രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: ഇരുപത്തിമൂന്നാം ദിവസം

ജിന്‍സി സന്തോഷ്‌

ജോസഫ് – സ്വർഗത്തിന്റെ നീതിമാൻ. നീതിമാൻ എന്നു വിളിക്കപ്പെടുന്നു എങ്കിലും എല്ലാ മാനുഷികനീതിയും നിഷേധിക്കപ്പെട്ട മനുഷ്യൻ. സ്വന്തം ജീവിതത്തിന്റെ മേൽ അവകാശമില്ല, സ്വന്തം ഭാര്യയുടെ മേൽ അവകാശമില്ല, സ്വന്തം കുഞ്ഞിന് പേരിടാൻ അവകാശമില്ല. എപ്പോഴും ആജ്ഞകളുമായിട്ടാണ് ദൈവം ഈ മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

മറിയത്തെ ഭാര്യയായി സ്വീകരിക്കുക, കുഞ്ഞിന് യേശു എന്നു പേരിടുക, കുഞ്ഞിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്യുക, ഈജിപ്തിൽ നിന്ന് തിരിച്ചു വരിക, അങ്ങനെ സ്വർഗത്തിന്റെ ആജ്ഞകളോടൊന്നും മറുതലിക്കാതെ, ചോദ്യം ചെയ്യാതെ, വിശദീകരണം ചോദിക്കാതെ അനുസരിച്ച ജോസഫ്.

ദൈവപുത്രന്റെയും പരിശുദ്ധ അമ്മയുടെയും സാന്നിധ്യം കൊണ്ട് ഭാഗ്യമരണം പ്രാപിച്ചെങ്കിലും ഗാഗുൽത്തായിലെ കുരിശിൻചുവട്ടിൽ സഹരക്ഷകരിൽ ഒന്നാമനായി ജോസഫിന്റെ അദൃശ്യസാന്നിധ്യം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാം.

തിരുവെഴുത്തുകളിൽ ജോസഫ് നിശബ്ദനാണ്. ആ നിശബ്ദത നമ്മോട് ഏറെ സംസാരിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങളും മറുപടി അർഹിക്കുന്നില്ല. ആരോപണങ്ങളിൽ കോപിക്കേണ്ടതുമില്ല. ശബ്ദത്തിനു ചെയ്യാനാവാത്തത് നിശബ്ദതക്ക് ചെയ്യാനാവും. നമ്മുടെ നിഷ്കളങ്കത തെളിയിക്കാൻ കാര്യം പറയാം, അതിഭാഷണം വേണ്ട. നിശബ്ദതയ്ക്ക് ചിലപ്പോൾ ശബ്ദത്തേക്കാൾ ശബ്ദമുണ്ട്. വാഗ്വാദത്തിനിടയിൽ നിന്റെ വിശുദ്ധിയുടെ നൗക തകർന്നു പോകരുത്.

“കർത്താവേ, എന്റെ നാവിന് കടിഞ്ഞാണിടേണമേ, എന്റെ അധര കവാടങ്ങൾക്ക് കാവലേർപ്പടുത്തണമേ” (സങ്കീ. 141:3).

മിശിഹായുടെ അത്ഭുതങ്ങളൊന്നും കാണാതെ തന്നെ അവൻ ദൈവപുത്രനാണെന്നു വിശ്വസിച്ച ജോസഫിന്റെ വിശ്വാസത്തേക്കാൾ വലുത് ആരുടെ വിശ്വാസമാണ്?

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.