പ്രാര്‍ത്ഥനക്കിടെയുള്ള പലവിചാരം അകറ്റാന്‍ ഒരു മാര്‍ഗ്ഗം

പലപ്പോഴും നാം നന്നായിട്ട് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച് ദൈവസന്നിധിയിലിരിക്കുമ്പോള്‍ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പലവിചാരങ്ങള്‍ മനസിലേക്ക് കയറിവരും. ഇത് പലപ്പോഴും നമുക്ക് അലോസരമുണ്ടാക്കും. ഇവിടെ പ്രാര്‍ത്ഥനയെപ്പറ്റി നമുക്കൊരു തെറ്റിദ്ധാരണയുണ്ട്. നമ്മുടെ വിചാരം, പ്രാര്‍ത്ഥന എന്നത് ദൈവത്തിന് നാം അയക്കുന്ന ഒരു ഫോണ്‍ കോള്‍ പോലെയാണെന്നാണ്. ഡയല്‍ ചെയ്തിട്ട് ദൈവം ഫോണ്‍ എടുക്കാനായി നാം കാത്തിരിക്കുന്നു. നമ്മളാണ് പലപ്പോഴും പ്രാര്‍ത്ഥന ആരംഭിക്കുന്നത്. ദൈവം പ്രതികരിക്കണം എന്ന് നാം വിചാരിക്കുന്നു. ദൈവം ഫോണ്‍ എടുക്കാതിരുന്നാല്‍ നമ്മുടെ വിചാരങ്ങള്‍ ചിതറിപ്പോവുകയായി. സത്യത്തില്‍ നമ്മളല്ല പ്രാര്‍ത്ഥന ആരംഭിക്കുന്നതെന്ന് മനസ്സിലാക്കുകയാണ് ആദ്യപടി. ദൈവമാണ് പ്രാര്‍ത്ഥിക്കാനായി നമ്മെ വിളിക്കുന്നത്. ദൈവം എപ്പോഴും നമ്മുടെ വാതില്‍ക്കല്‍ മുട്ടുന്നു എന്ന കാര്യം നാം പലപ്പോഴും മറന്നുകളയുന്നു.

യഥാര്‍ത്ഥത്തില്‍ നാം പ്രാര്‍ത്ഥിക്കാനിരിക്കുന്നത് ദൈവം നമുക്ക് വിളിച്ച ഒരു ഫോണ്‍ കോളിന് പ്രത്യുത്തരിക്കുന്നതു പോലെയാണ്. ദൈവം തീര്‍ച്ചയായും മറുതലയ്ക്കലുണ്ട്. നമ്മുടെ പ്രാര്‍ത്ഥന എന്നത് ദൈവത്തിന്റെ വിളിക്കുള്ള പ്രത്യുത്തരമാണ്. ദൈവം നമ്മെ കേള്‍ക്കാന്‍ അപ്പുറത്ത് കാത്തിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ കാഴ്ചപ്പാട് സ്വന്തമാക്കിയാല്‍ മിക്കവാറും എല്ലാ പലവിചാരങ്ങളും മാറിപ്പോകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.