രക്ഷകജനനത്തിന്റെ നാള്‍വഴികളിലൂടെ: പത്തൊന്‍പതാം ദിവസം

ജിന്‍സി സന്തോഷ്‌

യേശുവിനെ കൊല്ലാൻ ഹേറോദേസ് പദ്ധതിയിട്ടിരിക്കുന്നു എന്ന് സ്വർഗത്തിന്റെ മുന്നറിയിപ്പ് സ്വപ്നത്തിൽ ദൂതൻ വഴി ലഭിച്ച ജോസഫ്, “അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി ആ രാത്രി തന്നെ ഈജിപ്തിലേക്കു പോയി” (മത്തായി 2:14).

രക്ഷാകര ചരിത്രത്തിൽ ഈജിപ്ത് എന്നും അടിമത്വത്തിന്റെയും പീഡകളുടെയും ഈറ്റില്ലമായിരുന്നു ദൈവജനത്തിന്. എന്നിട്ടും പിന്നെ എന്തിനാണ് ജീവൻ രക്ഷിക്കാൻ ഈജിപ്തിലേക്ക് പലായനം ചെയ്യാൻ സ്വർഗം ആവശ്യപ്പെട്ടത്? ഇതൊരു ധ്യാനവിഷയമാണ് വിശ്വാസിക്ക്.

ഈജിപ്ത് – അവിടെയാണ് ഇസ്രായേലിന്റെ മുറിവുകൾ ഉള്ളത്. അവിടെയാണ് നമ്മുടെ പൂർവ്വികർ അടിമത്വത്തിലുടെ കടന്നുപോയത്. ഈജിപ്തിന്റെ മണ്ണിൽ വച്ചാണ് ഇസ്രായേൽ മക്കൾ സഹനത്തിന്റെ കനൽവഴികളിലൂടെ നടന്നത്. തന്റെ കുഞ്ഞിളം പാദങ്ങൾ ഈജിപ്തിന്റെ മണ്ണിൽ സ്പർശിച്ചപ്പോൾ ഇസ്രായേലിന്റെ ‘ഈജിപ്ത്’ ഓർമ്മകളെ, അവിടെ നിന്നുണ്ടായ ആന്തരിക മുറിവുകളെ സുഖപ്പെടുത്തുകയായിരുന്നു ഉണ്ണിയേശു.

ഇസ്രായേലിന് ഈജിപ്ത് എന്ന പോലെ നിന്റെ ജീവിതത്തിലുമുണ്ട് ചില ആന്തരിക മുറിവുകൾ. നീ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത, തനിച്ചാകുന്ന നിമിഷങ്ങളിൽ വേട്ടയാടപ്പെടുന്ന ചില അടഞ്ഞ അദ്ധ്യായങ്ങൾ. നിനക്കിനിയും രമ്യപ്പെടാൻ കഴിയാത്ത നിന്റെ പൂർവ്വകാല സഹനവഴികൾ, മുറിപ്പെടുത്തിയ വ്യക്തിബന്ധങ്ങൾ.

ജീവിത മരഭൂയാത്രയിലെ ‘ഈജിപ്ത്’ ഓർമ്മകളെ തുടച്ചുനീക്കാൻ രക്ഷകജനനത്തിന്റെ ഓർമ്മത്തിരുനാൾ അനുഗ്രഹമാക്കുക. പിറവി മുതൽ ഇന്നോളം നിന്നിലേറ്റിരിക്കുന്ന ആന്തരികമുറിവുകളെ സൗഖ്യതീരത്തെത്തിക്കാൻ നിന്റെ രക്ഷകന്റെ പിറവിയോടടുത്ത പലായനത്തിന്റെ രക്ഷാകര ഓർമ്മകൾ പ്രാർത്ഥനകളായി ഉയർത്തുക. കാരണം അവൻ ആദിയും ആന്തവുമാണ്. “ഞാൻ ആൽഫയും ഒമേഗയുമാണ്. ഒന്നാമത്തവനും ഒടുവിലത്തവനും. ആദിയും അന്തവും” (വെളി. 22:13).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.