവരുടെ ചുറ്റുപാടിനെ മനസ്സിലാക്കുന്നതും അറിയുന്നതുമായ കാലഘട്ടം. ഭാവിയിലേക്കുള്ള എല്ലാ കാര്യങ്ങളെയും സ്വാംശീകരിക്കുന്നത് ഈ സമയത്താണ്. എന്നാൽ ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാനിടവരുന്നു. ഓൺലൈൻ ക്‌ളാസുകളും മീറ്റിങ്ങുമൊക്കെയായി മൂന്നു വയസ്സുമുതലുള്ള കുട്ടികളുടെ ബാല്യം ഇന്ന് സ്‌ക്രീനിൽ കുടുങ്ങിപ്പോകുന്നുണ്ട്.

സാഹചര്യം കൊണ്ടാണെങ്കിലും മാതാപിതാക്കൾക്കും അൽപ്പം വിഷമം ഉണ്ടാക്കുന്ന കാര്യമാണിത്. ഉപയോഗിക്കുന്നുണ്ടെങ്കിലും അത് അത്ര നല്ലതല്ലെന്ന് വിവേചനശക്തിയുള്ള നമുക്കോരോരുത്തർക്കും അറിയാമല്ലോ. വീടിനുള്ളിൽ ഇരിക്കുവാൻ നിർബന്ധിതരാക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അവരുടെ സമപ്രായക്കാരായ കൂട്ടുകാരെ പോലും കാണാനുള്ള സാഹചര്യമില്ല. അതിനാൽ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും അമിതമായ ഉപയോഗത്തിനുള്ള സാധ്യതയും കൂടുതലാകുന്നു. കുട്ടിയുടെ മാനസികവും വൈകാരികവും ശാരീരികവുമായ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഈ സാഹചര്യത്തെ നാം മറികടക്കേണ്ടത് അത്യാവശ്യമാണ്. ഇത് മാതാപിതാക്കളുടെ ബോധപൂർവ്വമായ ശ്രമം കൊണ്ട് കുറയ്ക്കാവുന്നതാണ്. അതിനായുള്ള കുറച്ചു മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. അവിഭാജ്യ ശ്രദ്ധ

നിങ്ങളുടെ കുട്ടിക്ക് അവരുടെ മാതാപിതാക്കളോട് സംസാരിക്കാൻ ആഗ്രഹം തോന്നുമ്പോൾ അവരെ കേൾക്കാൻ മനസ്സുകാണിക്കുക. ജോലിയുടെ ഭാഗമായി നാം ചിലപ്പോൾ മൊബൈൽ ഫോണിന് മുൻപിലോ കംപ്യൂട്ടറിനു മുൻപിലോ ആയിരിക്കാം. എങ്കിലും അൽപ സമയത്തേയ്ക്ക് അത് മാറ്റിവെച്ച് അവരെ കേൾക്കുക. അപ്പോൾ കുട്ടിയും മനസ്സിലാക്കും ഇത്തരം ഉപകരണങ്ങളെക്കാൾ പ്രാധാന്യം തനിക്കുണ്ടെന്ന്. എങ്കിലും തിരക്കിനിടയിൽ എപ്പോഴും അത് സാധിച്ചെന്നു വരില്ല. അപ്പോൾ മാതാപിതാക്കൾ സ്‌ക്രീനിൽ നിന്ന് കണ്ണെടുത്ത് അല്പം ആത്മ സംയമനം പാലിച്ചുകൊണ്ട് കുഞ്ഞുങ്ങളെ ക്ഷമയോടെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക. ജോലി സമയം കഴിയുമ്പോൾ അവർക്കായി അല്പം സമയം നൽകുക.

2. കുഞ്ഞുങ്ങളുമായി ഇടപഴകുക

ചിത്രംവര, വായന, പൂന്തോട്ട പരിപാലനം പോലുള്ള എന്തെങ്കിലും പ്രവർത്തനങ്ങൾ മാതാപിതാക്കളും മക്കളും ഒരുമിച്ച് ചെയ്യുക. എത്ര കഠിനമായ പ്രവർത്തികളാണെങ്കിലും നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും അവർ വിലമതിക്കുന്നു, ആസ്വദിക്കുന്നു. ഇത് കുഞ്ഞുങ്ങളും മാതാപിതാക്കളും തമ്മിലുള്ള വൈകാരിക അടുപ്പത്തിന്റെ തോത് വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.

3. സംഭാഷണം മുഖ്യം

കുഞ്ഞുങ്ങളോട് സംസാരിക്കുക. ചിലപ്പോൾ മാതാപിതാക്കളായി തന്നെ. മറ്റു ചിലപ്പോൾ അവരുടെ അതെ പ്രായത്തിലുള്ള കൂട്ടുകാരെ പോലെ. അവരുടെ ഇഷ്ടപ്പെട്ട നിറം, ഇഷ്ടമുള്ള പാട്ടുകൾ, ഇഷ്ടമില്ലാത്ത വിഷയം, നല്ല കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ച് ചോദിച്ചറിയുക. അവരുടെ അഭിപ്രായങ്ങളാരായുക. തിരുത്തികൊടുക്കേണ്ടവയെ തിരുത്തുക. അല്ലാത്തതിനെ അഭിനന്ദിക്കുക. സ്ക്രീനുകൾ അമിതമായി ഉപയോഗിക്കുമ്പോൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക. സ്പോർട്സിൽ അവർക്ക് പ്രത്യേക താല്പര്യം ജനിപ്പിക്കുക. അവരോടൊപ്പം നീന്താനും ഓടാനും ചാടാനുമൊക്കെ നിങ്ങൾ മാതാപിതാക്കളും ഒപ്പമുണ്ടാകുക.

4. ഫാമിലി ഔട്ടിങ്ങുകൾ അവിഭാജ്യഘടകം

ആഴ്ചയുടെ അവസാനം ഒന്ന് പുറത്ത് പോകുന്നത് ശീലമാക്കി നോക്കൂ. കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തിലും വലിയ മാറ്റം വരും. നിലവിലെ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളായ പാർക്കിലോ ബീച്ചിലോ ഒന്നും നമുക്ക് മക്കളെയും കൂട്ടി പോകാൻ കഴിയില്ല. എന്നാൽ പറമ്പിലേക്കോ വീടിനടുത്തുള്ള ഏതെങ്കിലും പുഴയോ മലയോ ഒക്കെ നമുക്ക് സന്ദർശിക്കാവുന്നതാണ്. അവർ പ്രകൃതിയെയും അറിയട്ടെ. അവിടുന്ന് തുടങ്ങട്ടെ അവരുടെ ആദ്യ പാഠങ്ങൾ.

5. സമയ പരിധി നിശ്‌ചയിക്കുക

സ്ഥിരമായി മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാനായി ഒരു സമയ പരിധി നിശ്ചയിക്കുക. അത് ദിവസവും പാലിക്കുക. അക്കാര്യത്തിൽ രക്ഷിതാക്കൾ കുട്ടികളോട് കർശനമായി തീരുമാനങ്ങൾ അറിയിക്കുക. അത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം.

6. വീട്ടിൽ ടെക്നോളജി ഫ്രീ സോണുകൾ

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തേണ്ട ചില ഭാഗങ്ങൾ നമ്മുടെ വീടുകളിലുണ്ട്. സ്മാർട്ട് ഫോണും ടാബും ലാപ്ടോപ്പുമെല്ലാം ഒരിക്കലും പ്രാർത്ഥനാ മുറിയിലേക്കോ ഊൺമേശയിലേക്കോ കൊണ്ടുവരരുത്. ഈ ഇടങ്ങളിൽ നിങ്ങൾ മാതാപിതാക്കളും കുട്ടികളും അല്ലെങ്കിൽ നിങ്ങളും ദൈവവുമായുള്ള സംഭാഷണത്തിനായുള്ള ഇടങ്ങളാണ്. കുട്ടികൾക്ക് നിർദ്ദേശങ്ങൾ നല്കുന്നതിനോടൊപ്പം മാതാപിതാക്കളും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.