ജോൺസൺ മദ്യപാനത്തിൽ നിന്നും തിരിഞ്ഞുനടന്നത് ജീവിതത്തിലേക്ക്

സി. സൗമ്യ DSHJ

“വെളുപ്പിനെ മൂന്നു മണി സമയം വരെ മദ്യലഹരിയിൽ മുറ്റത്തോട് ചേർന്നുള്ള വഴിയിൽ കിടന്നു. ആ രാത്രിയിൽ അവിടെ എനിക്ക് കാവലായി ഭാര്യയും. ഞാൻ കണ്ണു തുറന്നപ്പോൾ ഭാര്യ ഫിലോമിന എന്റെ അടുത്ത് ഇരിക്കുന്നു. ആ രാത്രി മുഴുവനും അവൾ എനിക്ക് കൂട്ടായി അവിടെ ഉണ്ടായിരുന്നുവെന്ന് എനിക്ക് മനസിലായി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ എനിക്ക് കുടിക്കാൻ തോന്നിയില്ല. അന്ന് ഞാൻ തീരുമാനിച്ചു, ഇനി മേലിൽ കുടിക്കില്ലെന്ന്” – ഇന്ന് കർഷകനായ ജോൺസൺ പറയുന്നു.

ജോൺസൺ കൃഷിപ്പണികളിലേക്ക് തിരിഞ്ഞിട്ടു ഇപ്പോൾ എട്ടു വർഷത്തോളമായി. മദ്യപാനം നിർത്തിയ ശേഷം എസ്റ്റേറ്റിലെ പണിക്കും ലോഡിങ് പണിക്കും ഒക്കെ പോകുമായിരുന്നു. സ്ഥിരമായ ജോലിയില്ലാത്ത സാഹചര്യം, മദ്യപാനത്തിലൂടെ കളഞ്ഞ പണമൊക്കെ തിരിച്ചുപിടിക്കണമെന്ന ആവേശം അത് ജോൺസൺ എന്ന വ്യക്തിയെ എല്ലു മുറിയെ അദ്ധ്വാനിക്കുക എന്ന തീരുമാനത്തിലാണ് കൊണ്ടുവന്നെത്തിച്ചത്. ഇന്ന് അദ്ദേഹം തന്റെ കുടുബത്തിനു വേണ്ടി കഠിനമായി അദ്ധ്വാനിക്കുന്ന നല്ലൊരു പിതാവും കുടുംബനാഥനുമാണ്. ഇരുപതു സെന്ററിൽ കൃഷി തുടങ്ങിയ ജോൺസൺ ഇന്ന് ഒന്നരയേക്കറോളം ഭൂമി സ്വന്തമായി നേടി.

മദ്യപാനം ഉപേക്ഷിക്കാൻ കാരണം

രാവിലെ പണിക്കിറങ്ങുമ്പോൾ മദ്യപിക്കരുത് എന്ന ആഗ്രഹത്തോടെയാണ് ജോൺസൺ പോകാറുള്ളത്. എന്നാൽ, ആ ആഗ്രഹത്തിന് അൽപനേരത്തെ ആയുസേ ഉണ്ടാകാറുള്ളൂ. അടുത്ത് മദ്യഷാപ്പ് കാണുന്നതു വരെ മാത്രം. മദ്യപിക്കാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ.

അങ്ങനെയിരിക്കെ ഇടവകയിൽപ്പെട്ട ഒരാൾ മരിച്ചു. അദ്ദേഹത്തിന്റെ മൃതസംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ പോയപ്പോഴും മദ്യപിച്ചു. അന്നൊക്കെ മദ്യപാനം സ്ഥിരമായിരുന്നു. രണ്ടു കാലിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥ. മൃതസംസ്ക്കാര ശുശ്രൂഷയ്ക്കിടെ സെമിത്തേരിയിൽ എത്തിയപ്പോൾ കല്ലറയ്ക്കകത്തേക്ക് വീഴേണ്ടതായിരുന്നു. അണക്കര ഫൊറോന പള്ളിയിലായിരുന്നു മൃതസംസ്ക്കര ശുശ്രൂഷകൾ. തിരിച്ചു വരുന്ന വഴിയിലും വഴിയിൽ കാണുന്നവരോടൊക്കെ വഴക്കുണ്ടാക്കി. വീടിന്റെ മുറ്റം വരെ എങ്ങനെയോ എത്തിയത് ജോൺസന് ഓർമ്മയുണ്ട്. അവിടെ വീണുപോയി. ഭാര്യക്ക് എന്നെ തനിയെ എടുത്ത് അകത്ത് കിടത്താൻ സാധിക്കില്ലായിരുന്നു. മക്കൾ രണ്ടു പേരുമാകട്ടെ തീരെ ചെറുപ്പവും.

“വെളുപ്പിനെ മൂന്നു മണി സമയം വരെ മദ്യലഹരിയിൽ മുറ്റത്തോട് ചേർന്നുള്ള വഴിയിൽ അങ്ങനെ കിടന്നു. ആ രാത്രിയിൽ അവിടെ എനിക്ക് കാവലായി ഭാര്യയും. ഞാൻ കണ്ണു തുറന്നപ്പോൾ ഫിലോമിന എന്റെ അടുത്ത് ഇരിക്കുന്നു. ആ രാത്രി മുഴുവനും അവൾ എനിക്ക് കൂട്ടായി അവിടെ ഉണ്ടായിരുന്നുവെന്ന് എനിക്ക് മനസിലായി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ എനിക്ക് കുടിക്കാൻ തോന്നിയില്ല. അന്ന് ഞാൻ തീരുമാനിച്ചു, ഇനി മേലിൽ കുടിക്കില്ലെന്ന്” – ജോൺസൺ പറയുന്നു.

കുടി നിർത്താൻ തീരുമാനിച്ചെങ്കിലും സാഹചര്യങ്ങൾക്കൊന്നും ഒരു മാറ്റവും ഇല്ല. എസ്റ്റേറ്റിലെ പണിക്കും ലോഡിങ് പണിക്കും ഒക്കെ പോകാൻ തുടങ്ങി. കുടുംബത്തിൽ നിന്നും വീതമായി ലഭിച്ച 25 സെന്റ് സ്ഥലമേ ആകെയുള്ളൂ. അവിടെ കൃഷി ചെയ്താണ് തുടക്കം. കൂട്ടുകാരു കൂടി മദ്യപിക്കാൻ പൊയ്ക്കൊണ്ടിരുന്ന ജോൺസൺ പിന്നീട് അത് ഉപേക്ഷിച്ചു. ആദ്യം പശുവിനെയും ആടിനെയും മേടിച്ചു. പതിയെ കൃഷികളും ആരംഭിച്ചു. അതൊരു ചെറിയ തുടക്കമായിരുന്നു.

മദ്യപാനത്തിൽ നിന്നും പിന്തിരിയാൻ കരുത്ത് നൽകിയത് പ്രാർത്ഥന

“മരിയൻ ധ്യാനം നടക്കുന്നുണ്ട്. അവിടെ ബുക്ക് ചെയ്താലേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. നീ പോകണം, ഞാൻ ബുക്ക് ചെയ്തേക്കാം” – അന്ന് അണക്കര ഇടവക വികാരിയായിരുന്ന ഫാ. ജോണ്‍ വെട്ടുവേലില്‍ പറഞ്ഞു. ധ്യാനത്തിന്  പോയേക്കാമെന്ന് ജോൺസൺ തീരുമാനിച്ചു. കാരണം, മദ്യപാനം നിർത്താൻ തീരുമാനിച്ചിട്ട് ഒന്നു-രണ്ടു ദിവസങ്ങളേ ആയിട്ടുള്ളൂ അന്ന്. അങ്ങനെ ശനിയാഴ്‌ച തുടങ്ങിയ ധ്യാനം വ്യാഴാഴ്ച വരെ കൂടി തിരിച്ചുവന്നു.

അതിനുശേഷം, എല്ലാവരുടെയും കൂടെ പതിവു പോലെ പണിക്കു പോകാൻ തുടങ്ങി. പഴയ സാഹചര്യങ്ങൾ, ആൾക്കാർ… എന്നാൽ, ജോണ്സണിന്റെ തീരുമാനം ഉറച്ചതായിരുന്നു. എസ്റ്റേറ്റിലെ ജോലിയും ലോഡിങ് ജോലിയും ഒക്കെയാണ് അന്ന് അദ്ദേഹം ചെയ്യുന്നത്. ശമ്പളം തീരെ കുറവായിരുന്നു, സ്ഥിരമായ പണിയുമില്ല. അങ്ങനെയാണ് മറ്റെന്തെങ്കിലും പണികളും വേണം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.

ഓണത്തിന്റെ സമയമായപ്പോൾ നാട്ടിൽ നിൽക്കണ്ട എന്ന് സ്വയം തീരുമാനിച്ചു. മറ്റൊരു ധ്യാനത്തിലും കൂടി പങ്കെടുക്കാനൊരുങ്ങി. തന്നിലെ പഴയ സ്വഭാവം പുറത്തുവരുമോ എന്ന പേടിയും ജോൺസണ് ഉണ്ടായിരുന്നു. “ഓണത്തിന് ഇവിടെ വേണ്ട, ധ്യാനത്തിനു പോയേക്കാം. എങ്ങാനും മദ്യപിക്കാൻ തോന്നിയാലോ” – ആ ചിന്തയാണ് അദ്ദേഹത്തെ ആ പ്രദേശത്തു നിന്നുതന്നെ മാറിനിൽക്കാൻ പ്രേരിപ്പിച്ചതും ധ്യാനത്തിൽ സംബന്ധിക്കാൻ തീരുമാനിച്ചതും. അതിനു ശേഷമാണ് പശുവിനെയും ആടിനെയുമൊക്കെ മേടിക്കുന്നത്.

ഇപ്പോൾ ഒറ്റ ദിവസവും സന്ധ്യാപ്രാർത്ഥന മുടക്കാറില്ല ജോൺസണും കുടുംബവും. കോവിഡിന് മുമ്പു വരെ ഞായറാഴ്ച കുർബാനയും മുടക്കിയിട്ടില്ല. വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് പശുവിനെ കറന്ന് ആറു മണിക്കുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരിക്കും. അത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

കൃഷിയിലേക്ക്

കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും വാഴയും പച്ചക്കറികളും ഒക്കെ കൃഷി തുടങ്ങി. പതിയെപ്പതിയെ കൃഷി വർദ്ധിപ്പിച്ചു. ഏലം, കുരുമുളക്, കാപ്പി എന്നിവയും കൃഷിയുടെ ഭാഗമായി. പഞ്ചായത്തിൽ നിന്ന് മികച്ച കർഷകനുള്ള അവാർഡും സ്വന്തമാക്കി. കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും, പത്തു വർഷങ്ങൾക്കുള്ളിൽ ഒന്നരയേക്കർ ഭൂമി സ്വന്തമായി വാങ്ങാനും ജോൺസൺ സാധിച്ചു.

മുൻപ് ഭാര്യ ഫിലോമിന എസ്റ്റേറ്റിൽ പണിക്കു പോകുമായിരുന്നു. ഇപ്പോൾ കൃഷികാര്യങ്ങളിൽ ജോൺസണെ സഹായിക്കാൻ ഒപ്പമുണ്ട്. പഴയ കൂട്ടുകാരും സാഹചര്യങ്ങളും ഒക്കെ ജോൺസന്റെ കൂടെ തന്നെയുണ്ട്. എങ്കിലും പിന്നീട് മദ്യപാനത്തിലേക്ക് അദ്ദേഹം പോയിട്ടില്ല. പതിനൊന്നു വർഷങ്ങളായി അദ്ദേഹം ഇപ്പോൾ മദ്യപിച്ചിട്ട്. ഇടയ്ക്ക് ധ്യാനം കൂടാൻ പോകും.

ജെറിൻ, ജസ്റ്റിൻ എന്നീ രണ്ടു മക്കളാണ് ജോൺസൺ ഉള്ളത്. മൂത്തയാൾ പ്ലസ് വണ്ണിലും ഇളയവൻ പത്താം ക്‌ളാസിലും പഠിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.