സന്തോഷം സ്വന്തമാക്കാന്‍ ചെയ്യേണ്ടവ

എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷിക്കാനാണ്. എന്നാല്‍ സന്തോഷം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ് അത് അന്വേഷിക്കേണ്ടത്. ആരും നിങ്ങള്‍ക്ക് അത് കണ്ടെത്തിത്തരില്ല. മറിച്ച് നിങ്ങള്‍ അത് കണ്ടെത്തണം. വ്യക്തിപരമായും കുടുംബത്തിലും സമാധാനവും സന്തോഷവും കണ്ടെത്താന്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.

1. ലക്ഷ്യങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടായിരിക്കുക

ലക്ഷ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധവും അത് നേടിയെടുക്കാനുള്ള ശ്രമവും സന്തോഷം സ്വന്തമാക്കുന്നതിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്. ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം ഉള്ളവര്‍ക്ക് മാത്രമേ അത് നേടിയെടുക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടാന്‍ കഴിയൂ.

2 പരാജയങ്ങളെ മുന്‍കൂട്ടി കാണുക

ലക്ഷ്യത്തിലേക്ക് ശ്രമിക്കുമ്പോള്‍ പരാജയങ്ങളെയും നാം മുന്‍കൂട്ടികാണണം. വിജയം മാത്രമാണ് നാം പ്രതീക്ഷിക്കുന്നത് എന്നത് സത്യം. പക്ഷേ അപ്രതീക്ഷിതമായ പരാജയങ്ങളെ നേരിടാനുള്ള ഒരുക്കം മനസ്സില്‍ നടത്തുന്നത് അവയ്ക്ക് മുമ്പില്‍ പതറിപ്പോകാതിരിക്കാനും സന്തോഷം നഷ്ടപ്പെടുത്താതിരിക്കാനും കാരണമാകും.

3. തടസ്സങ്ങളെ വെല്ലുവിളികളായി സ്വീകരിക്കുക

അതിജീവിക്കാനുള്ള കഴിവാണ് ഒരു വ്യക്തിയുടെ ഏറ്റവും വിശേഷപ്പെട്ട പുണ്യം. ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഇറങ്ങിത്തിരിക്കുമ്പോള്‍ വെല്ലുവിളികള്‍ ഉണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ അവയില്‍ മനം മടുക്കരുത്. മനം മടുക്കുമ്പോഴാണ് സന്തോഷം നഷ്ടമാകുന്നത്. വെല്ലുവിളികള്‍ പോലും സന്തോഷത്തോടെ ഏറ്റെടുക്കുക.

4. ദൈവാശ്രയബോധം പുലര്‍ത്തുക

ആത്മവിശ്വാസം പ്രധാനപ്പെട്ട കാര്യമാണ്. അത് ലഭിക്കുന്നതോ, ദൈവാശ്രയബോധത്തില്‍ നിന്നും ദൈവവിശ്വാസത്തില്‍ നിന്നും.

5.വെല്ലുവിളികളെ നേരിടാന്‍ മറ്റ് വഴികള്‍ അന്വേഷിക്കുക

ലക്ഷ്യമുള്ളവര്‍ക്കെല്ലാം വെല്ലുവിളികളുമുണ്ടാകും. എന്നാല്‍ വെല്ലുവിളികളെ നേരിടാന്‍ നാം പല വഴികള്‍ കണ്ടെത്തിയിരിക്കണം. ഒരു വഴി മാത്രം നാംമനസ്സില്‍ കരുതിയാല്‍ ആ വഴിയിലെ തടസ്സം കണ്ട് മനസ്സ് മടുത്തേക്കാം. ഒരു സ്ഥലത്തെത്താന്‍ പല വഴികള്‍ ഉള്ളതുപോലെ ഒരു ലക്ഷ്യത്തിലെത്താന്‍ നമുക്ക് പല മാര്‍ഗ്ഗങ്ങളുമുണ്ട്. ഇത് കണ്ടുപിടിക്കുകയും മനസ്സിലാക്കുകയും ചെയ്യണം.