ദൈവാനുഗ്രഹം നേടാന്‍ പാലിക്കേണ്ട വ്യവസ്ഥകള്‍

ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്റെ കഴിവുകൊണ്ടുനേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ്. അനുഗ്രങ്ങള്‍ ലഭിക്കുന്നതിനായി മനുഷ്യന്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഉല്‍പ്പത്തി പുസ്തകത്തിന്റെ 12ാം അദ്ധ്യായത്തില്‍ അബ്രാഹവുമായി ദൈവം നടത്തുന്ന സംഭാഷണത്തില്‍ ഈ അനുഗ്രഹത്തിന്റെ വ്യവസ്ഥകള്‍ നാം കാണുന്നുണ്ട്.

അബ്രാഹം അനുഗ്രഹം പ്രാപിച്ചതിന്റെ ഒന്നാമത്തെ കാരണം ത്യജിക്കേണ്ടതിനെ ത്യജിക്കാനുള്ള സന്നദ്ധതയായിരുന്നു. സ്വന്തദേശത്തെയും പിതൃഭവനത്തെയും ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനതു ചെയ്തു. ഭൗതികമായി നേടുവാന്‍ കഴിയുമായിരുന്ന സൗഭാഗ്യങ്ങളെ അബ്രാഹം ഉപേക്ഷിച്ചു. ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണമെങ്കില്‍ ഈ ലോകത്തോട് നമ്മെ ആകര്‍ഷിപ്പിക്കുന്നതും, നമ്മുടെ ആശകളെ വശീകരിക്കുന്നതുമായ ഭൗതികകാര്യങ്ങളോടുള്ള വേര്‍പാട് ആവശ്യമാണ്.

രണ്ടാമതായി നമ്മുടെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ് ദൈവാനുഗ്രഹം കടന്നു വരുന്നത്. പരിഭവം കൂടാതെ അബ്രാഹം തന്റെ പ്രിയപ്പെട്ട മകനെ ദൈവത്തിനു കൊടുത്തു. ഏറ്റവും ഇഷ്ടപ്പെട്ടതൊക്കെ ജീവിതത്തില്‍ നഷ്ടപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുവാന്‍ നമുക്കു കഴിയുമോ?

മൂന്നാമത്, സോദോമില്‍ നിന്നും അനര്‍ഹമായി ലഭിച്ച ധനമെല്ലാം അബ്രാഹം ഉപേക്ഷിച്ചു. പണസംബന്ധമായ കാര്യങ്ങളിലെ ചെറിയ അവിശ്വസ്തതകള്‍പോലും ദൈവത്തില്‍ നിന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് തടസ്സമായിത്തീരാം.

നാലാമതായി അബ്രഹാമിനെ ദൈവം അനുഗ്രഹിച്ചതിന്റെ ഒരു പ്രധാന കാരണം അവന്റെ അനുസരണമാണ്. തന്റെ ഭവനത്തില്‍ വളര്‍ന്ന ഹാഗാറിനെയും ഇസ്മായേലിനെയും അബ്രാഹം അനുസരണം മൂലം ഉപേക്ഷിച്ചു. പ്രിയപുത്രന്‍ ഇസഹാക്കിനെ ബലിയര്‍പ്പിക്കുവാനാവശ്യപ്പെട്ടപ്പോള്‍ അപ്രകാരം പ്രവര്‍ത്തിക്കുവാന്‍ അബ്രാഹം സന്നദ്ധനായി.

അവസാനമായി ഒരു വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ‘ഇതാ കര്‍ത്താവിന്റെ ദാസി’യെന്ന് സമര്‍പ്പണമനസ്സോടെ മറിയം പറഞ്ഞപ്പോഴാണല്ലോ ദൈവപുത്രന്‍ ഭൂജാതനായത്. ദൈവത്തിനുവേണ്ടി സമര്‍പ്പിച്ചവരെയെല്ലാം അവിടുന്ന് അനുഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവഹിതത്തിന് സ്വയംവിട്ടുകൊടുത്തുകൊണ്ട് അനുസരണത്തിന്റെ വഴിയില്‍ നമുക്കും യാത്ര തുടരാം.