കുരിശിന്റെ വഴിയിലെ ഭാഗ്യവാൻ

കുരിശിന്റെ വഴിയില്‍ ശിമയോനോളം അനുഗ്രഹം പൂണ്ട മറ്റൊരാള്‍ ഉണ്ടെന്നു തോന്നുന്നില്ല. മൂന്നു വര്‍ഷം നിഴലായി കൂടെ നടന്നവര്‍ക്കുപോലും കിട്ടാത്ത ഭാഗ്യമാണ് ശിമയോനു ലഭിക്കുന്നത്. ക്രിസ്തുവിന്റെ തോളോട് ചേര്‍ന്നുനിന്ന് അവന്‍ ചുമക്കുന്ന കുരിശിന്റെ ഭാരം പങ്കിടുക. സ്വര്‍ഗ്ഗം ശിമയോനു കരുതിവച്ച അനുഗ്രഹം.

ചെറുപ്പം മുതല്‍ ദേവാലയഭിത്തിയില്‍ കണ്ടുപരിചയിച്ച സ്ലീവാപ്പാത ചിത്രങ്ങളില്‍ ഒരു നരച്ച താടിക്കാരന്‍ ശിമയോനെയാണു കണ്ടിട്ടുള്ളത്. മുപ്പത്തിമൂന്നുകാരന്റെ വേദനയില്‍ സഹായമാകുന്നത് നര വീണ വയസ്സന്‍. എവിടെ, സ്‌നേഹിതരെന്നു വിളിച്ചുചേര്‍ത്തു നിര്‍ത്തിയവര്‍? മരണത്തില്‍ നിന്നും തിരിച്ചുവന്ന സ്‌നേഹിതന്‍ ലാസര്‍? (ഒരാളെ വിസ്മരിക്കതെ വയ്യ – കുരിശിന്റെ വഴിയില്‍ അല്പം മാറിയെങ്കിലും അനുഗമിച്ച യോഹന്നാന്‍. മകന്റെ പീഡകളില്‍ തകര്‍ന്ന അമ്മയ്ക്കു സാന്ത്വനമായി നിന്നവന്‍. ഒരുപക്ഷേ, യോഹന്നാന്‍ കൂടെ കുരിശിനു താഴെ ഇല്ലായിരുന്നുവെങ്കില്‍ കുരിശില്‍ നിന്നും താഴേയ്ക്കു നോക്കുന്ന ക്രിസ്തു പാടേ തകര്‍ന്നുപോയേനെ).

വയസ്സന്‍ ശിമയോന്‍ എന്ന കാഴ്ച്ചപ്പാട് ആദ്യം മാറ്റിമറിക്കുന്നത് മെല്‍ഗിബ്‌സന്റെ പാഷന്‍ ഓഫ്ദി ക്രൈസ്റ്റ് എന്ന ചിത്രമാണ്. ഒരു നാല്പതുകാരന്‍ ശിമയോന്‍. ക്രിസ്റ്റഫര്‍ സ്‌പെന്‍സറിന്റെ സണ്‍ ഒഫ് ഗോഡ് എന്ന ചിത്രത്തിലെ ശിമയോന്‍ ഒരു കറുത്തിരുണ്ട മുപ്പതുകാരന്‍. പകലിന്റെ വെയിലേറ്റു കരുവാളിച്ച കര്‍ഷകന്‍ – പുറം കറുത്തതെങ്കിലും ഉള്ളില്‍ വെളിച്ചം കൊണ്ടുനടക്കുന്നവന്‍ – സാധാരണക്കാരന്‍.

അധികമായില്ല, കെട്ടിടത്തിനു മുകളില്‍ നിന്നും വീണു പരിക്കേറ്റ പാവത്തിന്, ചുറ്റും കൂടിയ ഒരാളില്‍ നിന്നുപോലും കരുണ ലഭിച്ചില്ല. ഒടുവില്‍ ഒരമ്മയും മകളുമാണ് അയാള്‍ക്ക് സഹായമാകുന്നത്. സംഭവം നമ്മുടെ കേരളത്തിലാണെന്നതാണ് ഏറെ ഞെട്ടിച്ചത്. എന്തിനേറെ, ഒരിത്തിരി അരി മോഷ്ടിച്ചെന്ന് ആരോപിച്ച് (ആരോപണം സത്യമാണെന്നു തെളിഞ്ഞിട്ടില്ല, തെളിഞ്ഞാല്‍ തന്നെയും ഒരു സാധുമനുഷ്യനെ ക്രൂരമായി വിചാരണ ചെയ്ത് കൊലപ്പെടുത്താന്‍ ആര് ഇവര്‍ക്കു അധികാരവും അവകാശവും കൊടുത്തു?) ‘മധു’ എന്ന പാവം ചെറുപ്പക്കാരനെ കെട്ടിയിട്ട് തല്ലിചതച്ചപ്പോള്‍ അവനുവേണ്ടി വാദിക്കാന്‍ പോലും ആരുമുണ്ടായില്ല എന്നുള്ളതു സങ്കടകരമാണ്. നിസ്സഹായനായി നിന്ന അയാളുടെ അടുത്തുനിന്ന് സെല്ഫിയെടുത്ത കാപാലികന്മാരെ എന്തു പേരിട്ടു വിളിക്കും. ‘വിശന്നിട്ടാണു സാറേ’ എന്നു നിലവിളിച്ചവനെ എല്ലാവരും കൂടി തല്ലിക്കൊന്നില്ലേ? ‘വിശപ്പിന്റെ വിലയറിയാതെ വളര്‍ന്നവര്‍ വിശപ്പിന്റെ വേദന കൊണ്ട് പുളഞ്ഞവനെ കൊന്നുകളഞ്ഞു.’

ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ച് ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു – കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട അപൂര്‍വ്വം വരികളിലൊന്ന്. അപരനില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയാത്തവന് ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ അവകാശമില്ല. അറിയുമോ അട്ടപ്പാടിയുടെ തെരുവില്‍ നിസഹായനായി കൈ കെട്ടപ്പെട്ടുനിന്നു കരഞ്ഞ ആ മനുഷ്യന്‍ ക്രിസ്തുവായിരുന്നു. ഉയരത്തില്‍ നിന്നും വീണു വഴിയരികില്‍ കിടന്ന ആ ചെറുപ്പക്കാരന്‍ ക്രിസ്തുവായിരുന്നു. ഉള്ളിലെ സങ്കടങ്ങള്‍ പറഞ്ഞു നിന്റെ മുമ്പിലിരുന്നു കരയുന്ന സ്‌നേഹിതന്‍/ സ്‌നേഹിത ക്രിസ്തുവാണ്. വഴിയില്‍ പൊരിയുന്ന വെയിലത്ത് നിന്റെ വാഹനത്തിനു കൈ കാണിക്കുന്ന വയസ്സന്‍ ക്രിസ്തുവാണ്. ദാ നിന്റെ മുമ്പില്‍ നില്‍ക്കുന്നവന്‍, ബസ്സില്‍ നിന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്നവന്‍, നിന്റെ മുമ്പില്‍ നടക്കുന്നവന്‍, പുറകില്‍ നടക്കുന്നവന്‍ …. അങ്ങനെ എല്ലാവരും ക്രിസ്തു തന്നെ.

ആദ്യം അവരിലെ ക്രിസ്തുവിനെ കണ്ടെത്താന്‍ കഴിയണം. പിന്നെ അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരമേറിയ കുരിശു കാണണം. എന്നിട്ട് പതിയെ സ്വന്തം തോളുചേര്‍ത്ത് ആ കുരിശിന്റെ ഭാരം പങ്കിടണം. പിന്നെ ഗാഗുല്‍ത്താ വരെ കൂടെ നടക്കണം (ആറാം സ്ഥലം മുതല്‍ പത്താം സ്ഥലം വരെ സ്ലീവാപാതയില്‍ ശിമയോനെ ചിത്രീകരിക്കാത്തതു വലിയ അപൂര്‍ണ്ണതയാണ്). ശിമയോന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കിലും ആ മുഖമൊന്നു തുടച്ച് ആശ്വാസവാക്കു പറയുന്ന വെറോനിക്കയെങ്കിലും ആകണം.

ക്രിസ്തുവിന്റെ അനുയായി എന്നു ഹുങ്കു പറഞ്ഞുനടന്നിട്ടു കാര്യമില്ല. നിന്റെ മുമ്പിലുള്ള ക്രിസ്തുവിനെ കാണാന്‍ കഴിയണം. മറ്റൊന്നും വേണ്ട, അപരന്റെ ജീവിതവേദനകള്‍ക്കിടയില്‍ഒരു ചെറുപുഞ്ചിരി കൊണ്ടെങ്കിലും ആശ്വാസം പകരുന്ന ശിമയോനാകാന്‍ നമുക്കു കഴിയട്ടെ.

ബിന്റോജ് തേവര്‍കുന്നേൽ