നല്ല മരണത്തിന് തയ്യാറായിരിക്കാം

മരിച്ചുപോയവരെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഓര്‍മ്മിക്കുന്ന മാസമാണല്ലോ നവംബര്‍ മാസം. ജീവിതത്തില്‍ എപ്പോഴും മരണചിന്ത ഉണ്ടായിരിക്കണം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന മാസം. എപ്പോഴും കടന്നുവരാവുന്ന അതിഥിയാണ് മരണമെന്ന ചിന്ത നമ്മിലുണ്ടാകണം. അതുകൊണ്ട് മരണത്തെക്കുറിച്ച് തെല്ലും ഭയപ്പെടേണ്ടതില്ല.

മരണത്തിന് ഒരുങ്ങിക്കൊണ്ടുള്ള ജീവിതം നയിക്കേണ്ടത് എപ്രകാരമാണെന്ന് വിശുദ്ധ ഗ്രന്ഥം പല വചനങ്ങളിലൂടെയും നമ്മെ പഠിപ്പിക്കുന്നുണ്ട്. “ഞങ്ങളുടെ ആയുസിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ” (സങ്കീ. 90:12) എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിച്ചത്. ജോബ് ഇപ്രകാരമാണ് പ്രാര്‍ത്ഥിച്ചത്, “തടാകത്തിലെ ജലം വറ്റിപ്പോകുന്നതു പോലെയും നദി ഉണങ്ങിവരണ്ടു പോകുന്നതു പോലെയും മനുഷ്യന്‍ ശയ്യയെ അവലംബിക്കുന്നു; പിന്നെ എഴുന്നേല്‍ക്കുന്നില്ല. ആകാശങ്ങള്‍ ഇല്ലാതാകുന്നതു വരെ അവന്‍ എഴുന്നേല്‍ക്കുന്നില്ല; ഉറക്കത്തില്‍ നിന്ന് ഉണരുകയില്ല” (ജോബ് 14:11-12).

സങ്കീര്‍ത്തകന്‍ വീണ്ടും പറയുന്നു: “കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസിന്റെ ദൈര്‍ഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്ര ക്ഷണികമാണെന്ന് ഞാന്‍ അറിയട്ടെ!” (സങ്കീ. 39:4). അതുപോലെ തന്നെ, യോനാ പ്രവാചകന്റെ പുസ്തകത്തില്‍ നാം വായിക്കുന്നു. “യോനാ പുറത്തിറങ്ങി നഗരത്തിന്റെ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവന്‍ തനിക്കുവേണ്ടി ഒരു കൂടാരം നിര്‍മിച്ചു. നഗരത്തിന് എന്തു സംഭവിക്കുമെന്ന് കാണാനായി കൂടാരത്തിന്റെ കീഴില്‍ ഇരുന്നു. യോനായ്ക്ക് തണലും ആശ്വാസവും നല്കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു. പിറ്റേന്ന് പ്രഭാതത്തില്‍ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; അതു വാടിപ്പോയി” (യോനാ 4:58).

വി. പൗലോസ് ശ്ലീഹാ ഓര്‍മിപ്പിക്കുന്നു: “നാം ഈ ലോകത്തിലേയ്ക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കില്ല. ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട് നമുക്ക് തൃപ്തിപ്പെടാം” (1 തിമോ. 6:68). എല്ലാം കുന്നുകൂട്ടിവെച്ച് അനേകവര്‍ഷങ്ങള്‍ തിന്നുകുടിച്ച് ആനന്ദിക്കാന്‍ ഒരുമ്പെട്ടവനെ ‘ഭോഷാ’ എന്നാണ് ക്രിസ്തു അഭിസംബോധന ചെയ്യുന്നത്. ‘സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു’ (1 തിമോ. 5:6) എന്ന് വി. പൗലോസ് ശ്ലീഹായും പഠിപ്പിക്കുന്നു.

ഇക്കാരണത്താല്‍ നമുക്കും മരണചിന്ത ഉള്ളവരാകാം. ആ ചിന്ത നമ്മെ നല്ല മരണത്തിന് ഒരുങ്ങാന്‍ പ്രേരിപ്പിക്കട്ടെ. എപ്പോള്‍ മരിക്കേണ്ടി വന്നാലും സ്വര്‍ഗപ്രവേശം സാധ്യമാകത്തക്ക രീതിയിലാണോ എന്റെ ഇപ്പോഴത്തെ ജീവിതം എന്നാണ് നാം ചിന്തിക്കേണ്ടത്. അതുകൊണ്ട്, ആ ദിവസമോ മണിക്കൂറോ അറിയാത്തതുകൊണ്ട് സദാ ജാഗരൂകരായിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.