സകല വിശുദ്ധരുടെയും സകല ആത്മാക്കളുടെയും തിരുനാളുകള്‍ ഓര്‍മ്മിപ്പിക്കുന്നത്

ആരോഗ്യത്തിന്റെയും സമ്പത്തിന്റെയും യുവത്വത്തിന്റെയും നാളുകളിൽ മരണാനന്തരമുള്ള ജീവിതത്തെയും മരണത്തിന്റേതായ ചിന്തകളെയും കുറിച്ച് രണ്ടു വ്യത്യസ്ത തലങ്ങളിൽ ഓർമ്മപ്പെടുത്തുകയാണ് ഈ ആഘോഷങ്ങൾ. എല്ലാ വിശുദ്ധരുടെയും ആത്മാക്കളുടെയും ദിനം സഭ പുണ്യപ്പെട്ട ദിനങ്ങളായി ആചരിക്കുന്നു.

സമര-സഹന-വിജയ സഭകള്‍

എല്ലാ വിശുദ്ധരുടെയും ആത്മാക്കളുടെയും ദിനങ്ങള്‍ മരിച്ചവരുടെ ഓർമ്മ പുതുക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും വിശുദ്ധരുടെ ജീവിതമാതൃക പിന്‍ചെല്ലുന്നതിനുമുള്ള അവസരങ്ങളായി കത്തോലിക്കര്‍  ഉപയോഗിക്കുന്നു. വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാളുകൾ സഭയുടെ മൂന്നു തലങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. സമര-സഹന-വിജയ സഭകളുടെ ഓർമ്മപ്പെടുത്തലാണ് ഈ തിരുനാളുകൾ. മനുഷ്യര്‍ ഭാഗ്യവാന്മാരാണ്. കാരണം, അവരുടെ ജീവിതം മരണം കൊണ്ട് അവസാനിക്കുന്നില്ല എന്നും അതിനപ്പുറമുള്ള ഒരു ജീവിതമുണ്ട് എന്നും ഈ വിശുദ്ധദിനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.

സകല വിശുദ്ധന്മാരുടെയും ഓർമ്മദിനം

പരീക്ഷകൾക്കും ക്ലേശങ്ങൾക്കും അവസാനം ദൈവം വിശുദ്ധിയുടെ കിരീടം സമ്മാനിക്കുമെന്ന് എല്ലാ വിശുദ്ധരുടെയും ദിനം നമ്മെ ഓർമിപ്പിക്കുന്നു. നാലാം നൂറ്റാണ്ടു മുതൽ കത്തോലിക്കരുടെ ഇടയിൽ ആചരിച്ചുവന്നിരുന്ന വിശുദ്ധന്മാരുടെ ഓർമ്മദിനം, ഗ്രിഗറി നാലാമൻ മാര്‍പാപ്പ ഔദ്യോഗികമായി അംഗീകരിക്കുകയും എല്ലാ വർഷവും നവംബർ മാസം ഒന്നാം തീയതി ആചരിക്കുവാൻ അനുവാദം നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് സഭയിൽ ഔദ്യോഗികമായി വിശുദ്ധരുടെ ദിനം ആഘോഷപൂർവ്വം കൊണ്ടാടാൻ തുടങ്ങിയത്. മരണാനന്തരമുള്ള ജീവിതത്തിലേയ്ക്ക് പ്രതീക്ഷയോടെ യാത്ര ചെയ്യുവാനും ദൈവം സമ്മാനിക്കുമെന്നു വിശ്വസിക്കുന്ന നീതിയുടെ കിരീടത്തിനായി വിശുദ്ധിയോടെ ഒരുങ്ങുവാനും പേടി കൂടാതെ മരണത്തെ അഭിമുഖീകരിക്കുവാനും ഈ ദിനം ഓരോ ക്രൈസ്തവനെയും പ്രേരിപ്പിക്കുന്നു.

സകല മരിച്ചവരുടെയും  ദിനം

ക്ലൂണിയിലെ ആബോട്ട് വി. ഒഡിലോ ആണ് തങ്ങളുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായി എല്ലാ ആത്മാക്കളുടെയും ദിനം ആചരിക്കുവാൻ തുടങ്ങിയത്. ഈ ആചരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഭ പിന്നീട്, മരിച്ചവരുടെ ദിനം ആചരിക്കുവാൻ അനുവാദം നൽകുകയും എല്ലാ വിശുദ്ധരുടെയും തിരുനാളിന്റെ അടുത്തദിവസം മരിച്ചുപോയ ആത്മാക്കളുടെ ദിനം ആചരിക്കുവാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു.

മരിച്ചുപോയവർ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്, അംഗങ്ങളാണ്. നമ്മുടെ അയൽക്കാരും സുഹൃത്തുക്കളും നമ്മുടെ പൂർവ്വികരും ഒക്കെയാണ്. എല്ലാ ആത്മാക്കളുടെയും ദിനവും നവംബർ മാസവും നമുക്ക് ആശ്വാസത്തിന്റെ അവസരമാണ്. വിശുദ്ധന്മാരുടെ ദിനം നമുക്ക് ക്ലേശങ്ങള്‍ നിറഞ്ഞ ജീവിതത്തിൽ പ്രത്യാശ പകരുന്നു. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ ദൈവത്തില്‍ നിന്ന് അകലെയായാണ് നിൽക്കുക. അവർക്കുവേണ്ടിയുള്ള പ്രാർത്ഥന അവർക്കും ദൈവത്തിനുമിടയിലുള്ള  അകലം കുറയ്ക്കുകയും നിത്യജീവിതത്തിൽ കരേറുന്നതിനു വഴിതെളിക്കുകയും ചെയ്യുന്നു.

പൂർണ്ണമായും യേശുവിന്റെ സ്നേഹത്തിലേയ്ക്ക് കടന്നുവരുവാന്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്  കഴിയുന്നില്ല. ദൈവത്തിന്റെ സ്നേഹത്തെ പൂർണ്ണമായ രീതിയിൽ സ്വന്തമാക്കുവാൻ കഴിയാത്തതിന്റെ വേദന അവർ അനുഭവിക്കുന്നു. ഈ വേദന ഇല്ലാതാക്കുവാനും ദൈവത്തിലേയ്ക്ക് അടുക്കുവാനും നമ്മുടെ പ്രാർത്ഥനകളും പരിഹാരപ്രവർത്തനങ്ങളും സഹായകമാകുന്നു.  ഇതാണ്‌ ആത്മാക്കളുടെ ദിനം സഭാവിശ്വാസികളെ  ഓര്‍മ്മിപ്പിക്കുന്നത്.

ചുരുക്കത്തിൽ എല്ലാ വിശുദ്ധരുടെയും എല്ലാ മരിച്ചവരുടെയും തിരുനാളുകള്‍ വിശ്വാസജീവിതത്തെ പ്രത്യാശയോടെ കാണുവാനും നിത്യഭാഗ്യത്തിനായി ഒരുങ്ങിയിരിക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്നു. കൂടാതെ, മരണത്തോടെ തീരുന്ന ഒരു ജീവിതമല്ല ക്രൈസ്തവന്റേത് എന്നും അതിനപ്പുറം ഒരു നിത്യാനന്ദത്തിന്റേതായ സൗഭാഗ്യം കാത്തിരിപ്പുണ്ടെന്നും ഈ തിരുനാളുകൾ നമ്മെ പഠിപ്പിക്കുന്നു.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.