ദേഷ്യം നിയന്ത്രിക്കാന്‍

ദേഷ്യം ഒരു സ്വാഭാവിക വികാരമാണ്. എന്നാലത് അമിതമായാല്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ വളരെ വലുതാണ്. അമിതമായി ദേഷ്യപ്പെട്ടാല്‍ ബന്ധങ്ങള്‍ വഷളാകുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കടുത്ത ദേഷ്യത്തില്‍ വിളിച്ചു പറയുന്ന കാര്യങ്ങള്‍ ഓര്‍ത്ത് പിന്നീട് ദുഖിക്കേണ്ടിയും വരുന്നു. അതിനാല്‍ അമിതമായി കോപം വരുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ ചുവടെ പറയുന്ന മാര്‍ഗങ്ങള്‍ പാലിക്കുക ദേഷ്യം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും

അമിത ദേഷ്യത്തില്‍ പൊട്ടിത്തെറിച്ചതു കൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമാകില്ല. പക്വമായ ഒരു വാക്കിലൂടെ നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാവുന്നതാണ്. ദേഷ്യം വന്നിരിക്കുന്ന അവസ്ഥയിലാണ് ഉള്ളതെങ്കില്‍ ഒന്നു മുതല്‍ 100 വരെ എണ്ണുക. പൂര്‍ത്തിയാകുമ്പോള്‍ 100 ല്‍ നിന്നു പിന്നോട്ടും എണ്ണാവുന്നതാണ്. ഇത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് സാവധാനത്തിലാക്കുകയും പതിയെ പതിയെ ദേഷ്യം കുറയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

ദേഷ്യം വരുമ്പോള്‍ ശ്വാസന പ്രക്രിയയും വേഗത്തിലാകുന്നു. അതിനാല്‍ വളരെ സാവധാനത്തില്‍ മൂക്കിലൂടെ ദീര്‍ഘശ്വാസം എടുത്ത് ഒരു മിനിറ്റ് ശേഷം വായിലൂടെ ശ്വാസം പുറത്തു വിടുക. ഇതിലൂടെ സാവധാനം ദേഷ്യം നിയന്ത്രിക്കാവുന്നതാണ്. ദേഷ്യമുള്ള സമയത്ത് നടക്കുക. വ്യായാമം ഞരമ്പുകളെ ശാന്തമാക്കുകയും ദേഷ്യം കുറയുകയും ചെയ്യും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ട് വച്ച് ഡാന്‍സും ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ജിമ്മില്‍ പോകാം. മനസ്സിനെയും ശരീരത്തെയും റിലാക്‌സ് ചെയ്യിക്കുന്ന എന്തും ദേഷ്യം കുറയ്ക്കാനും സഹായിക്കും.

ചിലസമയത്തെ ചില വാക്കുകള്‍ നമ്മളെ വളരെയധികം സ്വാധീനിക്കും. ദേഷ്യം വരുമ്പോള്‍ റിലാക്‌സ്, ടേക്ക് ഇറ്റ് ഈസി, നിനക്കിതു ചെയ്യാന്‍ കഴിയും, എല്ലാം ശരിയാകും ഇവയില്‍ ഏതെങ്കിലും ഒന്നു പറഞ്ഞു നോക്കു ദേഷ്യം കുറഞ്ഞു സാവധാനം ശാന്തതയിലേക്ക് വരാന്‍ സാധിക്കും. ദേഷ്യം വരുമ്പോള്‍ നിശബ്ദരായിരിക്കാന്‍ ശ്രമിക്കുക. കുറച്ചു സമയം സംസാരിക്കില്ല എന്നും അടുത്ത അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ ഞാന്‍ ഓകെ ആകും എന്നും തീരുമാനിക്കുക.

യോഗ, വികാരങ്ങളെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കും. കഴുത്തും തോളും വശങ്ങളിലേക്കു തിരിക്കുകയും, കാലും കയ്യും എല്ലാം നിവര്‍ത്തുകയും മടക്കുകയും ചെയ്യുക. ഇതിലൂടെ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കും. ചെറിയ ചില ശരീര ചലനങ്ങളും ഗുണകരമാണ്. കൂടാതെ എല്ലാം തെറ്റായൊരു തോന്നല്‍ വന്നാല്‍ ഒരു നിമിഷം ശരിയിലേക്ക് ശ്രദ്ധിക്കുക. ജീവിതത്തില്‍ എത്രയെത്ര നല്ല കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടോ അതൊക്കെ ഓര്‍ക്കുക. അതിലൂടെ ദേഷ്യം നിയന്ത്രിക്കാവുന്നതാണ്.