സമയം ദൈവനിശ്ചയം ആകുന്നു…

അനീഷാ മറിയം ഡാനിയേല്‍

‘എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴിലുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്’ (സഭാ. 3:1).

ഈ വാക്യത്തിന്റെ അര്‍ത്ഥതലങ്ങളെപ്പറ്റി ചിന്തിക്കുകയാണെങ്കില്‍ അളവറ്റതാണ്. നാമും നമുക്ക് ചുറ്റുമുള്ള സകലരും ഒരോ സമയത്തിനു വേണ്ടി കാത്തിരിക്കുന്നവരാണ്. പഠനത്തിലെ മികവ് തെളിയിക്കാനുള്ള സമയം, നല്ലൊരു ജോലി നേടാനുള്ള സമയം, ജിവിതപങ്കാളിയെ കണ്ടെത്താനുള്ള സമയം, കുട്ടികള്‍ ഉണ്ടാകാനുള്ള സമയം, അങ്ങനെയങ്ങനെ… ആരോട് ചോദിച്ചാലും ഏതെങ്കിലും ഒരു ഉചിതമായ സമയത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാകും നാമെല്ലാവരും.

സമയം അതിക്രമിക്കുമ്പോള്‍ – പ്രതീക്ഷിച്ചിരുന്ന സമയത്ത് പലതും നടക്കാതെ വരുമ്പോള്‍ ശുഭാപ്തിവിശ്വസം നഷ്‌ടെപ്പടുന്നവരും ദൈവത്താട് പരാതി പറയുകയും പരസ്പരം വെറുക്കുന്നവരുമായി മാറുന്നു പലരും. താന്‍ എഴുതിയ പരീക്ഷില്‍ ഒരു വിഷയത്തില്‍ അല്പം തഴോട്ടുപോയാല്‍ ദൈവത്തിന് പഴി. കൂടെയുള്ള എല്ലാവര്‍ക്കും ജോലിയായിട്ടും തനിക്ക് എന്തുകൊണ്ട് ഒന്നും ശരിയാകുന്നില്ല എന്നാകുമ്പോള്‍  ദൈവത്തിന് പഴി. സമപ്രായക്കാര്‍ക്കും കൂട്ടൂകാര്‍ക്കും വിവാഹം ആയി സന്തോഷത്തോടെ ജീവിക്കുന്നതു കാണുമ്പോള്‍ എന്തുകൊണ്ട് എന്റെ സമയം ആകുന്നില്ല എന്നോര്‍ത്ത് ദിവസവും സങ്കടവും പരാതിയും. ഒരുവന്‍ വിചാരിക്കുന്ന നേരത്തില്‍ അവന്‍ ആഗ്രഹിക്കുമ്പോള്‍ പലതും നടക്കാനായിരുന്നു എങ്കില്‍ നാം പലരും ദൈവത്തെ മറന്നുപോകും എന്നതാണ് സത്യം.

സഭാപ്രസംഗി 3: 1-ല്‍ പറഞ്ഞിരിക്കുന്ന ഈ വാഗ്ദാനം ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും എല്ലാ നന്മ-തിന്മകളുടെ മേലും വര്‍ഷിക്കുന്ന ദൈവത്തിന്റെ അനുഗ്രഹവും അതുപോലെ മുന്നറിയിപ്പും ആകുന്നു. നിനക്ക് നന്മയ്ക്കായി ഭവിക്കുന്ന എല്ലാ ആഗ്രഹങ്ങളും ഏറ്റവും ഉചിതവും തക്കതുമായ സമയത്ത് നിന്നിലേയ്ക്ക് എത്തിച്ചേരും. ദൈവത്തിന് ഉചിതമല്ലാത്ത – നീ ചെയ്യുന്ന പലതിനും ഇന്നല്ലെങ്കില്‍ നാളെ, നീ നേരിടേണ്ടതായ ന്യായവിധിയും അതിന്റെ മുന്നോടിയായി  ഭവിക്കുന്ന പല അനര്‍ത്ഥങ്ങളും മുന്നറിയിപ്പുകള്‍ ആകുന്നു.

ആയതിനാല്‍, നാം ഉരുവാകുന്നതിനും മുമ്പെ നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി വ്യക്തമായി ദൈവം നമുക്ക് തന്നിട്ടുണ്ട്. നമ്മള്‍ ആഗ്രഹിക്കുംവിധം ജീവിക്കാനല്ല, ദൈവം നമ്മെക്കൊണ്ട് എന്ത് ആഗ്രഹിക്കുന്നവോ അത് പ്രാവര്‍ത്തികമാക്കാനാണ്  ഈ ജീവിതം. സമയം അതിക്രമിച്ചാലും നമുക്കുള്ളത് നമ്മെ തേടിയെത്തും എന്ന വിശ്വാസം വേണം. താമസിക്കുന്നത് നമ്മെ തേടിയെത്താനാണ് എന്ന വിശ്വാസം വേണം. താമസിക്കുന്നത്, നമ്മെ തേടി ഏറ്റവും അനുഗ്രഹിതമായത് എത്തിച്ചേരാനാണെന്നുള്ള പ്രതീക്ഷ വേണം.

ദൈവത്തെ മാനിക്കുന്ന നമ്മെ ദൈവം ഒരിക്കലും ആരുടെയും മുന്നില്‍ അപമാനിക്കുകയില്ല എന്ന ഉറച്ച വിശ്വാസം വേണം.അപ്പോള്‍ നാം ആഗ്രഹിക്കുന്നതിലും മനോഹരമായത് നമ്മെ തേടിയെത്തും.

അനീഷാ മറിയം ഡാനിയേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ