രക്ഷകജനനത്തിന്റെ നാള്‍വഴികളിലൂടെ: അഞ്ചാം ദിവസം

ജിന്‍സി സന്തോഷ്‌

“കണ്ടാലും ഇപ്പോൾ മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും” എന്ന, തന്നെക്കുറിച്ചുള്ള മറിയത്തിന്റെ പ്രവചനം അവളുടെ കാലത്തു തന്നെ നിറവേറി. യേശുവിന്റെ പ്രബോധനങ്ങളിലും അത്ഭുതപ്രവൃത്തികളിലും വിസ്മയം പൂണ്ട ജനത്തിന്റെ മധ്യേ നിന്ന് പെണ്ണൊരുവൾ വാഴ്ത്തിപ്പാടി “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ” (ലൂക്കാ 11:27).

മനുഷ്യന്റെ മുന്നിൽ കുനിയാതെ ദൈവതിരുമുമ്പിൽ തല ചായ്ച്ച പുണ്യവതി. അവൾ ദൈവത്തെ ജീവനു തുല്യം സ്നേഹിക്കുകയും ദൈവികപദ്ധതികൾക്കു വേണ്ടി തന്നെത്തന്നെ എളിമപ്പെടുത്തുകയും വചനം അനുസരിച്ച് നിലകൊള്ളുകയും ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ് അവൾ ഭാഗ്യവതിയായത്. മഹാപരിശുദ്ധനായ ദൈവത്തെ കേവലം ഒരു മനുഷ്യസ്ത്രീ ഒൻപതു മാസം ഉദരത്തിൽ വഹിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുക എന്നത് മഹാത്ഭുതം തന്നെ.

മറിയം മനുഷ്യരുടെ പ്രീതി സമ്പാദിക്കാനുള്ള തത്രപ്പാടിൽ ഒരിക്കലും മുഴുകിയിരുന്നില്ല. അങ്ങനെയൊരു വിചാരം അവളിൽ ഉണ്ടായിരുന്നെങ്കിൽ ആ ദിവ്യഗർഭത്തിന് അവൾ സമ്മതം മൂളുമായിരുന്നില്ല. ആ കാലഘട്ടത്തിലെ യഹൂദാചാരപ്രകാരമുള്ള, തനിക്കു നേരിടേണ്ടി വരാവുന്ന എല്ലാ പ്രതികൂലങ്ങളെയും മുന്നിൽ കണ്ടുകൊണ്ടു തന്നെ, മറിയം തന്റെ ജീവിതത്തെ മഹത്വപ്പെടുത്തിയവനെ വാഴ്ത്തിപ്പാടി.

ജീവിതവഴികളിൽ ചുറ്റുപാടുകളെ നോക്കി, സഹജീവിതങ്ങളെ നോക്കി, സ്വജീവിതത്തെ നോക്കി എല്ലാം നന്നായിരിക്കുന്നു, എല്ലാം ശരിയാവും, ഞാൻ/ നീ അനുഗ്രഹിക്കപ്പെടും എന്നൊക്കെ ഹൃദയപൂർവ്വം പറയാൻ നന്മകളെ നാവിലേറ്റാൻ പഠിച്ചാൽ നിന്റെ ‘നാളെ’കൾ നന്മകളാൽ സമൃദ്ധമാകും. അംഗീകാരത്തിനും പ്രശ്സ്തിക്കും വേണ്ടി പരസ്യങ്ങളുടെ വിവിധ ഭാവമുഖങ്ങൾ പരതുന്ന ഇക്കാലഘട്ടത്തിന് മറിയം ഒരു വെല്ലുവിളി തന്നെയാണ്.

“ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്റെ നാവല്ല അത് ചെയ്യണ്ടത്” (സുഭാ. 27:2).

ജിന്‍സി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.