നല്ല ക്രിസ്തീയകുടുംബമായി മാറാന്‍ ശ്രദ്ധിക്കേണ്ടത്

ക്രിസ്തീയകുടുംബം എന്നാല്‍ സ്വര്‍ഗത്തിന്റെ ചെറിയ പതിപ്പാകണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ജീവിതവ്യഗ്രതകള്‍ക്കിടയില്‍ പല കുടുംബങ്ങളും നരകത്തോടാണ് കൂടുതല്‍ സമാനത പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ ചിന്തിക്കണം, എങ്ങനെയായിരിക്കണം ഒരു ഉത്തമ കുടുംബം എന്ന്. കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഞാന്‍ എങ്ങനെയാണ് ജീവിക്കേണ്ടത്, എന്നോടു കൂടെ ജീവിക്കുന്നവരെ എങ്ങനെയാണ് സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തേണ്ടത് എന്നൊക്കെ. നോക്കാം എന്തൊക്കെയാണ് ഒരു കുടുംബത്തെ സ്വര്‍ഗസമാനമാക്കുന്നത് എന്ന്.

ഒരു മാതൃകാകുടുംബം എപ്പോഴും ദൈവത്തോടും സഹോദരങ്ങളോടും നല്ല സ്‌നേഹബന്ധം പുലര്‍ത്തുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥിച്ച് ദൈവവചന പാരായണത്തോടെ പ്രഭാതം ആരംഭിക്കണം. സാധിക്കുന്നിടത്തോളം അനുദിന ദിവ്യബലിയില്‍ സംബന്ധിച്ച് കൂദാശ യോഗ്യതയോടെ സ്വീകരിച്ച് കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ ദൈവസ്‌നേഹത്തെപ്രതി വിശ്വസ്തതയോടും സന്തോഷത്തോടും കൂടി നിറവേറ്റണം.

ദൈവത്തിനും ദൈവിക കാര്യങ്ങള്‍ക്കും പ്രഥമസ്ഥാനം നല്‍കുകയും സഭയോടും സഭാധികാരികളോടും യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണം. മക്കളുടെ ആത്മീയവളര്‍ച്ചയ്ക്ക് ഒന്നാം സ്ഥാനം നല്‍കുകയും അവരുടെ ജീവിതവിശുദ്ധിക്ക് മങ്ങലേല്‍പിക്കാതെ സൂക്ഷിക്കുകയും ചെയ്യണം. മാതാപിതാക്കളെ കാണപ്പെട്ട ദൈവങ്ങളായി കാണുകയും അവരുടെ അനുഗ്രഹമാണ് മക്കളുടെ നല്ല ഭാവിയുടെ അടിസ്ഥാനവും ദൈവാനുഗ്രഹത്തിന്റെ വഴിയുമെന്ന് മനസിലാക്കി, അവര്‍ ആഗ്രഹിക്കുന്ന സ്ഥാനവും ബഹുമാനവും സംരക്ഷണവും നല്‍കി അവരെ ആദരിക്കണം.

ഉത്തരവാദിത്വങ്ങളും ജോലികളും വിശ്വസ്തതയോടും ആത്മാര്‍ത്ഥതയോടും ചെയ്യണം. ലഭിക്കുന്ന വേതനവും ആദായവും കുടുംബാംഗങ്ങളോട് ആലോചിച്ചും അഭിപ്രായങ്ങള്‍ ആരാഞ്ഞും ന്യായമായ കാര്യങ്ങള്‍ക്ക് സന്തോഷത്തോടെ ചെലവഴിക്കണം. പണസമ്പാദനം മാത്രമല്ല ജീവിതലക്ഷ്യമെന്ന് മക്കള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും വരുമാനത്തിന്റെ പത്തിലൊന്ന് ദൈവത്തിനും ദൈവിക കാര്യങ്ങള്‍ക്കും വേണ്ടി മാറ്റിവയ്ക്കുകയും ചെയ്യണം.

കുടുംബാംഗങ്ങള്‍ ഒന്നിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം ഭക്ഷിക്കുകയും അതിഥിസല്‍ക്കാര തല്‍പ്പരരായിരിക്കുകയും ചെയ്യണം. ചുരുക്കത്തില്‍ ഈ മാതൃകാകുടുംബം ദൈവഭയത്തിലും ദൈവകല്പനകള്‍ പാലിക്കുന്നതിലും അന്ത്യവിധിയെക്കുറിച്ചുള്ള പരിപൂര്‍ണ്ണ ബോധ്യത്തിലും ജീവിതം നയിക്കുന്നവരുമായിരിക്കണം.