സാത്താനെതിരെ പോരാടാനുള്ള വഴി

സാത്താനെതിരെ പോരാടാന്‍ ഏറ്റവും നല്ല വഴി അവനെതിരെ പ്രതിരോധം തീര്‍ക്കുക എന്നതാണ്. വചനം പറയുന്നു: ‘കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ. എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ! എന്റെ ജീവനെ വാളില്‍ നിന്നു രക്ഷിക്കണമേ! എന്നെ നായയുടെ പിടിയില്‍ നിന്നു മോചിപ്പിക്കണമേ! സിംഹത്തിന്റെ വായില്‍ നിന്ന് എന്നെ രക്ഷിക്കണമേ! കാട്ടുപോത്തിന്റെ കൊമ്പുകളില്‍ നിന്ന് മുറിവേറ്റ എന്നെ മോചിപ്പിക്കണമേ! ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും. സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും’ (സങ്കീ. 22:19-22).

സങ്കീര്‍ത്തനത്തില്‍ പറഞ്ഞിരിക്കുന്ന നായയും സിംഹവും കാട്ടുപോത്തുമെല്ലാം പിശാചുക്കളെയാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും തരത്തില്‍ എന്നെങ്കിലും പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ സ്വമേധയാ വഴിപ്പെട്ടിട്ടുണ്ടെങ്കില്‍ (ഉദാഹരണമായി മന്ത്രവാദം, കൂടോത്രം, പിശാചുസേവ) അവ മൂലം ദുരാത്മാക്കള്‍ നമ്മുടെ മനസ്സുകളെ കൂടുതല്‍ സ്വാധീനിക്കും.

അതുപോലെ തന്നെ അയോഗ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചാലും പിശാച് നമ്മുടെ മനസ്സിനെ കൂടുതല്‍ സ്വാധീനിക്കും. ഉദാഹരണം യൂദാസ് തന്നെ. യേശു വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ഉടനെ അരുളിച്ചെയ്തു: ‘എന്നാല്‍ ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേല്‍ തന്നെയുണ്ട്’ (ലൂക്കാ 22:21). ആരാണ് ഒറ്റിക്കൊടുക്കാനിരിക്കുന്നത് എന്ന് യോഹന്നാന്‍ യേശുവിനോടു ചോദിച്ചപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു: ‘അപ്പക്കഷണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ.’ അവന്‍ അപ്പക്കഷണം മുക്കി ശിമയോന്‍ സ്‌ക്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു (യോഹ. 13:26-27). അവന്റെ ചിന്താമണ്ഡലത്തെയാണ് സാത്താന്‍ ബാധിച്ചത്. ‘ഉടനെ അവന്‍ പുറത്തുപോയി. അപ്പോള്‍ രാത്രിയായിരുന്നു’ (യോഹ. 13:30). അതിനു ശേഷമാണ് യൂദാസ് ഒറ്റിക്കൊടുക്കുന്ന പ്രവൃത്തി ഗത്സമനിയില്‍ വെച്ച് ചെയ്തത്.

എന്നാല്‍, അപ്പം സ്വീകരിക്കുന്ന അവസരത്തില്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ മനസ്സില്‍ തീരുമാനമെടുത്തിരുന്നു. അയോഗ്യമായി കൂദാശകള്‍ സ്വീകരിക്കുമ്പോള്‍ സാത്താന്‍ നമ്മുടെ ചിന്താമണ്ഡലങ്ങളെ സ്വാധീനിക്കും. അതിനാല്‍, ദുഷ്ടാരൂപിയായ പിശാചില്‍ നിന്ന് മോചനം നേടാന്‍ രക്ഷകനായ യേശുവില്‍ നമുക്ക് ആശ്രയിക്കാം.