ബലഹീനതകളെ മറികടക്കാന്‍ ഒരു വഴിയുണ്ട്

ബലഹീനതകളാണ് പലപ്പോഴും പാപത്തില്‍ കലാശിക്കുക. വി. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ, ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്തുപോവുക. പാപത്തിന് പരിഹാരമായി നാം ആശ്രയിക്കുന്നതാകട്ടെ വിശുദ്ധ കുമ്പസാരത്തെയും. ചെയ്തത് തെറ്റാണെന്ന് തോന്നുന്ന നിമിഷം മനസില്‍ അസ്വസ്ഥത നിറയുമ്പോള്‍ കുമ്പസാരക്കൂട്ടില്‍ ചെന്ന് വൈദികനോട് പാപം ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം വാങ്ങി, അത് ചെയ്ത്, ആത്മസംതൃപ്തിയോടെ നാം മടങ്ങുന്നു.

പക്ഷേ അവിടെ തീരുന്നില്ല. ഞാന്‍ നിര്‍മ്മലനായി എന്ന ചിന്തയാണ് പിന്നീട് നമ്മെ നയിക്കുക. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ചെറിയ തോതിലുള്ള അഹങ്കാരം. ഇതാണ് നമ്മെ വീണ്ടും അതേ പാപം – കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞ അതേ പാപം വീണ്ടും ചെയ്യിക്കുന്നതെന്ന് പറയാം. കാരണം, ആ കുമ്പസാരത്തില്‍ നാം പാപം ഏറ്റുപറഞ്ഞെങ്കിലും അത് നമ്മുടെ മനഃസമാധാനത്തിനു വേണ്ടി മാത്രം ചെയ്തതാണ്. മറിച്ച്, ആ പാപം ചെയ്തതിലുള്ള യഥാര്‍ത്ഥ അനുതാപത്താലായിരുന്നില്ല.

കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞ ഒരു പാപം നാം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ചെയ്യുന്നുണ്ടെങ്കില്‍ ഇതാണ് മനസിലാക്കേണ്ടത്. സ്വയം ശുദ്ധീകരിക്കാനുള്ള ശ്രമം മാത്രമാണ് നാം അവിടെ നടത്തുന്നത്, മറിച്ച് ആ പാപത്തില്‍ നിന്ന് പിന്തിരിയാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമോ പരിശ്രമമോ അല്ല നടത്തുന്നത്. അതായത്, മനസ്താപപ്രകരണത്തില്‍ നാം ചൊല്ലുന്ന ‘പാപസാഹചര്യങ്ങളെ ഉപേക്ഷിക്കും’ എന്ന പ്രതിജ്ഞ വ്യാജമാണ്.

യഥാര്‍ത്ഥ പാപബോധവും പാപത്തെക്കുറിച്ചുള്ള അനുതാപവും ആ പാപത്തില്‍ നിന്ന് പിന്തിരിയാനുള്ള ആഗ്രഹവും ദൃഢനിശ്ചയവുമാണ് കുമ്പസാരത്തിന് അണയുന്നതിന് മുമ്പുതന്നെ ഹൃദയത്തില്‍ ഉടലെടുക്കേണ്ടത്. വി. ഇഗ്നേഷ്യസ് ലെയോള ഇതേക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. പാപത്തിലേയ്ക്കുള്ള നമ്മുടെ ചായ്‌വിനെയാണ് ആദ്യം പരിഹരിക്കേണ്ടത്. അതിനുശേഷം വേണം കുമ്പസാരത്തിനണയാന്‍ എന്നാണ് വിശുദ്ധന്‍ പഠിപ്പിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ബലഹീനതകളെ നേരിടാനുള്ള മാര്‍ഗ്ഗമാണ്, അത്യാഗ്രഹങ്ങളോട് നോ പറയുക എന്നതും ഒട്ടും ആകര്‍ഷകമല്ലാത്ത എന്നാല്‍, നമ്മെ നന്മയിലേക്ക് നയിക്കുകയും ചെയ്യുന്ന കാര്യങ്ങളോട് യെസ് പറയുകയും ചെയ്യുക എന്നത്. പാപം ചെയ്യും എന്ന് നമുക്ക് തന്നെ ഉറപ്പുള്ള വഴിയിലൂടെ മാത്രമേ വീണ്ടും വീണ്ടും നടക്കുകയുള്ളൂ എന്ന് വാശിപിടിക്കാതെ വഴിമാറി നടക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.