ഇത് നിര്‍ണ്ണായകമായ പക്വത ആര്‍ജ്ജിക്കേണ്ട സമയമെന്ന് മാര്‍പാപ്പ

നിര്‍ണ്ണായകമായ പക്വത ആര്‍ജ്ജിക്കേണ്ട സമയമാണിതെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പതിവ് പൊതുദര്‍ശനത്തിന്റെ ഭാഗമായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണയുടെ പശ്ചാത്തലത്തില്‍, വത്തിക്കാനിലെ ലൈബ്രറിയില്‍ വച്ചു നല്‍കിയ സന്ദേശം മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യുകയായിരുന്നു.

“വളരെ നിര്‍ണ്ണായകമായ പക്വത ഈ സമയത്ത് നാം ആര്‍ജ്ജിക്കണം. അതായത് നമ്മെ തകര്‍ക്കുന്ന ഏറ്റവും മോശമായ ശത്രു നമ്മുടെ ഹൃദയത്തില്‍ മറഞ്ഞിരിക്കുന്നുവെന്ന് മനസിലാക്കി, നമ്മുടെ ഉള്ളില്‍ പാപം വളര്‍ത്തുന്ന ആന്തരിക വഞ്ചനകള്‍ക്കെതിരെ പോരാടാനുള്ള പക്വത നമുക്ക് ഉണ്ടാവണം. കാരണം, നമ്മുടെ ആന്തരികവിശുദ്ധി തിന്മയുടെ സ്വാധീനത്തിലുള്ള ഹൃദയഭാഗത്തെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കും” – പാപ്പ പറഞ്ഞു.

തിന്മയെ എതിര്‍ത്തും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടും പരിശുദ്ധിയുള്ള ഹൃദയം നേടി ആ പാതയിലൂടെ ചരിച്ചാല്‍ നാം ദൈവത്തെ കാണും. അങ്ങനെ ദൈവത്തെ കണ്ടെത്തുമ്പോള്‍ സഭയുടെ സംസ്‌കാരങ്ങളിലും നമുക്കു ചുറ്റുമുള്ളവരിലും പ്രത്യേകിച്ച് ദരിദ്രരിലും കഷ്ടതയനുഭവിക്കുന്നവരിലുമെല്ലാം ദൈവത്തിന്റെ സാന്നിധ്യം നാം തിരിച്ചറിയും. അങ്ങനെ നാം സ്വര്‍ഗരാജ്യത്തിന്റെ സന്തോഷം നേടുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.