ചെറിയ കാര്യങ്ങളില്‍ വിശ്വസ്തരായിരിക്കാം

നല്ലവനും വിശ്വസ്തനുമായിരിക്കാന്‍ സുവിശേഷത്തിലൂടെ കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നുണ്ട്. ആരാണ് യഥാര്‍ത്ഥത്തില്‍ നല്ലവന്‍? ഈശോ തന്നെ ഇതിന് ഉത്തരം നല്‍കുന്നുണ്ട്. ദൈവം ഒരുവനല്ലാതെ നല്ലവനായി മറ്റാരുമില്ല. ആരാണ് വിശ്വസ്തന്‍? പഴയനിയമത്തില്‍ ദൈവം മോശയോട് ഇപ്രകാരം പറയുന്നു: “സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനായ കര്‍ത്താവ്. അപ്പോള്‍ ദൈവമാണ് നല്ലവനും വിശ്വസ്തനും.” നല്ലവനും വിശ്വസ്തനുമായ ഈ ദൈവം നമ്മോട്, അവിടുത്തെ മക്കളോട് പറയുകയാണ്: “നിങ്ങളും എന്നെപ്പോലെ നല്ലവരാകുക, വിശ്വസ്തരാകുക.”

ഒരുപക്ഷേ,  ഇന്ന് മനുഷ്യരില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്വഭാവസവിശേഷതകളാണിവ. സത്യത്തില്‍ നല്ലവരായിരിക്കുക, വിശ്വസ്തരായിരിക്കുക ഇവയൊക്കെ എത്ര സുന്ദരമായ കാര്യങ്ങളാണ്. വിശ്വസ്തരായിരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം നല്ലവരാകുന്നത്. വ്യക്തിപരമായ ജീവിതത്തോടും അതുപോലെ തന്നെ ദൗത്യത്തോടുമൊക്കെ വിശ്വസ്തത പുലര്‍ത്തുക.

വിശ്വസിക്കുന്ന ദൈവികസത്യങ്ങളോട്, ജീവിതത്തെ മൂല്യബോധ്യത്തോടെ നയിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ദൈവവചനത്തോട്, നിത്യജീവിതത്തിന്റെ തുറമുഖത്തേയ്ക്ക് കൈപിടിച്ചു നടത്തുന്ന തിരുസഭയോട്, കുടുംബത്തോട് ജീവിതപങ്കാളിയോട്, മക്കളോട്, മാതാപിതാക്കന്മാരോട്, സ്‌നേഹിതരോട് ചുരുക്കത്തില്‍ ചുറ്റുമുള്ള എല്ലാവരോടും എല്ലാറ്റിനോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് നമുക്ക് നല്ലവരാകാം. അങ്ങനെ നമ്മുടെ മതപരമായ ജീവിതത്തെ പ്രവര്‍ത്തികള്‍ കൊണ്ട് ജീവസുറ്റതാക്കാം. അപ്പോള്‍ നമ്മള്‍ നല്ലവനും വിശ്വസ്തനുമായ സ്വര്‍ഗ്ഗീയപിതാവിന്റെ മക്കളായിത്തീരും.