ഒരു നല്ല കത്തോലിക്കനാകണമെങ്കിൽ യേശു ഏറ്റവും നല്ല സുഹൃത്തായിരിക്കണം: വൈറലായി യുവ വൈദികരുടെ വാക്കുകൾ

“ഒരു നല്ല കത്തോലിക്കനാകണമെങ്കിൽ യേശു നമ്മുടെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം, സുഹൃത്തുക്കൾ എല്ലാ ദിവസവും സംസാരിക്കും.” ഫാ. ജോസഫ് വൈറ്റ്, ഫാ. ഡേവിഡ് മൈക്കിൾ മോസസ് എന്നീ യുവ വൈദികരുടെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കയിലെ ഹ്യൂസ്റ്റൺ രൂപതാ വൈദികരാണ് ഇരുവരും.

“ലോകം വാഗ്ദാനം ചെയ്യുന്നത് രുചിച്ചുനോക്കാതെ ആദ്യം യേശുവിനെ തിരഞ്ഞെടുക്കുക. അവിടുന്ന് അത് 1000 മടങ്ങായി തിരികെ നൽകും. ലോകത്തിലെ ഏറ്റവും മികച്ച വർഷങ്ങൾ നിങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ ഒരു പുരോഹിതനെന്ന നിലയിൽ നിങ്ങൾക്ക് അവിശ്വസനീയമായ വർഷങ്ങൾ ലഭ്യമാകും” – ഫാ. മൈക്കിൾ കുറിച്ചു. 18 -ആം വയസ്സിൽ ആദ്യമായി സെമിനാരിയിൽ പ്രവേശിച്ചപ്പോൾ എന്തുകൊണ്ട് നിങ്ങൾക്ക് ജീവിതം കുറച്ചുകൂടി ആസ്വദിച്ചതിനു ശേഷം വൈദികനായിക്കൂടാ എന്ന് നിരവധി ആളുകൾ ചോദിച്ചെങ്കിലും ‘ലോകത്തിന്റേതായതെല്ലാം ഉപേക്ഷിച്ച് എല്ലാം ക്രിസ്തുവിൽ പന്തയം വയ്ക്കാൻ യേശു വളരെ ചെറുപ്പത്തിൽ വിളിക്കുന്നത് ഒരു സമ്മാനമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സെന്റ് ഫൗസ്റ്റീന കത്തോലിക്കാ ദൈവാലയത്തിലാണ് രണ്ടുപേരും ശുശ്രൂഷ ചെയ്യുന്നത്. ഫാ. മൈക്കിൾ മികച്ച ഒരു സംഗീതജ്ഞൻ കൂടിയാണ്. ‘ജീവനു വേണ്ടിയുള്ള കച്ചേരി’ എന്ന പേരിൽ ഫാ. മൈക്കിൾ ഒരു സംഗീതപരമ്പര നൽകി നഗരത്തിലെ പ്രൊ-ലൈഫ് സംഘങ്ങൾക്കായി നാല് ലക്ഷത്തിലധികം ഡോളറുകൾ സമാഹരിച്ചിരുന്നു.

25 -ആം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച ഫാ. വൈറ്റ് കുട്ടിക്കാലം മുതൽ തന്നെ യേശുവിനെ പ്രഘോഷിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് വ്യക്തമാക്കി. “എനിക്ക് ഒരു നല്ല കത്തോലിക്കനാകണമെങ്കിൽ യേശു എന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം, സുഹൃത്തുക്കൾ എല്ലാ ദിവസവും സംസാരിക്കും” – ഫാ. ജോസഫ് വൈറ്റ് പറഞ്ഞു. ദൈവവുമായി സംസാരിക്കുമ്പോൾ ജീവിതത്തിനു എന്താണ് ആവശ്യം എന്ന് അറിയാനുള്ള ഒരു സമയമായി ഇത് കണക്കാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്നതെന്തും പിന്തുടരുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയെ സേവിക്കുന്നതിനും കൂടുതൽ ആളുകളെ ദൈവത്തിങ്കലേക്കു കൊണ്ടുവരുന്നതിനും തങ്ങളുടെ ജീവിതം സമർപ്പിക്കുവാൻ അതിയായി ആഗ്രഹിക്കുന്നു എന്നും രണ്ടു യുവ വൈദികരും പറഞ്ഞു. തീക്ഷ്ണമതികളായ ഈ രണ്ട് യുവ വൈദികരുടെ ജീവിതം ക്രിസ്തുവിൽ കൂടുതൽ പ്രകാശിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.