മംഗളവാർത്ത തിരുനാളിന് ഒരുക്കമായുള്ള പ്രാർത്ഥന 

എല്ലാ വർഷവും മാർച്ച് 25-നാണ് തിരുസഭ, മംഗളവാർത്ത തിരുനാളായി ആചരിക്കാറ്. പരിശുദ്ധ ദൈവമാതാവിന്റെ ഉദരത്തിൽ ഈശോ ഉരുവായ ദിവസം. ഈശോയുടെ പിറവിത്തിരുനാളിന് കൃത്യം ഒമ്പതുമാസം മുമ്പുള്ള ദിവസം.

പരിശുദ്ധ അമ്മ ദൈവഹിതത്തിന് പൂർണ്ണമായും വിട്ടുകൊടുത്തതു വഴി – അനുസരണത്തിന്റെ മാതൃക കാണിച്ചതുവഴി പരിശുദ്ധാത്മാവ് അത്ഭുതകരമായ രീതിയിൽ അവളിൽ പ്രവർത്തിച്ച ദിനമാണത്. ചെയ്യുന്ന എല്ലാ കാര്യത്തിലും ദൈവഹിതം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കാനും ആഗ്രഹിക്കാനും നമ്മെ പ്രചോദിപ്പിക്കുന്ന സംഭവം കൂടിയാണ് മറിയത്തിനു ലഭിച്ച മംഗളവാർത്ത. അതുകൊണ്ടു തന്നെ മംഗളവാർത്ത തിരുനാളിന് ഒരുക്കമായി ചൊല്ലാവുന്ന ഒരു നൊവേനയുണ്ട്. മാർച്ച് 25-നോട് അടുത്ത ദിവസങ്ങളിലായി ഈ നൊവേന പ്രാർത്ഥന ചൊല്ലാവുന്നതാണ്. നമ്മുടെ ആവശ്യങ്ങളിലേക്കും പ്രതിസന്ധികളിലേക്കും പരിശുദ്ധ അമ്മയുടെ സ്വർഗ്ഗീയമാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള പ്രാർത്ഥനയാണിത്.

“എത്രയും അനുഗ്രഹീതയായ പരിശുദ്ധ കന്യകാമറിയമേ, ദൈവമാതാവേ, കൃപയുടെ സിംഹാസനമേ, കരുണയുള്ള മാതാവേ, ഭൂലോക രാജ്ഞി, പാപികളുടെ സങ്കേതമേ, അങ്ങേയ്ക്ക് സ്വസ്തി. എത്രയും സ്നേഹം നിറഞ്ഞ അമ്മേ, നിന്റെ മാധുര്യത്തിലും കരുണയിലും ശരണപ്പെട്ട പാപിയായ ഞാൻ നിന്റെ സന്നിധിയിൽ അണയുന്നു. ഇപ്പോൾ ഞാൻ അപേക്ഷിക്കുന്ന ഈ പ്രത്യേക സഹായവും അനുഗ്രഹവും നിന്റെ തിരുക്കുമാരനോട് അഭ്യര്‍ഥിച്ച് എനിക്ക് നേടിത്തരണമേ… (ആവശ്യം പറയുക)

സ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ മറിയമേ, എല്ലാത്തിനുമുപരിയായി പാപത്തിൽ നിന്ന് മോചനം പ്രാപിക്കാനും അങ്ങയെപ്പോലെ എളിമയും ശുദ്ധതയും അനുസരണയും സ്വന്തമാക്കാനുള്ള കൃപയും ഈശോയോട് യാചിച്ച് നൽകണമേ. എല്ലാത്തിനുമുപരിയായി അങ്ങയുടെ സിംഹാസനത്തിൽ നിന്ന് എന്നെ നോക്കണമേ, സംരക്ഷിക്കണമേ. കരുണയുള്ള അമ്മേ, എന്റെ അപേക്ഷകൾ ഉപേക്ഷിക്കരുതേ. ജീവിതപാതയിലും പ്രത്യേകിച്ച് മരണസമയത്തും കൂടെയുണ്ടാകണമേ. ആമ്മേൻ.