രക്ഷകജനനത്തിന്റെ നാള്‍വഴികളിലൂടെ: നാലാം ദിവസം

ജിന്‍സി സന്തോഷ്‌

രണ്ട് ഉദരശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം “ജന്മപാപമുക്തി.” അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിന്റെ കാഹളധ്വനി. ഉദരശിശുവിന്റെ “കുതിച്ചു ചാട്ടം.” നസ്രത്തിലെ വിനീത കന്യകയുടെ മഹോന്നത പദവി ആദ്യമായി ഏറ്റുപറഞ്ഞവൾ “എലിസബത്ത്.” പരിശുദ്ധ കന്യകയുടെ മഹത്വം മുഴുവൻ ഒതുക്കി കുറുക്കിയെടുത്ത അഭിസംബോധന “എന്റെ കർത്താവിൻ്റെ അമ്മ.” യുഗങ്ങൾ തോറും തലമുറകൾ ഏറ്റുപാടുന്ന മഹത്വകീർത്തനത്തിന് മുതൽക്കൂട്ടായത് “വിശ്വസിച്ചവൾ ഭാഗ്യവതി.”

സ്വർഗ്ഗരാജ്യം നിന്റെ ഉള്ളിൽത്തന്നെ എന്ന് ഓർമ്മിപ്പിക്കുന്ന ക്രിസ്തുമൊഴി മറന്നുപോകുന്നവർക്ക് ഒരിക്കലും ആത്മസ്വരൂപനെ കാണാനും ആനന്ദത്തിലാറാടാനും കഴിയുകയില്ല. സാധ്യതകളേയും ലഭിച്ച അനുഗ്രഹങ്ങളെയും ഓർത്ത് സന്തോഷിക്കുന്നവളായിരുന്നു മറിയം. അതുകൊണ്ടാണ് അവൾ ഇങ്ങനെ പാടിയത്, “ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തന്നിരിക്കുന്നു.”

പരിശുദ്ധ മറിയത്തിനും എലിസബത്തിനും മാനുഷികചിന്തയിൽ സ്വർഗത്തിന്റെ മംഗളവാർത്ത യഥാർത്ഥത്തിൽ മംഗളവാർത്ത ആയിരുന്നില്ല. മറിയം വിവാഹത്തിനു മുമ്പ് ഗർഭം ധരിക്കുന്നു. എലിസബത്ത് വാർദ്ധക്യത്തിന്റെ പാരമ്യത്തിൽ ഗർഭം ധരിക്കുന്നു. ജീവിതത്തിൽ അനുദിനം സംഭവിക്കുന്ന ചെറുതും വലുതുമായ സുഖദുഃഖങ്ങൾ ദൈവികപദ്ധതിയുടെ ഭാഗമാണെന്ന ഉറച്ച ബോധ്യം ഏതൊരു വിശ്വാസിയും ഉൾക്കൊള്ളണം. മറിയവും എലിസബത്തും ഈ വാർത്തകളെ ലോകത്തിനു മംഗളവാർത്തകളാക്കിയ അവരുടെ ചങ്കൂറ്റത്തിന്റെ പേരാണ് വിശ്വാസം.

നിന്റെ ജീവിതത്തിലും അനുദിനം വാർത്തകളെ മംഗളവാർത്തകളാക്കാൻ പരിശ്രമിക്കുക. പ്രിയപ്പെട്ടവരുടെ ദുരിത-സഹന വാർത്തകൾ നിന്നെ തേടിയെത്തുമ്പോൾ തിരിച്ചറിയുക, അവരുടെ ജീവിതത്തിലേക്ക് കരുതലിന്റെയും കാരുണ്യത്തിന്റെയും കരം നീട്ടാൻ നിനക്കു സമയമായി. പ്രിയപ്പെട്ടവരുടെ മരണവാർത്തകൾ നിന്നെ തേടിയെത്തുമ്പോൾ നീ ഓർക്കണം, അവർ പകർന്നു നല്‍കിയിരുന്ന സുകൃതങ്ങളും ക്രൈസ്തവമൂല്യങ്ങളും ഇനി പകർന്നുകൊടുക്കേണ്ടത് നിന്നിലൂടെയാണ്.

ജീവിതശൈലികളെ ക്രമപ്പെടുത്തുക. ഓരോ വാർത്തയും ഒന്നിന്റെയും അവസാനമല്ല; അവസരമാണ്. നിനക്ക് അപരന്റെ ജീവിതത്തിൽ മറ്റൊരു ക്രിസ്തുവായിത്തീരാനുള്ള അവസരം. വാർത്തകളെ മംഗളവാർത്തകളാക്കാനുള്ള അവസരം.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.