പിശാചിന്റെ തന്ത്രങ്ങളെ അകറ്റിനിര്‍ത്താന്‍ വിശുദ്ധ പീറ്റര്‍ ഡാമിയന്‍ നിര്‍ദ്ദേശിക്കുന്ന ശക്തമായ ആത്മീയ ആയുധം

    നമ്മുടെ ഒക്കെ ആത്മീയജീവിതത്തില്‍ നിരവധി പ്രലോഭനങ്ങളും ദുഷ്‌പ്രേരണകളും ഉണ്ടാകാറുണ്ട്. പല തരത്തിലുള്ള പിശാചിന്റെ തന്ത്രങ്ങളെ അതിജീവിക്കുവാന്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ ദൈവം നല്‍കിയിട്ടുണ്ട്. അവ വിശുദ്ധന്മാരിലൂടെ അവിടുന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്.

    പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിശുദ്ധ പീറ്റര്‍ ഡാമിയന്‍. ഈ ആത്മീയായുധത്തിന്റെ ശക്തിയാല്‍ പിശാചുക്കള്‍ അത് എവിടെനിന്ന് വന്നുവോ അവിടേയ്ക്കു ഓടിപ്പോകുന്നതായി ദര്‍ശിക്കുവാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിശുദ്ധന്‍ വ്യക്തമാക്കുന്നു.

    തന്റെ അനന്തരവന് എഴുതിയ കത്തിലാണ് വിശുദ്ധന്‍ ഈ കാര്യം വെളിപ്പെടുത്തുന്നത്. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്നു വിശുദ്ധ പീറ്റര്‍ ഡാമിയന്‍. ഈശോയോടുള്ള സ്‌നേഹത്താല്‍ ലോകത്തിന്റേതായ എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച വ്യക്തി. ആത്മീയജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുമ്പോള്‍ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ പിശാചിന്റെ പ്രലോഭനങ്ങള്‍ വര്‍ദ്ധിക്കുന്നതായി അദ്ദേഹത്തിന് ദര്‍ശിക്കുവാന്‍ കഴിഞ്ഞു.

    പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള ശക്തിക്കായുള്ള പ്രാര്‍ത്ഥനയിലാണ് അദ്ദേഹത്തിന് ശക്തമായ ആ ആത്മീയ ആയുധത്തെക്കുറിച്ച് വെളിപാട് ലഭിക്കുന്നത്. അത്  മറ്റൊന്നുമല്ല, വിശുദ്ധ കുര്‍ബാന സ്വീകരണം തന്നെ. ഈശോയുടെ തിരുശരീര-രക്തങ്ങളുടെ സ്വീകരണം പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ നമ്മെ സഹായിക്കും.

    ഈശോയുടെ തിരുശരീര-രക്തങ്ങള്‍ സ്വീകരിക്കുന്ന ഒരു വ്യക്തിയില്‍ ദൈവത്തിന്റെ മുദ്ര പതിയുന്നു. അവര്‍ പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിതരാകുന്നു. ദൈവത്തിന്റെ മുദ്ര പതിയുന്ന വ്യക്തികളില്‍ നിന്നും പിശാച് ഓടിയകലുകയും എവിടെ നിന്നാണോ വരുന്നത് അവിടേയ്ക്കുതന്നെ മടങ്ങുകയും ചെയ്യുന്നു എന്ന് വിശുദ്ധന്‍ സാക്ഷ്യപ്പെടുത്തുന്നു.

    പിശാചിന്റെ തല തകര്‍ക്കുവാനുള്ള ഏറ്റവും മികച്ച ആത്മീയ ആയുധമാണ് വിശുദ്ധ കുര്‍ബാനയുടെ സ്വീകരണം. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വ്യക്തികളില്‍ പിശാചിന് പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല. പിശാചിനെ ഒഴിപ്പിക്കുന്നവരും ഈ വസ്തുത അംഗീകരിക്കുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.