റൂള ഗാനിയുടെ മാതൃക: അഫ്ഗാനിസ്ഥാനിലെ മുൻ പ്രഥമ വനിതയുടെ പ്രചോദനാത്മകമായ ജീവിതത്തിലൂടെ

അഫ്‌ഗാനിസ്ഥാനിലെ ജനങ്ങളിൽ 99.7 ശതമാനം പൗരന്മാരും ഇസ്ലാം മതവിശ്വാസികളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്; അവശേഷിക്കുന്നത്  0.3 ശതമാനം മാത്രം! റൂള ഗാനി എന്ന സ്ത്രീ ശേഷിക്കുന്ന 0.3 ശതമാനത്തിൽ ഉൾപ്പെടുന്ന ക്രൈസ്തവ വിശ്വാസിയാണ്.ഈ റൂള ഗാനി ആരെന്നോ? അഫ്ഗാനിസ്ഥാന്റെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ ഭാര്യ!

1948 -ൽ ലെബനോനിലെ ഒരു മാരോനൈറ്റ് ക്രിസ്ത്യൻ കുടുംബത്തിലാണ് റൂള ജനിച്ചത്. പാരിസിൽ നിന്ന് വിദ്യാഭ്യാസം നേടിയ റൂള, സാദേ ബെയ്‌റൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാന്തരബിരുദം നേടി. അവിടെ വച്ചാണ് റൂള, അഷ്‌റഫ് ഗാനിയെ കാണുന്നത്. 1975 -ൽ ഇരുവരും വിവാഹിതരായി. അതിനു ശേഷം റൂള ന്യൂയോർക്കിലെ കൊളംബിയ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ മറ്റൊരു ബിരുദാന്തരബിരുദവും നേടി.

2002 -ൽ അവർ അഷ്‌റഫ് ഗാനിയുടെ ജന്മനാടായ അഫ്ഗാനിസ്ഥാനിലെത്തി. പിന്നീട് യുഎസ് സൈന്യം താലിബാനെ കീഴടക്കി പുതിയ ഭരണം ആരംഭിച്ചപ്പോൾ ഗാനി ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. ആ സമയം തെരുവ് കുട്ടികൾക്കായി പ്രവർത്തിക്കുന്ന ‘ആഷിയാന’ എന്ന സംഘടനയിൽ പ്രവർത്തിച്ച റൂള, കുട്ടികളുടെ ഏറ്റവും ശോചനീയമായ അവസ്ഥ കണ്ട് വിഷമിച്ചു. ഇതിനിടയിൽ ഹമീദ് കർസായിയെ തോൽപ്പിച്ച് 2014 സെപ്റ്റംബറിൽ ഗാനി അധികാരത്തിലേറി.

പ്രസിഡന്റൽ ഇലക്ഷൻ ക്യാമ്പെയ്‌നിൽ എതിർകക്ഷികൾ പുറത്തെടുത്ത ഏറ്റവും വലിയ രാഷ്ട്രീയ ആയുധം ഗാനിയുടെ ഭാര്യ ക്രിസ്ത്യാനിയായ ഒരു വിദേശവനിത ആണെന്നുള്ളതായിരുന്നു. ഇത് കടുത്ത പ്രചാരണവിഷയമായപ്പോൾ റൂള ഗാനി പരസ്യമായി രംഗത്തു വന്നു. “പരസ്യമായി സംസാരിക്കുക മാത്രമായിരുന്നു ഒരു പരിഹാരം. അതുകൊണ്ടാണ് ദേശീയ ടെലിവിഷൻ ചാനലുകളിലെ അഭിമുഖങ്ങൾ ഞാൻ സ്വീകരിച്ചത്. ഞാൻ ദാരി (അഫ്ഗാനിസ്ഥാനിലെ ഒരു ഭാഷ) സംസാരിക്കുന്നത് അഫ്ഗാൻകാർ കണ്ടിട്ടുണ്ട്. ഏറ്റവും മാന്യമായിട്ടാണ് ഞാൻ വസ്ത്രം ധരിച്ചിട്ടുള്ളത്” – റൂള  ഗാനി പറഞ്ഞു.

അതിനു ശേഷം ഗാനി അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്‌ഘാടനവേളയിൽ വച്ച്, ഒരു ഭാര്യയും അമ്മയും ആഷിയാനയിലെ ഒരു പ്രവർത്തക എന്ന നിലയിലും റൂള കാഴ്ചവച്ച സേവനങ്ങൾക്ക് പരസ്യമായി നന്ദി പറഞ്ഞു. ഈ സംഭവത്തെ ഒരു ഫ്രഞ്ച് ദിനപത്രം റിപ്പോർട്ട് ചെയ്തത് “സ്ത്രീകളെ വെറും വീട്ടുജോലിക്കാരായി മാത്രം തരംതാഴ്ത്തിയ ഒരു രാജ്യത്തു നിന്നുള്ള അസാധാരണമായ അംഗീകാരം” എന്നായിരുന്നു.

2015 -ൽ ടൈം മാഗസിന്റെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരിൽ റൂള ഗാനിയും ഉണ്ടായിരുന്നു. അവരുടെ നിരവധി വർഷത്തെ പ്രവർത്തങ്ങളാണ് ഈ നേട്ടത്തിന് അവരെ അർഹയാക്കിയത്. ഒരു രാജ്യത്തെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പോരാട്ടം നടത്താൻ പ്രതിജ്ഞയെടുത്ത ഒരു വനിത എന്ന നിലയിൽ അവർ ശ്രദ്ധിക്കപ്പെട്ടു. ചരിത്രപരമായ പ്രവർത്തനങ്ങളായിരുന്നു അവർ നടത്തിയത്. “ബഹുമാനാർഹമായ ഒരു അവസ്ഥ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് നഷ്ടപ്പെട്ടു. പക്ഷേ, മുൻപ് അങ്ങനെയല്ലായിരുന്നു. ആഴത്തിൽ ഒരു മാറ്റം വരുത്താൻ എനിക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ പ്രതീക്ഷയുടെ ഒരു സൂചകമായി എനിക്ക് നിലകൊള്ളാൻ സാധിക്കും” – 2014 ഡിസംബറിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റൂള പറഞ്ഞു.

സ്ത്രീകൾ ജോലിക്ക് പോകുന്നതിനു വേണ്ടി നിലകൊണ്ട ആളായിരുന്ന റൂള. “സ്ത്രീകൾ ജോലിക്കു പോകുന്നത് അവർ സ്വാതന്ത്രരാകാൻ വേണ്ടിയല്ല, മറിച്ച് അവരുടെ കുടുംബത്തിന് സാമ്പത്തികപിന്തുണ നൽകുന്നതിനു വേണ്ടിയാണ്” – അവർ വെളിപ്പെടുത്തി. വിശ്വാസപരമായ ചോദ്യങ്ങൾക്കുള്ള അവരുടെ മറുപടി ഉറച്ചതും വ്യക്തവുമായിരുന്നു. “ഞാൻ ഒരു ക്രൈസ്തവകുടുംബത്തിൽ ജനിക്കണമെന്നത് ദൈവത്തിന്റെ ഒരു പദ്ധതിയായിരുന്നു. എല്ലാ ദിവസവും ഒരു ലബനീസ് ഒരു അഫ്ഗാനിയെ വിവാഹം ചെയ്യാറുമില്ല. ഇക്കാര്യത്തിൽ പോലും ദൈവത്തിന്റെ ഒരു പദ്ധതിയുണ്ട്.”

ഗാനിയും കുടുംബവും അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത് ഇപ്പോൾ യുഎഇ -യിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.